- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ വരാന്തയിൽ നെറ്റ്‌സ് ഒരുക്കി നൽകിയ ക്രിക്കറ്റ് പ്രേമിയായ അച്ഛൻ; ഗോഡ് ഫാദർ ഇല്ലാതെ ആഭ്യന്തര ക്രിക്കറ്റിൽ നേട്ടങ്ങൾ കൊയ്ത് മകൻ; ദേവ്ധർ ട്രോഫിയിലെ മിന്നും പ്രകടനം തുണയായി; രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്; ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന ക്യാമ്പിലെത്തി മലയാളി താരം
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ദേവ്ധർ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ രോഹൻ കുന്നുമ്മൽ ഡൽഹി ക്യാപിറ്റൽസിന്റെ സിലക്ഷൻ ക്യാംപിലെത്തി. സിലക്ഷൻ ക്യാംപിലെയും ട്രയൽസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ ടീമുകൾ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം പ്രിഥ്വി ഷായുമായിരുന്നു കഴിഞ്ഞ സീസണിൽ ഡൽഹിയുടെ ഓപ്പണർ, പ്രിഥ്വി പരാജയമായതോടെ ഓപ്പണർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും മികച്ച ഓപ്പണിങ് സഖ്യം ടീമിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ സീസണിൽ പരീക്ഷണത്തിന് ടീം അധികൃതർ മുതിർന്നേക്കും.
ഇതോടെ രോഹന്റെ ഐപിഎൽ അരങ്ങേറ്റത്തിനുള്ള വഴി തെളിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. മുൻനിര ബാറ്റർമാരെ തേടുന്ന ഡൽഹി ക്യാപിറ്റൽസിന് രോഹൻ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ദേവ്ധർ ട്രോഫിയിൽ ദക്ഷിണ മേഖല ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രോഹൻ ടൂർണമെന്റിൽ 62.20 ശരാശരിയിൽ 311 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തിയിരുന്നു. ഫൈനലിൽ രോഹന്റെ സെഞ്ചറിയുടെ ബലത്തിലാണ് ദക്ഷിണ മേഖല ചാംപ്യന്മാരായത്.
കഴിഞ്ഞ ആഴ്ച അവസാനിച്ച ആഭ്യന്തര ഏകദിന ടൂർണമെന്റായ ദേവ്ധർ ട്രോഫിയിൽ ദക്ഷിണമേഖലക്കായി മികച്ച പ്രകടനം നടത്തിയ രോഹന് മുന്നിൽ റിയാൻ പരാഗ്(354), മായങ്ക് അഗർവാൾ(341) എന്നിവർ മാത്രമാണ് റൺസടിച്ച മറ്റ് രണ്ട് താരങ്ങൾ. ഈസ്റ്റ് സോണിനെതിരായ ഫൈനലിൽ ഓപ്പണറായി ഇറങ്ങി 75 പന്തിൽ 107 റൺസടിച്ച രോഹന്റെ മികവിലാണ് സൗത്ത് സോൺ കിരീടം നേടിയത്.
ടൂർണമെന്റിൽ 123.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ റൺസടിക്കാനും രോഹനായി. 136.67 പ്രഹരശേഷിയിൽ റൺസടിച്ച പരാഗ് മാത്രമാണ് സ്‌ട്രൈക്ക് റേറ്റിൽ രോഹനെക്കാൾ മുന്നിലുള്ള ഏക ബാറ്റർ. ഇതിന് പിന്നാലെയാണ് 25കാരനായ രോഹനെ ഡൽഹി ക്യാപിറ്റൽസ് ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.
ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന ക്യാപിംൽ വളരെ മികച്ച അനുഭവമായിരുന്നുവെന്നും സൗരവ് ഗാംഗുലി, പ്രവീൺ ആംറേ തുടങ്ങിയ മഹാരഥന്മാരുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചുവെന്നും രോഹൻ പറഞ്ഞു.
ബാറ്റിംഗിലെ ചില പോരായ്മകൾ അവർ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്‌തെന്നും ഇത് തനിക്ക് വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും രോഹൻ പറഞ്ഞു. ദേവ്ഥർ ട്രോഫി ഫൈനലിൽ ഇന്ത്യൻ താരം മായങ്ക് ആഗർവാളിനൊപ്പം ബാറ്റ് ചെയ്യാനായതും വലിയ അനുഭവമായിരുന്നുവെന്നും മായങ്കിന്റെ ഉപദേശങ്ങൾ ബാറ്റിംഗിൽ ഒരുപാട് സഹായകരമായെന്നും രോഹൻ പറഞ്ഞു. കഴിഞ്ഞ വർഷം ബംഗ്ലാദശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടം നേടിയ രോഹന് ഇന്ത്യൻ താരം ചേതേശ്വർ പൂജാരക്കൊപ്പവും കളിക്കാൻ അവസരം ലഭിച്ചിരുന്നു.
