- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് അനുവദിച്ച് റെയിൽവേ; ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് എത്തും; മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുകൾ പരിഗണനയിൽ; റേക്ക് അനുവദിച്ചിരിക്കുന്നത് പാലക്കാട് ഡിവിഷനിൽ
ചെന്നൈ: കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചതായാണ് റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് സതേൺ റെയിൽവേയ്ക്ക് കൈമാറുമെന്നാണ് വിവരം.
പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. ഇത് മംഗലാപുരത്തേക്കാണ് കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ഇതിൽ പ്രധാനമായും രണ്ട് റൂട്ടുകളാണ് പ്രഥമ പരിഗണനയിൽ. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവിൽ പരിഗണനയിൽ. ഇവയിൽ മംഗലാപുരം-തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക.
രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരം കാസർകോട് വന്ദേഭാരതിന്റെ എതിർദിശയിലായിരിക്കുമെന്നു റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നാണ് ഇതു തുടങ്ങാൻ കഴിയുക. കോട്ടയംവഴി 634 കിലോമീറ്ററാണ് മംഗളൂരു തിരുവനന്തപുരം ദൂരം. ഈ ദൂരം പിന്നിടാൻ 11 മുതൽ 15 മണിക്കൂർ വരെയാണ് ട്രെയിനുകൾ ഇപ്പോൾ എടുക്കുന്നത്.
എറണാകുളം മംഗലാപുരം റൂട്ടിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. ഏതാണ്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നാണ് അറിയുന്നത്. അതിന് ശേഷം ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും. അതേ സമയം ഔദ്യോഗികമായ അറിയിപ്പ് ഇക്കാര്യത്തിൽ ലഭ്യമാകേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈൻ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ളതാണ്. ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകിയിരുന്നു. അതിന് പിന്നാലെയാണ് സ്ഥിരീകരണമെന്ന നിലയിലുള്ള അറിയിപ്പുകൾ പുറത്തു വരുന്നത്.
ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു റെയിൽവേ പറയുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു. മംഗളൂരു തിരുവനന്തപുരം, എറണാകുളം ബെംഗളൂരു, തിരുനെൽവേലി ചെന്നൈ, കോയമ്പത്തൂർ തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.
പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിർത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണറെയിൽവേ പരിഗണിച്ചിരുന്നു. എന്നാൽ ഒരു റേക്ക് ഉപയോഗിച്ച് ഈ സർവീസ് പ്രായോഗികമാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു.
30 വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ മൂന്ന് പുതിയ റേക്കുകൾ കൂടെ റെയിൽവേ പുതിയതായി അനുവദിച്ചിട്ടുണ്ട്. ഇവയിൽ ഒരു റേക്കാണ് നിലവിൽ സംസ്ഥാനത്തിന് നൽകിയിരിക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോട് അനുബന്ധിച്ച് അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്കുൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ നേരത്തെ ആരംഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