- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കായിക മേള ഒരുവശത്ത്; ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഇടിയൻ ചന്തുവിന്റെ ചിത്രീകരണം; കായിക അദ്ധ്യാപകരുടെ സമരവും; കാണികളെ അമ്പരപ്പിച്ച കാഴ്ചകൾ ഇങ്ങനെ
കോതമംഗലം: എറണാകുളം റവന്യൂ ജില്ല സ്‌കൂൾ കായിക മേള ഒരുവശത്ത്. അതേ സമയം നടൻ വിഷ്ണു ഉണ്ണികൃഷ്ണനും കൂട്ടരും സിനിമ ചിത്രീകരണത്തിന്റെ തിരക്കിൽ. മറുവശത്തുനിന്നും കായിക അദ്ധ്യാപകരുടെ പ്രതിഷേധവും. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ സ്‌കൂൾ കായികമേള കാണാൻ എത്തിയവരെ ഒരുപോലെ അമ്പരപ്പിച്ച കാഴ്ചകൾ ഇങ്ങിനെ.
ഇന്ന് രാവിലെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള എം എ കോളേജ് ഗ്രൗണ്ടിൽ തുടങ്ങിയത്. മേളയുടെ ഔപചാരിക ഉൽഘാടനം നടക്കുമ്പോഴാണ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഒരു വിഭാഗം കായിക അദ്ധ്യാപകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
കായിക മത്സരങ്ങൾ നടക്കുമ്പോൾ സിനിമയുടെ ചിത്രീകരണത്തിന് എത്തിയ നടൻ വിഷ്ണു ഉണ്ണികൃഷ്ണനെയും കൂട്ടരെയും കണ്ടതോടെ ഗ്രൗണ്ടിൽ എത്തിയവരും അമ്പരന്നു. അതിനിടെയാണ് കായിക അദ്ധ്യാപകരുടെ പ്രതിഷേധ സ്വരം ഉയർന്നത്.
സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ബാനറുമായി ഒരു വിഭാഗം അദ്ധ്യാപകർ ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്നു. മേളയ്ക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്തു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ഗ്രൗണ്ടിൽ നടന്നിരുന്നു. സംഘാടകർക്ക് ഒരു വിധത്തിലുള്ള തടസങ്ങളും സൃഷ്ടിക്കാതെയായിരുന്നു സിനിമയുടെ ചിത്രീകരണം.
ആദ്യമൊന്നും സിനിമ ചിത്രീകരണം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. പിന്നീട് വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകരിൽ ചിലർ കാമറയുമായി കൂട്ടം കൂടിയതോടെയാണ് കാണികൾ ഇതെക്കുറിച്ച് അറിയുന്നത്. ഗ്രൗണ്ടിൽ കാണികൾക്കായുള്ള ഇരിപ്പിടത്തിൽ, താരം നായികയ്ക്കൊപ്പം ഇരിക്കുന്നതും ഇവർ തമ്മിൽ സൗഹൃദം പങ്കിടുന്നതുമായ ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്.
ഇതിനിടയിലാണ് ഗ്രൗണ്ടിൽ നിന്നും മുദ്രാവാക്യം വിളികൾ ഉയർന്നത്. ബാനറും പിടിച്ച് നിന്നിരുന്ന സംഘമാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇവർ സിനിമ ചിത്രീകരത്തിൽ പങ്കെടുക്കുന്നവരാണെന്നാണ് പുറമെ നിന്നുള്ളവരും മാധ്യപ്രവർത്തകരും ആദ്യം ധരിച്ചത്. പിന്നീടാണ് സിനിമ ചിത്രീകരണത്തിന് എത്തിയവരല്ല, പ്രതിഷേധിക്കുന്നത് കായിക അദ്ധ്യാപകരാണെന്ന് സ്ഥലത്തുണ്ടായിരുന്നവർക്ക് ബോദ്ധ്യപ്പെട്ടത്.
നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് വർഷങ്ങളായി തങ്ങൾ നടത്തിവരുന്ന സമരപരിപാടിയുടെ ഭാഗമായിട്ടാണ് ഗ്രൗണ്ടിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്നായിരുന്നു കായിക അദ്ധ്യാപകരുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.