2017ൽ കേരളത്തിനായി അരങ്ങേറിയെങ്കിലും വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയ സമയമായതിനാൽ പ്ലേയിങ് ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാൻ രോഹന് കാത്തിരിക്കേണ്ടിവന്നിരുന്നു. അണ്ടർ -23 മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് രോഹനെ കേരളത്തിന്റെ ബാറ്റിങ് പ്രതീക്ഷയാക്കിയത്.
ക്രിക്കറ്റ് പ്രേമിയായ അച്ചനാണ് രോഹൻ എസ് കുന്നുമ്മൽ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സിൽ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിൻ തെണ്ടുൽക്കറും. നിവിൻ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും. കേരളാ ക്രിക്കറ്റ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ താരം.
കേരളാ ക്രിക്കറ്റിലെ രണ്ടാം രോഹനാണ് കുന്നുമ്മൽ. അണ്ടർ 19 ഇന്ത്യ കളിച്ച രോഹൻ പ്രേമിന്റെ രണ്ടാം തലമുറക്കാരൻ. തിരുവനന്തപുരത്തുകാരനായ രോഹൻ പ്രേമിനേയും വളർത്തിയത് അച്ഛന്റെ സ്ഥിരോത്സാഹമാണ്. അതു പോലെയാണ് കോഴിക്കോട്ടെ രോഹന്റെ ക്രിക്കറ്റ് കഥയും. സുശീൽ കുന്നുമ്മലാണ് കോഴിക്കോട്ടെ രോഹന്റെ അച്ഛൻ. മണ്ണുത്തിയിലെ കേരളാ കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച സുശീൽ. മുമ്പോട്ട് പോകാൻ ക്രിക്കറ്റിൽ സുശീലിന് കഴിഞ്ഞില്ല. ഈ ആഗ്രഹം മകനിലൂടെ അച്ഛൻ സാധിച്ചു. അച്ഛന്റെ സ്വപ്നത്തോട് നീതി പുലർത്തി മകനും.
ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ചൻ ബാറ്റ് കൈയിൽ നൽകിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദർ ഇല്ലാതെ തന്നെ രോഹൻ മുന്നോട്ട് നീങ്ങി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹൻ. അത് രഞ്ജിയിലും തുടരുന്നു. 2016ൽ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്‌കാരം രോഹന് കിട്ടി. 1983 എന്ന സിനിമയിൽ രമേശൻ നേടിയ കൈയടി സുശിൽ കുന്നമ്മലും ഇന്ന് യഥാർത്ഥ ജീവിതത്തിൽ നേടുകയാണ്. എബ്രിഡ് ഷൈൻ സിനിമയിലൂടെ പറഞ്ഞതിന് അപ്പുറത്തേക്കാണ് ക്രിക്കറ്റിൽ സുശീലും മകനും നേടുന്നത്.
അസാധാരണ ക്രിക്കറ്റ് പരിശീലന കഥയാണ് സുശിലിനും മകനും പറയാനുള്ളത്. 1983 എന്ന സിനിമയിൽ ക്രിക്കറ്റ് പന്തെറിയാനുള്ള മിഷിനാണ് രമേശ് മകന് വേണ്ടി ഉണ്ടാക്കിയത്. കൊയിലാണ്ടിയിലെ അച്ഛന് മകന് വേണ്ടി വീട്ടിനുള്ളിൽ നെറ്റ്‌സ് ഉണ്ടാക്കി. കൊയിലാണ്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലത്തായിരുന്നു തുടക്കത്തിൽ രോഹൻ പരിശീലനത്തിന് പോയിരുന്നത്. ഇത്രയും ദൂരത്തായതു കൊണ്ടു തന്നെ ആഴ്ചയിൽ വല്ലപ്പോഴുമായിരുന്നു പരിശീലനം. ഇത് മകന്റെ ക്രിക്കറ്റ് ഭാവിക്ക് തിരിച്ചടിയാകുമെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അങ്ങനെ വീടിന്റെ വരാന്തയെ തന്നെ പരിശീലന കളരിയാക്കി മാറ്റി.
വീട്ടിലെ വരാന്തയിൽ നെറ്റ്‌സ് ഇട്ടുള്ള പരിശീലനം. തുടക്കത്തിൽ ക്രിക്കറ്റ് പന്തു തന്നെ ഉപയോഗിച്ചു. പക്ഷേ മകന് പരിക്കേൽക്കുമെന്ന ആശങ്കയിൽ ബോൾ മാറ്റി പരീക്ഷിച്ചു. ടെന്നിസ് ബോൾ വാങ്ങി അതിന് ചുറ്റും ടേപ്പ് ചുറ്റി പന്തിന്റെ ബൗൺസ് സാധ്യത മാറ്റി. അതിന് ശേഷം എന്നും എപ്പോഴും പരിശീലനം. ഇതാണ് രോഹനെ മാറ്റി മറിച്ചത്. എത്ര വേഗതയിൽ ചീറിപാഞ്ഞു വരുന്ന പന്തുകളേയും സധൈര്യം രോഹൻ നേരിട്ടു. ക്രിക്കറ്റ് അക്കാഡമിയിലേക്ക് വരുമ്പോൾ ഈ പരിശീലനം രോഹന് ഗുണമായി. അച്ഛന്റെ പ്രയത്‌നങ്ങൾ ഫലം കാണുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനുള്ള പ്രതീക്ഷയാവുകയാണ്.
