റിയാദ്: ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിൽ അതിവേഗം പുരോഗതിയുടെ പാതിയിലേക്ക് കുതിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളിയാണ്, സൗദിയെ പലപ്പോഴും, ആധുനികവത്ക്കരണത്തിന്റെ പാതയിലേക്ക് കൊണ്ടുപോവുന്നത്. മുമ്പൊക്കെ സൗദിയിൽ ഏറ്റവും വലിയ മതപരമായ പ്രശ്നങ്ങളിൽ ഒന്നായിരുന്നു, ക്രിസ്ത്യാനികളുടെ കുരിശ്. അത് എവിടെ കണ്ടാലും, പിടിച്ചെടുക്കുകയും കുരിശുമായി ബന്ധപ്പെട്ട എന്ത് സാധനങ്ങളും ഒഴിവാക്കുകയും ആ രാജ്യത്തിന്റെ പൊതുരീതിയായിരുന്നു. പക്ഷേ ഇപ്പോൾ കുരിശുമാലയണിഞ്ഞ് വരുന്ന ഫുട്ബോൾ താരങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന അറബികളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ഇന്ന് യൂറോപ്യൻ ക്ലബുകളെ നിഷ്പ്രഭരാക്കിക്കൊണ്ട് സൗദി ഫുട്ബോൾ ക്ലബുകൾ വളർന്നു. മുമ്പൊക്കെ ലോകത്തിലെ ഏറ്റവും മികച്ച സോക്കർ ക്ലബുകൾ ഏതെന്ന് ചോദിച്ചാൽ, ബാഴ്സലോണ, റയൽമാഡ്രിഡ്, പിഎസ്ജി തുടങ്ങിയ യൂറോപ്യൻ ക്ലബുകൾ ആയിരുന്നു, ഒരു വർഷം മുമ്പുവരെ ഗൂഗിൾ സേർച്ചിൽപോലും വരിക. അൽ നസർ, അൽ ഹിലാൽ, അൽ എത്തിഹാദ് അൽ അഹ്ലി എന്നീ ക്ലബുകളെക്കുറിച്ച് ഖത്തർ ലോകകപ്പിന് മുമ്പ് എത്രപേർ കേട്ടിരിക്കും. എന്നാൽ ഈ സൗദി ക്ലബുകളാണ് ഇന്ന് ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്നത്. യൂറോപ്യൻ ലീഗില്ലല്ല, സൗദി ലീഗിലാണ് ക്രിസ്റ്റിയനോ റോണാൾഡോ തൊട്ട് നെയ്മർവരെയുള്ള ഒരുപടി സൂപ്പർ താരങ്ങൾ ഇപ്പോൾ കളിക്കുന്നത്. ഇത് അനുസരിച്ചുള്ള സാമൂഹിക മാറ്റവും സൗദിയിൽ നടക്കുന്നുണ്ട്.

കുരിശണിഞ്ഞ നെയ്മർ

ഇപ്പോൾ കുരിശുമാലയും കഴുത്തിലളിഞ്ഞ് അറബികൾക്ക് ഒപ്പം നൽക്കുന്ന നെയ്മറിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആവുന്നത്. മുമ്പൊക്കെ ആണെങ്കിൽ ഇതുപോലെ ഒരു കാഴ്ച കാണാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പറയുന്നത്. ഹമീദ് കെ പി എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇങ്ങനെ എഴുതുന്നു. ''ഞാൻ സൗദിയിൽ ഉണ്ടായിരുന്ന കാലത്ത് പല സൗദികളും ഷെവർലെയുടെ വാഹനം ഉപയോഗിക്കാൻ മടിക്കുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്.അതിന് കാരണം അതിന്റെ എംബ്ലം കുരിശിന്റെ ആകൃതിയിലാണ് എന്നതായിരുന്നു. ആ മണ്ണിലേക്കാണ് കുരിശുമാലയും അണിഞ്ഞ് നെയ്മർ ഇറങ്ങിവരുന്നത്.''- ഹമീദ് ചൂണ്ടിക്കാട്ടുന്നു.

