- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്റബേയിൽ ഫലസ്തീൻ റാഞ്ചികളിൽ നിന്ന് 105 ഇസ്രയേലി ബന്ദികളെ രക്ഷിച്ചത് ബെഞ്ചമിൻ നെതന്യാഹുവിന്റെ ചേട്ടൻ യോനാഥൻ നെതന്യാഹു നയിച്ച സായ്‌രത് മത്കൽ സേന; ബന്ദികളെ മോചിപ്പിക്കാൻ വീണ്ടും മത്കൽ വരുമോ? ഇസ്രയേലിന്റെ ദേശീയ ഹീറോകളുടെ കഥ
യെരുശലേം: 150 ബന്ദികളെ വച്ച് ഇസ്രയേലിനോട് വിലപേശുകയാണ് ഹമാസ്. 13 ബന്ദികൾ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും ഹമാസിന്റെ അറിയിപ്പുവന്നു. അങ്ങനെയെങ്കിൽ, അവശേഷിക്കുന്ന ബന്ദികളെ എങ്ങനെ ഇസ്രയേൽ രക്ഷിക്കും? എന്താണ് ഇസ്രയേൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി ചെയ്യാൻ പോകുന്നത്. അവിടെയാണ് ഇസ്രയേലിന്റെ സ്പഷ്യൽ ഫോഴ്‌സസ്. സായ്‌രത് മത്കൽ കടന്നുവരുന്നത്.
ഇനി അൽപം ഫ്‌ളാഷ് ബാക്ക്:
1976, ജൂൺ 27. എയർ ഫ്രാൻസിന്റെ എയർ ബസ് എ 300 ടെൽ അവീവിൽ നിന്ന് പാരീസിലേക്ക് പറക്കുന്നു. യൂറോപ്പിൽ വേനൽക്കാലം ആഘോഷിക്കാൻ പോകുന്നവരായിരുന്നു 248 യാത്രക്കാരിൽ ഏറെയും പേർ. എന്നാൽ, ആ വിമാനം ഒരിക്കലും ഫ്രാൻസിൽ എത്തിയില്ല. ഫലസ്തീനിയൻ ഹൈജാക്കർമാർ വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി. അന്നത്തെ ഉഗാണ്ടയിലെ സ്വേച്ഛാധിപതി ഈദി അമീന്റെ സഹായത്തോടെയായിരുന്നു ആ വിമാന റാഞ്ചൽ. വിമാനം നേരേ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
തോക്കുധാരികളാണ് യാത്രക്കാരെ കാത്തുനിന്നത്. ജീവൻ പോയെന്ന് തന്നെ എല്ലാവരും കരുതി. പേടിച്ച് വിറച്ച് അവർ കുട്ടികളെ ഭീകരരിൽ നിന്ന് മറച്ചുപിടിച്ചു. ജുതയിതര യാത്രക്കാരെ എല്ലാം പിന്നീട് വിട്ടയച്ചു. എന്നാൽ, ഇസ്രയേലി പൗരന്മാരെ മാത്രം തടഞ്ഞുവച്ചു. 53 ഫലസ്തീൻ തടവുകാരെ വിട്ടയച്ചാൽ, ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാം, ഇതായിരുന്നു ഉപാധി. ഇസ്രയേൽ പാർലമെന്റായ നെസറ്റ് തീവ്രവാദികൾക്ക് വഴങ്ങാൻ തയ്യാറായിരുന്നില്ല. അവർ ഒരു നാടകീയ പരിഹാരത്തിനാണ് തുനിഞ്ഞിറങ്ങിയത്. ജൂലൈ നാലിന് ഇസ്രയേലി സ്‌പെഷ്യൽ ഫോഴ്‌സസ് എന്റബേയിലേക്ക് പറന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിൽ 45 ഉഗാണ്ടൻ സൈനികരെയും, എല്ലാ ഫലസ്തീൻ റാഞ്ചികളെയും വെടിവച്ചുവീഴ്‌ത്തി. 105 ബന്ദികളിൽ 102 പേരെയും രക്ഷിച്ചു.
തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്ക് ബ്ലൂപ്രിന്റായി ഇന്നും വിദഗ്ദ്ധർ കണക്കാക്കുന്നു ഈ രക്ഷാദൗത്യം. ഇവിടെയാണ് സായ് രത് മത്കലിന്റെ പേരു കടന്നുവരുന്നത്. ഇസ്രയേലിന്റെ ഏറ്റവും അപകടകരമായ ദൗത്യങ്ങൾക്ക് നിയോഗിക്കുന്ന രഹസ്യ സേന.
