- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറുകണക്കിന് ടൂറിസ്റ്റുകളെ ഒഴിപ്പിച്ച് ഗ്രീസ് ഐലൻഡിലെ റിസോർട്ടുകൾ; കടുത്ത ചൂടിൽ കാട്ടുതീ പടർന്ന് തെക്കൻ യൂറോപ്പിലെ റിസോർട്ട് ഐലൻഡുകൾ വെന്തുരുകുന്നു
ഗ്രീസിലെ അതിപ്രാധാന വിനോദസഞ്ചാര കേന്ദ്രമായ റോഡ്സ് ദ്വീപിൽ കാട്ടു തീ പടർന്നതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസവും കാട്ടുതീ ആളിപ്പടരുമ്പോൾ ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള പല വിനോദ സഞ്ചാരികളും താമസിക്കാൻ പകരം ഒരു സൗകര്യം ലഭിക്കാതെ അലയുകയാണ്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യുകയാണ്.
40 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ് ഉയർന്ന കൊടും ചൂടിൽ ഗ്രീസ് മാത്രമല്ല, യൂറോപ്പിന്റെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്റ്. റോഡ്സ് ദ്വീപിൽ വിവിധ ഹോട്ടലുകളിൽ നിന്നും ഒഴിപ്പിക്കപ്പെട്ടവർ, സ്യുട്ട്കേസുകളും മറ്റുമായി നിരത്തിലൂടെ അലയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഏകദേശം 10,000 ഓളം വിനോദ സഞ്ചാരികളെ വിവിധ ഹോട്ടലുകളിൽ നിന്നായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യം ദ്വീപിലെ പർവ്വത പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിനിന്ന അഗ്നിബാധ ഇന്നലെയോടെയാണ് ജനാവാസ കേന്ദ്രങ്ങളിലേക്ക് കൂടി പടർന്നത്. താപനില ഉയർന്നതും ശക്തമായ കാറ്റും തീ പടരുന്നതിന് സഹായകമായി. ബീച്ചുകളിലും മറ്റുമായി കുടുങ്ങിയ 2000 ഓളം പേരെ ബോട്ടുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം പ്രായപൂർത്തിയായ ആറുപേർക്കും രണ്ട് കുട്ടികൾക്കും ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒഴിവുകാലം ആഘോഷമാക്കാൻ എത്തിയവർ ഇപ്പോൾ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളെ ഹോട്ടലുകളിൽ നിന്നും ഒഴിപ്പിച്ചതോടെ, മറ്റ് ഹോട്ടലുകളിൽ ഇടം കിട്ടാതെ അലയുകയാണ് പലരും. തിരിച്ച് നാട്ടിലേക്ക് മടങ്ങാനാണെങ്കിൽ വിമാന കമ്പനികൾ ഒന്നും തന്നെ അടിയന്തര ഘട്ട സർവ്വീസുകൾ നടത്തുന്നില്ലെന്ന് പരാതിയും ഉയരുന്നു. ഹോട്ടലുകളിൽ മുറികൾ കിട്ടാതെ പലരും ലോബിയിലും മറ്റുമായാണ് രാത്രികാലം ചെലവഴിക്കുന്നത്.
ഗ്രീസിന്റെ മറ്റു പല ഭാഗങ്ങളിലും കാട്ടു തീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതീവ അപകടകരമായത് റോഡ്സ് ദ്വീപിലേതാണെന്ന് പറയുന്നു. ഏഥൻസിൽ നിന്നും വടക്ക് പടിഞ്ഞാറ് മാറിയുള്ള സ്പാർട്ടയിലെ കാട്ടു തീ ഏതാണ്ട് നിയന്ത്രണ വിധേയമായി കഴിഞ്ഞു. എന്നാൽ, ഇന്ന് അവിടെ താപനില 45 ഡിഗ്രി വരെയായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതുപോലെ അന്തരീക്ഷത്തിലെ ഈർപ്പം 15 ശതമാനത്തിൽ താഴെയുമെത്തും. ഇത് വീണ്ടും ഒരു അഗ്നിബാധക്ക് സാധ്യത വർദ്ധിപ്പിക്കുന്നു എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും ഈവിയ, റോഡ്സ് ദ്വീപുകളിലുമാണ് വലിയ തോതിലുള്ള കാട്ടുതീ ഉണ്ടായിരിക്കുന്നത്. താപനില ഉയരുന്നതോടെ കൂടുതൽ ഇടങ്ങളിൽ അഗ്നിബാധ ഉണ്ടായേക്കാം എന്നാണ് കരുതുന്നത്. അപകട സാധ്യത ഏറെയുള്ള കാറ്റഗറി 4 ൽ ആണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച രാജ്യവ്യാപകമായി തന്നെ ഉഷ്ണ തരംഗം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത് വെള്ളിയാഴ്ച്ച വരെ നീണ്ടു നിന്നേക്കാം എന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