ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ പത്തൊൻപതാം പതിപ്പിന് ചൈനയുടെ ഡിജിറ്റൽ നഗരമായ ഹാങ്‌ചോയിൽ ഔദ്യോഗിക തുടക്കം. ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകൻ ഹർമൻപ്രീത് സിങ്ങും ബോക്സർ ലവ്ലിന ബോർഗോഹെയ്നും പതാകയേന്തി.

ചൈനീസ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സൗന്ദര്യം തെളിയിക്കുന്ന കലാപരിപാടികൾ ചടങ്ങിന്റെ മോടികൂട്ടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും സാന്നിധ്യത്തിൽ ബിഗ് ലോട്ടസ് എന്ന ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. 

ഒഉിംപിക്‌സ് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാക ഉയർത്തി. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ അരലക്ഷത്തോളം പേർ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി. ഇതോടെ 19-ാം ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചു. 

ഒക്ടോബർ എട്ടുവരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നുള്ള 12, 417 കായികതാരങ്ങളാണ് വിവിധ മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇതിൽ 39 ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്. 655 അംഗങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ജക്കാർത്തയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 16 സ്വർണവും 23 വെള്ളിയും ഉൾപ്പെടെ 70 മെഡലുകൾ നേടിയിരുന്നു.

ഇത്തവണ 100 മെഡലുകളെന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. 655 കായികതാരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ജക്കാർത്തയിൽ 8 സ്വർണമടക്കം 20 മെഡലുകൾ നേടിത്തന്ന അത്ലറ്റിക്‌സിലാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. 68 താരങ്ങളാണ് അത്ലറ്റിക്‌സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്‌സിങ് എന്നിവയാണ് ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന മറ്റിനങ്ങൾ.

45 രാജ്യങ്ങളിൽ നിന്നായി 12417 കായികതാരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ റെക്കോർഡാണിത്. 56 വേദികളായി 481 മെഡൽ ഇനങ്ങൾ. വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ ഗെയിംസിന്റെ പ്രത്യേകതയാണ്.

ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ കായിക കരുത്തിന്റെ പ്രദർശനത്തിനൊരുങ്ങുന്ന 44 രാജ്യങ്ങളുടെയും പ്രധാന വെല്ലുവിളി ആതിഥേയരായ ചൈന തന്നെയാണ്. ഇത്തവണ 886 താരങ്ങളെ ചൈന കളത്തിലിറക്കുമ്പോൾ ടീമിൽ 36 ഒളിംപിക് ചാംപ്യന്മാരുമുണ്ട്. 25 വയസ്സാണ് ഗെയിംസിൽ മത്സരിക്കുന്ന ചൈനീസ് താരങ്ങളുടെ ശരാശരി പ്രായം. 1473 സ്വർണമടക്കം 3187 മെഡലുകളാണ് ചൈനയുടെ ഇതുവരെയുള്ള ആകെ നേട്ടം. 1982 മുതലുള്ള എല്ലാ ഗെയിംസുകളിലും മെഡൽ പട്ടികയിൽ ചൈന ബഹുദൂരം മുന്നിൽ ഒന്നാമതായിരുന്നു.