ബാകു: ചെസ് ലോകകപ്പ് കിരീടം ചൂടി ചെസ് കൊടുമുടിയേറി ലോക ഒന്നാം നമ്പർ താരവും മുൻ ലോകചാമ്പ്യനുമായ നോർവെയുടെ മാഗ്‌നസ് കാൾസൻ. വ്യാഴാഴ്ച അസർബെയ്ജാനിലെ ബാകുവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ വമ്പൻതാരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്‌നാനന്ദയെ ടൈ ബ്രേക്കറിൽ മറികടന്നാണ് കാൾസന്റെ കന്നി ലോകകപ്പ് കിരീടനേട്ടം.

ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാൾസണെ സമനിലയിൽ നിർത്തി വിറപ്പിച്ച പ്രഗ്‌നാനന്ദ ടൈ ബ്രേക്കറിൽ പരാജയം സമ്മതിക്കുകയായിരുന്നു. 32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാൾസണോട് 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യൻ കായികരംഗത്തിന് സുവർണ പ്രതീക്ഷകൾ നൽകുന്നതായി. ചെസ് ലോകകപ്പിൽ തലമുറകളുടെ ഫൈനൽ പോരാട്ടത്തിൽ നോർവേയുടെ മാഗ്‌നസ് കാൾസണോട് ആർ പ്രഗ്‌നാനന്ദ പൊരുതിയാണ് കീഴടങ്ങിയത്.

ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്‌നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവിൽ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാൾസൻ, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്.

ചെസ് ലോകകപ്പ് ചരിത്രത്തിൽ മാഗ്‌നസ് കാൾസണും ആർ പ്രഗ്‌നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോർവീജിയൻ ഇതിഹാസം മാഗ്‌നസ് കാൾസണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയിൽ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദയ്ക്ക് അഭിമാനമാണ്.

ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിലായതോടെയാണു മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടത്. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്.

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു അസർബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാൾസന്റെ ഫൈനൽ പ്രവേശം.

വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്‌നാനന്ദ.

ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്‌നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. സെമിയിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറിൽ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിലായതോടയാണ് ജേതാവിനെ നിർണയിക്കാൻ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. 35 നീക്കങ്ങൾക്ക് ശേഷമാണ് ആദ്യ ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞത്. രണ്ടാം ഗെയിം 30 നീക്കങ്ങൾക്ക് ശേഷവും സമനിലയിലായി.

ആദ്യ ഗെയിം


വെള്ളക്കരുക്കളുമായി പ്രഗ്‌നാനന്ദയുടേതായിരുന്നു ആദ്യ നീക്കം. നാലുകുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർ നൈറ്റ്‌സ് ഇംഗ്ലിഷ് പ്രാരംഭം. തുടക്കം തന്നെ സമ്മർദത്തിലാഴ്‌ത്തിയതോടെ ആദ്യനീക്കങ്ങളിൽ മാഗ്‌നസ് ചിന്തയിലാണ്ടു. സംശയിച്ചു സംശയിച്ചുള്ള ലോക ഒന്നാം നമ്പർ താരത്തിന്റെ മറുനീക്കങ്ങൾക്ക് രാജ്ഞിയുടെ വശം തുറന്നുള്ള ക്വീന്റൂക്ക് സംയുക്ത മുന്നേറ്റത്തിലൂടെ പ്രഗ്ഗയുടെ മറുപടി. സമയത്തിന്റെ ആനുകൂല്യവും പ്രഗ്‌നാനന്ദയ്ക്ക് അനുകൂലമായിരുന്നു.ബി 7 കളത്തിലെ കാലാളെയും പിന്നീട് മാഗ്‌നസിന്റെ രാജ്ഞിയുടെ വശത്ത് രൂപപ്പെട്ടേക്കാവുന്ന ദുർബലതകളെയും ലാക്കാക്കിയായിരുന്നു പ്രഗ്ഗയുടെ നീക്കങ്ങൾ മുഴുവൻ.

കൃത്യതയ്യാർന്ന മറുനീക്കങ്ങളുമായി കളി മധ്യഘട്ടത്തിലെത്തിച്ചു മാഗ്‌നസ്. 18ാം നീക്കത്തിൽ രാജ്ഞിയെ പരസ്പരം വെട്ടിമാറ്റിയതോടെ ചെറിയ ന്യൂനതകൾ മുതലെടുത്ത് മുന്നേറ്റം നടത്തുന്ന അന്ത്യഘട്ടത്തിലേക്ക് കളി പ്രവേശിച്ചു. എ നിരയിലെ ഒറ്റക്കാലാൾ (പാസ്ഡ് പോൺ) ആയിരുന്നു പ്രഗ്ഗയുടെ തുറുപ്പുചീട്ടെങ്കിൽ മധ്യകളങ്ങളിലെ കാലാൾച്ചങ്ങലയായിരുന്നു മാഗ്‌നസിന്റെ ബലം. മധ്യകളത്തിലെ കാലാളുകളെ മുന്നോട്ടുനീക്കി പ്രഗ്ഗയെ സമ്മർദത്തിലാക്കാനായിരുന്നു മാഗ്‌നസിന്റെ ശ്രമം. പ്രഗ്ഗ ആ മുന്നേറ്റങ്ങളെ തടഞ്ഞ് കരുക്കൾ വെട്ടിമാറ്റി.

രണ്ടാം ഗെയിം

രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ കാൾസനെ 30 നീക്കങ്ങളിൽ പ്രഗ്‌നാനന്ദ സമനിലയിൽ തളച്ചു. അതിശാന്തമായ ഫോർ നൈറ്റ്‌സ് പ്രാരംഭത്തിലായിരുന്നു കളിയുടെ തുടക്കം. പ്രക്ഷുബ്ധമായ കരുനിലയിലേക്ക് കളിയെ നയിക്കാൻ മാഗ്‌നസ് കാൾസൻ തുടക്കത്തിലേ മുതിർന്നില്ല. എട്ടാം നീക്കത്തിൽ പരസ്പരം വെട്ടിമാറ്റാവുന്ന നിലയിൽ ഇരുവരും രാജ്ഞിയെ വിന്യസിച്ചു. പത്താം നീക്കത്തോടെ പ്രഗ്ഗ അൽപം ചിന്തയിലാണ്ടെങ്കിലും രാജ്ഞിമാരെ വെട്ടിമാറ്റി അതിവേഗം കളി അന്ത്യഘട്ടത്തിലേക്ക് ഇരുവരും അടുപ്പിച്ചു.15ാം നീക്കത്തിൽ റൂക്കിനെ തുറന്ന നിരയിൽ വിന്യസിച്ച് കാലാളെ ബലികൊടുത്ത് പ്രഗ്ഗയെ ഒന്നു കുഴക്കാൻ മാഗ്‌നസ് ശ്രമിച്ചെങ്കിലും ആ കുഴിയിൽ പ്രഗ്ഗ വീണില്ല. വൈകാതെ, ഒരു ബിഷപ്പും കാലാളുകളുമൊഴിച്ചുള്ള കരുക്കളെ പരസ്പരം വെട്ടിമാറ്റി ടൈബ്രേക്കർ പോരാട്ടത്തിനായി ഊർജം മാറ്റിവച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.