തിരുവനന്തപുരം: ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ കാത്തിരിക്കുകയാണ് ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ. മനോജ്. ആംഗ്ലിക്കൻ പൗരോഹിത്യം സ്വീകരിച്ച ഫാദർ മനോജിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് ശബരിമലകയറ്റം. ഒരു വിശ്വാസിയുടെ വ്രതശുദ്ധിയോടെ മലകയറണമെന്നതും അദ്ദേഹത്തിനു നിർബന്ധമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 10-നായിരുന്നു വ്രതാരംഭം. 20-നാണ് മലകയറ്റം. നാലുദിവസം മുൻപ് തിരുമല മഹാദേവക്ഷേത്രത്തിലെത്തി മാലയിട്ടിരുന്നു.

അതേ സമയം ശബരിമല ദർശനത്തിനൊരുങ്ങുന്ന ഫാദർ മനോജ് കെ ജിക്കെതിരെ സഭ നടപടി സ്വീകരിച്ചതായാണ് സൂചന. ഫാദർ മനോജ് വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു. ആംഗ്ലിക്കൻ സഭയിലെ പുരോഹിതനായ ഫാദർ മനോജിന്റെ ശബരിമല ദർശനത്തെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഫാദർ മനോജിനെതിരേ നടപടി സ്വീകരിക്കാൻ ആംഗ്ലിക്കൻ സഭ തീരുമാനിച്ചത്. എന്നാൽ നീക്കം ചെയ്യപ്പെട്ട പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഫാദർ മനോജ് പ്രതികരിച്ചു. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാദർ മനോജ് വ്യക്തമാക്കി.

41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20നാണ് ആംഗ്‌ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറുന്നത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കൽ. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഫാദർ മനോജ്, ഏകദേശം മൂന്നുവർഷം മുൻപാണ് ആംഗ്ലിക്കൻ പൗരോഹിത്യം സ്വീകരിച്ചത്. തന്റെ പ്രവർത്തനങ്ങൾ മതാധിഷ്ഠിതമല്ലെന്നും പൗരോഹിത്യം സ്വീകരിക്കണമെന്നത് ഒരു ഉൾവിളിപോലെ സംഭവിച്ചതാണെന്നും അദ്ദേഹം പറയുന്നു. പൗരോഹിത്യം സ്വീകരിച്ചെങ്കിലും നിലവിൽ ഒരു ദേവാലയത്തിന്റെയും പുരോഹിതനല്ല. മതത്തിനപ്പുറമുള്ള പഠനമാണ് ശബരിമലയിൽ പോകാൻ പ്രേരണയായത്.

വർഷങ്ങളായി ആത്മീയപരിശീലന ക്ലാസുകൾക്കു നേതൃത്വം നൽകുന്നുവെന്നും മതങ്ങൾക്കപ്പുറമുള്ള ആത്മീയതയാണ് നേടേണ്ടതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായാണ് ശബരിമലകയറ്റം. മലകയറി അയ്യപ്പനെ നേരിൽക്കണ്ട് ഹരിവരാസനം കേട്ടുള്ള മടക്കയാത്രയാണ് ഫാദർ മനോജിന്റെ മനസ്സുനിറയെ.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം ആത്മീയതയല്ല താൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 27 വർഷത്തോളം ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്നു. 2015-ഓടെ ജോലിയുപേക്ഷിച്ച് ആത്മീയപരിശീലന ക്യാമ്പുകൾക്കു നേതൃത്വം നൽകാൻ തുടങ്ങി. ഭാര്യ ജോളി ജോസും ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ മകൾ ആൻ ഐറിൻ ജോസ്ലെറ്റും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്.