ഈ പോസ്റ്റിന്റെ ചർച്ചയിൽ സമാനമായ അനുഭവങ്ങൾ മറ്റുപലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ''തോമസ് എന്ന ബ്രാൻഡിലുള്ള ഒരു ബസ് ഉണ്ടായിരുന്നു അവിടെ, പഴയ ടാറ്റാ ലോറിയുടെ മുൻവശം പോലെ ഇരിക്കും. സ്‌കൂൾ ബസായിട്ടാണ് ഉപയോഗിക്കുന്നത്. ആ പേര് മിക്കവന്മാരും മറച്ച് വച്ചാണ് ഓടിച്ചിരുന്നത്'' എന്ന് ഒരാൾ ചൂണ്ടിക്കാട്ടുന്നു. അതുപോലെ കുരിശിന്റെ ആകൃതിയോട് സാമ്യം തോന്നിയതിന്റെ പേരിലും പണി കിട്ടിയർ നിരവധിയാണ്. ഇപ്പോൾ നെയ്മറും, റൊണാൾഡോയുമൊക്കെ വന്നതോടെ, ഈ രീതിയിലുള്ള കുരിശുവെറിയിൽനിന്നുള്ള മാനസിക മോചനവും സൗദികൾക്ക് കിട്ടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആകാശത്തേക്ക് കുരിശുവരച്ചാണ് ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ വിക്ടി ചിഹ്നം കാണിക്കാറുള്ളത്.

അതിവേഗം മാറുന്ന സൗദി

സൗദി ഇപ്പോൾ പഴയ സൗദിയല്ല എന്ന് ആരും സമ്മതിക്കും. ഇസ്രയേലുമായുള്ള പിണക്കം പോലും മാറ്റി വെച്ച് അവരുമായി നല്ല സൗഹൃദത്തിലാണ് ആ രാജ്യം. യുഎഇയെ പോലെ മാനവികതയുടേയും പുരോഗനാത്മകതയുടേയും പാതയിലാണ് സൗദിയിപ്പോൾ. അതിന് ചുക്കാൻ പടിക്കുന്ന എംബിഎസ് എന്ന കിരീടാവകാശ തന്നെതാണ്. ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചു. ഇത് വെറുമാരു ആകാശ ദൗത്യമല്ല, മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളർച്ചയായാണ് ദി ഗാർഡിയൻ പത്രം എഴുതിയത്.

സൗദിയിൽ മൊത്തത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സ്ത്രീകൾക്ക് കാറോടിക്കാൻ കഴിയുന്നു. നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആധുനിക ഒട്ടകമായ കാർ ഓടിക്കാം എന്നതായിരുന്നു എംബിഎസിന്റെ വാദം. അതിന്റെ അടിസ്ഥാനത്തതിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകൾ വരുന്നുണ്ട്. സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. ഭരണകുടുംബം മാത്രം കയ്യടക്കിവെച്ചിരുന്ന അരാംകോ ഓഹരി വിൽപ്പനയിലൂടെ മറ്റുള്ളവർക്ക് കൂടി പങ്ക് കിട്ടാവുന്ന രീതിയിലേക്കു മാറുന്നു (ഗൾഫിൽ ഒരു ഭരണകൂടവും തങ്ങളുടെ എണ്ണക്കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് ഇതിനു മുമ്പ് തയ്യാറായിട്ടില്ല). പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. പർദക്കുള്ളിൽനിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആർക്കും തടഞ്ഞുവെക്കാൻ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.

ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തി. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ കോവിഡ് കാലത്ത് നടന്നിരുന്നു .ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കിയിരുന്നു. ഇനി ഫുട്ബോളിലുടെയും അതിവേഗം മാറ്റമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.