- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതി കുതിക്കുക സൗരോർജത്തിൽ; സിൽവർലൈൻ പദ്ധതിയിലും സമാനം'; നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മുന്നോട്ട് പോകാത്തതിന്റെ നിരാശ പ്രകടമാക്കി കെ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതിയിൽ സമ്പൂർണമായും സൗരോർജമാണ് ഉപയോഗിക്കുന്നതെന്നും സമാനമായി സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയിലും സൗരോർജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ റെയിൽ ചൂണ്ടിക്കാട്ടുന്നു. നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്നും കെ റെയിൽ ഓർമ്മപ്പെടുത്തുന്നു.
അമേരിക്കയിലെ കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതിയിൽ സമ്പൂർണമായും സൗരോർജമാണ് ഉപയോഗിക്കുന്നതെന്ന വാർത്തയോടു കൂടിയാണ് സിൽവർ ലൈൻ മുന്നോട്ടു പോകാത്തതിന്റെ നിരാശ വ്യക്തമാക്കി കെ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മണിക്കൂറിൽ 355 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടികൾ ഓടുന്ന പാതയാണ് കാലിഫോർണിയ ഹൈ സ്പീഡ് റെയിൽ അഥോറിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 202 മില്യൺ ഡോളർ കൂടി അനുവദിച്ചിരിക്കുകയാണ് യു.എസ് എന്നും പോസ്റ്റിൽ പറയുന്നു.
സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയിലും സൗരോർജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെഎസ്ഇബി വഴി സൗരോർജ വൈദ്യുതി മിതമായ നിരക്കിൽ ലഭ്യമാക്കാനും വൻ സൗരോർജ്ജ പദ്ധതികളുടെ ചുമതലയുള്ള സോളാർ എനർജി കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ടായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് സൗരോർജം ലഭ്യമാക്കാനുള്ള ചർച്ചകളും നടത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതിയിൽ സമ്പൂർണമായും സൗരോർജമാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 355 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടികൾ ഓടുന്ന പാതയാണ് കാലിഫോർണിയ ഹൈ സ്പീഡ് റെയിൽ അഥോറിറ്റി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 202 മില്യൺ ഡോളർ കൂടി അനുവദിച്ചിരിക്കുകയാണ് യു.എസ്. ഗതാഗത വകുപ്പ്.
2021 ൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ആൻഡ് ജോബ്സ് ആക്ട് പ്രാബല്യത്തിൽ വന്ന ശേഷം ഹൈ സ്പീഡ് റെയിൽ അഥോറിറ്റിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ധനസഹായമാണ് ഇത്. 445 ഏക്കറിലാണ് ഈ പദ്ധതിക്കായി സോളാർ പാടം നിർമ്മിക്കുന്നത്.
കാലിഫോർണിയ ഹൈ സ്പീഡ് റെയിൽ വഴി സാൻ ഫ്രാൻസിസ്കോ മുതൽ ലോസ് ഏഞ്ചൽസ് വരെ മൂന്നു മണിക്കൂറിൽ എത്തിച്ചേരാം. നിലവിൽ എട്ട് മണിക്കൂർ ഇതിനായിവേണ്ടിവരുന്നുണ്ട്. അടുത്ത ഘട്ടത്തിൽ സാക്രമെന്റോ, സാന്റിയാഗോ എന്നിവിടങ്ങളിലേക്ക് റെയിൽവേ പാത വ്യാപിപ്പിച്ചു 24 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 800 മൈൽ റെയിൽവേ സംവിധാനത്തിലേക്ക് പദ്ധതി അപ്ഗ്രേഡ് ചെയ്യും. നിലവിൽ സെൻട്രൽ വാലിയിൽ 119 മൈൽ ട്രാക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
സാമ്പത്തികമേഖലയിൽമുന്നേറാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കാലിഫോർണിയ, അതിവേഗ റെയിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പരിസ്ഥിതി, കൃഷി, സംരക്ഷിത മേഖലകൾ എന്നിവയെ കൂടുതൽ സുരക്ഷിതമാക്കാം. റോഡ് റെയിൽവേ ഇന്റർസെക്ഷൻ മോഡൽ നിർമ്മാണ ശൈലിയിലൂടെ റോഡ്-റെയിൽ യാത്രാ സുരക്ഷ, സുഗമമായ ഗതാഗത സംവിധാനം എന്നിവയ്ക്കും മുൻഗണന നൽകുന്നു.
2033 ൽ ആദ്യ ഘട്ടത്തിന്റെ ഭാഗമായ ഇലക്ട്രിക് ട്രെയിനുകൾ സർവീസ് തുടങ്ങും. ആറ് സെറ്റ് ട്രെയിനുകളിൽ ആദ്യ രണ്ടെണ്ണത്തിന്റെ ട്രയൽ റൺ 2028 മുതൽ തുടങ്ങും.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിൽ വിഭാവനം ചെയ്ത സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയിലും സൗരോർജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെ എസ് ഇ ബി വഴി സൗരോർജ വൈദ്യുതി മിതമായ നിരക്കിൽ ലഭ്യമാക്കാനും വൻ സൗരോർജ്ജ പദ്ധതികളുടെ ചുമതലയുള്ള സോളാർ എനർജി കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ടായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് സൗരോർജം ലഭ്യമാക്കാനുള്ള ചർച്ചകളും നടത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്