- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഉയരെ' പറക്കാൻ മോഹിച്ച് ധന്യ; ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിന് സ്വപ്നച്ചിറക് നൽകാൻ സുരേഷ് ഗോപി; ധനസഹായം കൈമാറി; മനസ്സിലെന്നും ഈ സഹായമുണ്ടാകുമെന്ന് ധന്യ
തിരുവനന്തപുരം: ഉയരെ പറക്കാനുള്ള ധന്യയുടെ ആഗ്രഹത്തിന് കൈത്താങ്ങും പിന്തുണയുമായി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടം കൈവരിക്കാനുള്ള ധന്യയുടെ മോഹത്തിന് സഹായമേകി. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ പഠിക്കുന്ന ധന്യ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന വാർത്ത അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ആവശ്യമായ തുക അയച്ചു കൊടുക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം ഉപേക്ഷിക്കാൻ ഒരുങ്ങിയ ധന്യയും ഇപ്പോൾ സന്തോഷത്തിലാണ്. തന്റെ സ്വപ്നം പൂർത്തിയാക്കാൻ കൂടെ നിൽക്കുന്ന സുരേഷ് ഗോപിയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് ധന്യയും കുടുംബവും. ''എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മനസ്സിലെന്നും ഈ സഹായം ഉണ്ടാകും''- ധന്യ പറഞ്ഞു.
നഗരസഭ ക്ലീനിങ് ജീവനക്കാരനായ വാകത്താനം വാലുപറമ്പിൽ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യയ്ക്ക്, പോളിടെക്നിക് പഠനകാലത്ത് കണ്ട 'ഉയരെ' സിനിമയാണ് ജീവിതത്തിൽ പറക്കാനുള്ള മോഹം സമ്മാനിച്ചത്.
പൈലറ്റാകണമെന്ന ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും കൂടെനിന്നതോടെ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിൽ ചേരുകയായിരുന്നു. ധന്യയുടെ അവസ്ഥയറിഞ്ഞ് സ്ഥാപനവും പലവിധത്തിലും സഹായമേകി. 'പറ്റുന്ന പണിക്ക് മകളെ വിട്ടാൽ പോരെ' എന്ന് മാതാപിതാക്കളോട് പലരും ചോദിച്ചെങ്കിലും നിശ്ചയദാർഢ്യത്തോടെ അവരും മകൾക്കൊപ്പം നിന്നു.
ഇതിനിടെ രാഷ്ട്രപതി ദ്രൗപദി മർമുവിന്റെ കേരള സന്ദർശന വേളയിൽ സംവദിക്കാനും ധന്യയ്ക്ക് അവസരം ലഭിച്ചു. പഠനത്തിലെ ഒരോ കടമ്പകളും വരുമ്പോൾ 'ഉയരെ പറക്കും ഞാൻ' എന്ന് മനസ്സിൽ ഉരുവിട്ട് മുന്നോട്ടു കുതിക്കുകയാണ് ധന്യ. അതിനിടെയാണ് കഴിഞ്ഞ ദിവസം ഫീസ് അടയ്ക്കാനുള്ള സാമ്പത്തിക പ്രയാസം നേരിട്ടത്.
കഴിഞ്ഞ ദിവസമാണ് ഫീസ് അടയ്ക്കാൻ ധന്യ ബുദ്ധിമുട്ടുന്നുവെന്ന വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച 'ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്' വഴി പണം നൽകി ധന്യയ്ക്ക് കൈത്താങ്ങ് ആവുകയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി. തന്റെ സ്വപ്നത്തിന് ചിറക് വിരിക്കാൻ സുരേഷ് ഗോപി എത്തിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ധന്യ ഇപ്പോൾ.
മറുനാടന് മലയാളി ബ്യൂറോ