നെതന്യാഹുവിന്റെ ചേട്ടൻ ഹീറോ ആയ കഥ
നാല് ഹെർകുലസ് വിമാനങ്ങളും രണ്ട് ബോയിങ് വിമാനങ്ങളുമാണ് എന്റബേ ലക്ഷ്യമാക്കി പറന്നത്. ഭീകരർ ബന്ദികളെ തടവിൽ പാർപ്പിച്ചിരുന്നത് പഴയ ടെർമിനലിലായിരുന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ ലാൻഡ് ചെയ്ത ശേഷം വിമാനത്തിൽ കരുതിയ കറുത്ത മേഴ്‌സിഡസ് കാറിലും രണ്ടു ലാൻഡ് റോവറുകളിലുമായി യോനാഥൻ നെതന്യാഹുവും സംഘവും പഴയ ടെർമിനലിലേക്ക് യാത്ര തിരിച്ചത്. വെടിവെപ്പിനിടെ മൂന്ന് ബന്ദികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതിൽ ഫ്രാൻസിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ പത്തൊൻപതുകാരനും റഷ്യയിൽനിന്ന് കുടിയേറിയ അൻപത്തിയാറുകാരനുമാണ് മരിച്ചത്. പരിക്കേറ്റയാൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.
പിന്നീട് ശക്തമായ ആക്രമണം ഉണ്ടായത് ഉഗാണ്ടൻ സൈന്യത്തിന്റെ ഭാഗത്തുനിന്നാണ്. അവർ ഇസ്രയേൽ സൈന്യത്തിന് നേരെയും ബന്ദികൾക്ക് നേരെയും വെടിയുതിർത്തു. ബന്ദികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഇസ്രയേൽ സൈന്യം തിരിച്ചടിച്ചു. എന്നാൽ, കൺട്രോൾ ടവറിന് മുകളിൽ പതിയിരുന്ന ഉഗാണ്ടൻ സൈനികർ നിറയൊഴിച്ചപ്പോൾ അത് ബന്ദികളെ വിമാനത്തിലേക്ക് സുരക്ഷിതമായി മാറ്റികൊണ്ടിരുന്ന യോനാഥൻ നെതന്യാഹുവിന്റെ ജീവനെടുത്തു. അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വെറും 58 മിനിറ്റുകൾ മാത്രനമാണ് ഓപ്പറേഷൻ നീണ്ടുനിന്നത്.
ഉഗാണ്ടയിലെ ദൗത്യത്തിൽ ഒരു ഇസ്രയേലി പട്ടാളക്കാരൻ മാത്രമാണ് കൊല്ലപ്പെട്ടത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ, യോനാഥൻ നെതന്യാഹു. എന്റബേ വിമാനത്താവളത്തിലെ കൺട്രോൾ ടവറിലേക്ക് ഉഗാണ്ടൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് യോനാഥൻ നെതന്യാഹു കൊല്ലപ്പെട്ടത്. പേരുസൂചിപ്പിക്കും പോലെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ചേട്ടൻ. തന്റെ സഹോദരനെ പോലെ നെതന്യാഹുവിനും ഇപ്പോൾ ബന്ദികളെ രക്ഷിക്കേണ്ട കടമ വന്നുചേർന്നിരിക്കുകയാണ്
.
ബെഞ്ചമിൻ നെതന്യാഹു ഒരിക്കൽ സായ് രത് മത്കലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് വിയന്നയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ബെൽജിയൻ വിമാനം ഭീകരർ റാഞ്ചിയപ്പോൾ രക്ഷാദൗത്യത്തിനിടെ നെതന്യാഹുവിന് തോളിൽ വെടിയേറ്റിരുന്നു. രണ്ടിഞ്ച് കൂടി ഹൃദയത്തോട് ചേർന്ന് ബുള്ളറ്റ് തറച്ചുകയറിയിരുന്നെങ്കിൽ, ഇന്ന് രാജ്യത്തെ നയിക്കാൻ അദ്ദേഹം ഉണ്ടാകുമായിരുന്നില്ല.
സായ്‌രത് മത്കലിന്റെ കഥ
തീവ്രവാദ വിരുദ്ധ പോരാട്ടം, ബന്ദികളെ രക്ഷിക്കൽ, ഇന്റലിജൻസ് ശേഖരണം എന്നിവയാണ് സായ് രത് മത്കലിന്റെ പണികൾ. 1948 ൽ ഇസ്രയേൽ രൂപീകരണത്തിന് ശേഷം രാജ്യത്തിന് നേരിടേണ്ടി വന്ന വെല്ലുവിളികൾക്ക് കണക്കില്ല. എപ്പോൾ വേണമെങ്കിലും അയൽ രാജ്യങ്ങളുടെ ആക്രമണ ഭീഷണി. ആ സാഹചര്യങ്ങളോട് മല്ലിട്ടാണ് ഇസ്രേയൽ സൈന്യം ഉയർന്ന കാര്യനിർവ്വഹണ ശേഷി കൈവരിച്ചത്. എല്ലാ പൗരന്മാർക്കും സൈനിക സേവനം നിർബന്ധമാണ്. പുരുഷന്മാർക്ക് 32 മാസം, സ്ത്രീകൾക്ക് 24 മാസവും. ഇതിൽ ഏറ്റവും മികച്ചവരെയാണ് സായ് രത് മത്കലിലേക്ക് തിരഞ്ഞെടുക്കുന്നത്.
