ഇംഫാൽ: മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വാർത്തയും അതിന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണ് ലോകം കണ്ടത്. ഇതിനെതിരെ രാജ്യമാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെ അതേ ദിവസം മറ്റ് രണ്ട് യുവതികളെ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്ന വാർത്തയും പുറത്ത് വരികയാണ്. കാർവാഷിൽ ജോലി ചെയ്തിരുന്ന യുവതികളെ ജോലി സ്ഥലത്തു നിന്നും പിടിച്ചിറക്കി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ഇംഫാലിൽ ആണ് സംഭവം.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മെയ്‌ നാലിനു തന്നെയാണ് ഈ ക്രൂരതയും അരങ്ങേറിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ക്രൂര പീഡനത്തിനിരയായ ഇവർ പിറ്റന്ന് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാങ്പോക്പി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട 21, 24 വയസ്സുള്ള രണ്ടു യുവതികളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവർ ജോലി ചെയ്തിരുന്ന കാർ വാഷ് സെന്ററിൽനിന്നു വലിച്ചിറക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം.

ക്രൂരമായ അതിക്രമത്തിന് ഇരയായ ഈ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പിറ്റേദിവസം ആശുപത്രിയിൽചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മെയ്‌ 16ന് ഇരുപത്തിയൊന്നുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈകുൾ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഏകദേശം ഒരു മാസത്തിനുശേഷം ജൂൺ 13നാണ് സംഭവം നടന്ന ഇംഫാൽ ഈസ്റ്റിലെ പോരമ്പത്ത് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്.

ഒരേ ഗ്രാമത്തിൽനിന്നുള്ള രണ്ടു യുവതികളും ഒരേ സ്ഥലത്ത് ജോലി ചെയ്യുകയും നഗരത്തിൽ ഒരുമിച്ച് വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും 21 വയസ്സുകാരിയുടെ ബന്ധുക്കൾ പറഞ്ഞു.