അച്ഛൻ പന്തെറിഞ്ഞിട്ട് കൊടുക്കും. മകനതെല്ലാം ബാറ്റെടുത്തടിക്കാൻ ശ്രമിക്കും. പതിയെ പതിയെ ബാറ്റിൽ പന്തുകൊള്ളാൻ തുടങ്ങി. അച്ഛന്റെ ഏറെല്ലാം ആ മകൻ അസ്സലായി ഡിഫൻഡ് ചെയ്യാനും സ്ട്രോക്ക് പ്ലേ ചെയ്യാനും ആരംഭിച്ചു. അവിടെ തുടങ്ങുന്നു കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ എന്ന യുവ ക്രിക്കറ്റ് പ്രതിഭയുടെ കരിയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19 ഇന്ത്യൻ സ്‌ക്വാഡിൽ കളിച്ച രോഹൻ ഇന്ന് ദുലൂപ് ട്രോഫിയിലും താരമായി. തനിക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം മകനിലൂടെ മുന്നോട്ട് കൊണ്ടു പോവുകയാണ് സുശീൽ. അമ്മ കൃഷ്ണയും സഹോദരി ജിതയും രോഹന്റെ ക്രിക്കറ്റ് കരിയറിന് പ്രോത്സാഹനം നൽകി ഒപ്പമുണ്ട്.
എട്ടാം വയസിൽ താമരശ്ശേരിയിൽ സമ്മർ കോച്ചിങ് ക്യാമ്പിന് പോയത് നിർണായകമായി. ആറേഴ് വർഷം സസെക്സ് അക്കാദമിയിൽ പരിശീലനം. കൊയിലാണ്ടി ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ പഠനത്തിന് ശേഷം മലബാർ ക്രിസ്റ്റ്യൻ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അവിടെയും ക്രിക്കറ്റിന് തന്നെ ഒന്നാം സ്ഥാനം. 2017 ൽ അണ്ടർ 19 സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ 250ന് മുകളിൽ സ്‌കോർ ചെയ്ത് രോഹൻ സീസണിലെ ടോപ് സ്‌കോററായി. ഇതിൽ സെഞ്ച്വറി പ്രകടനം ഉൾപ്പെടുന്നു. ഇന്ത്യൻ ക്യാപ്പണിഞ്ഞ ശുഭ്മാൻ ഗിൽ ആയിരുന്നു രണ്ടാമത്തെ ടോപ് സ്‌കോറർ. 2018 ൽ അണ്ടർ 23 വിഭാഗത്തിലും രോഹൻ ആയിരുന്നു ടോപ് സ്‌കോറർ.
2017 ൽ കൂച്ച് ബിഹാർ ട്രോഫി ചതുർദിന മത്സരത്തിൽ ഡൽഹിക്കെതിരെ രോഹൻ ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 253 റൺസ്. തോൽവി മുഖാമുഖം കണ്ട കേരളം രോഹന്റെ മികവിൽ സമനില പിടിച്ചു. വിനു മങ്കാദ് ട്രോഫിയിൽ ഗോവക്കെതിരെ നേടിയ 167 റൺസും രോഹന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. അന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഡേവ് വാട്മോറാണ്. ലോകക്രിക്കറ്റിലെ പരിചയ സമ്പന്നനായ വാട്മോറിന് കീഴിൽ പരിശീലനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് രോഹൻ കാണുന്നത്.
രാഹുൽ ദ്രാവിഡിന്റെ മറ്റൊരു രൂപമായിരുന്നു പരിശീലകനായപ്പോൾ രോഹനുൾപ്പടെയുള്ള യുവതാരങ്ങൾ അനുഭവിച്ചറിഞ്ഞത്. ഓരോ യുവതാരത്തിന്റെയും ദൗർബല്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയുന്ന ദ്രാവിഡ് അത് ശരിയാക്കാൻ വേണ്ടതെല്ലാം ചെയ്യും. കളിക്കാരുടെ വീഡിയോ വിശകലനം ചെയ്ത് രാഹുൽ ദ്രാവിഡ് നൽകുന്ന ടിപ്സിൽ എല്ലാം അടങ്ങിയിട്ടുണ്ടാകും. അതൊരു ദിവ്യൗഷധക്കൂട്ടായിരിക്കും. രോഹന് ദ്രാവിഡ് നൽകിയ ഔഷധക്കൂട്ട് ബാക്ഫൂട്ട് പോരായ്മക്കുള്ളതായിരുന്നു. ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ ബാക്ഫൂട്ട് മെച്ചപ്പെടണം എന്ന് മാത്രമാണ് ദ്രാവിഡ് ക്യാമ്പ് വിടുമ്പോൾ രോഹന് നൽകിയ നിർദ്ദേശം. അത് ശിരസാവഹിച്ച രോഹൻ ഇപ്പോൾ ബാക്ഫൂട്ടിൽ സച്ചിനെ അനുസ്മരിപ്പിച്ച് കളിക്കുകയാണ്.
സ്പോർട്സ് ഡെസ്ക്