1957 ൽ മേജർ അവ്‌റാഹം അർണനാണ് ബ്രിട്ടീഷ് സ്‌പെഷ്യൽ സർവീസസിന്റെ മാതൃകയിൽ സായ് രത് മത്കലിനെ രൂപീകരിച്ചത്. 1962 ൽ ലെബനനിലെ ഓപ്പറേഷൻ. പിന്നീട് ഫലസ്തീനോട് മല്ലിടാനുള്ള തന്ത്രങ്ങൾ പയറ്റി. എന്റബെയിലെ ധീരമായ രക്ഷാദൗത്യത്തിന് ശേഷം സായ് രത് മത്കൽ അംഗങ്ങൾ ദേശീയ ഹീറോകളായി.
മുൻ പ്രധാനമന്ത്രിമാരും അംഗങ്ങൾ
നെതന്യാഹു സഹോദരന്മാർ മാത്രമല്ല, മുൻ പ്രധാനമന്ത്രിമാരായ യഹുദ് ബരക്, നഫ്താലി ബെന്നറ്റ് എന്നിവർ ഈ അഭിമാന സേനയിലെ അംഗങ്ങളായിരുന്നു. ബ്രിട്ടീഷ് സ്‌പെഷ്യൽ ഫോഴ്‌സസിനെ പോലെ തന്നെ കടുത്ത പരിശീലനമാണ് സായ് രത് മത്കൽ സേനയെ വേറിട്ടുനിർത്തുന്നത്.
ഏറ്റവും മികച്ചവർ മാത്രമേ സായ് രത് മത്കൽ സേനയിൽ പരീക്ഷണങ്ങളെ ജയിച്ചുകയറുകയുള്ളു. ആദ്യപടിയായി ഗിബ്ബുഷ് എന്നറിയപ്പെടുന്ന പ്രാഥമിക തിരഞ്ഞെടുപ്പ് ക്യാമ്പിൽ പങ്കെടുക്കണം. മലകയറ്റം, മണൽ ചാക്കുമായി കിലോമീറ്ററുകൾ നടക്കുക, തലയിൽ നിന്ന് ചോര പൊടിയും വരെ ബാറിൽ തൂങ്ങി നിൽക്കുക എന്നിങ്ങനെ കഠിന പരീക്ഷണങ്ങൾ.
ശാരീരിക ക്ഷമത മാത്രം പോരാ, മാനസികമായും കരുത്തരായിരിക്കണം. അതിനുവേണ്ടി അഭിമുഖങ്ങളും, അഭിരുചി പരീക്ഷകളും ഉണ്ടാകും. പാസാകുന്നവരെ കാത്തിരിക്കുന്നത് അതിലും വലിയ പരീക്ഷകളാണ്. രണ്ടുവർഷത്തെ തീവ്ര പരിശീലനം. ലാൻഡ് മൈനുകൾ നിർവീര്യമാക്കുന്നത് മുതൽ അടിയന്തര വൈദ്യസഹായം നൽകുന്നത് വരെ. അവസാനത്തെ രണ്ടാഴ്ചത്തെ പരിശീലനമാണ് ഏറ്റവും കഠിനം. തടവറയുടെ അന്തരീക്ഷത്തിൽ കഴിയുക, ഉറക്കം നിഷേധിക്കുക, മർദ്ദിക്കുക, ഭീഷണിപ്പെടുത്തുക, അപമാനിക്കുക എന്നിങ്ങനെ പോകുന്നു കഠിനമുറകൾ. പിന്നീട് സേനാംഗങ്ങളെ ഒരു വിദൂര മരുമഭൂമിയിൽ കൊണ്ടുപോയിടും. അവിടെ ഒറ്റയ്ക്ക് അതിജീവിക്കണം, യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ.അതിനെയെല്ലാം അതിജീവിച്ച് വരുന്ന സായ് രത് മത്കൽ അംഗങ്ങളാണ് രാജ്യത്തെ ഇതുപോലുള്ള നിർണായക പ്രതിസന്ധികളിൽ രക്ഷകരാകുന്നത്.
2014 ൽ ഹമാസിന്റെ മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ നടത്തിയ ഓപ്പറേഷൻ പ്രൊട്ടക്ടീവ് എഡ്ജിലെ, ധീരമായ ഇടപെടലിന് മത്കലിനെ ആദരിച്ചിരുന്നു. ഇപ്പോൾ, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെ മോചിപ്പിക്കാൻ സായ് രത് മത്കൽ സേനയെ ഇറക്കുമോ? മത്കൽ ഇറങ്ങിയാൽ മാത്രമേ ബന്ദികളെ ജീവനോടെ രക്ഷിക്കാൻ കഴിയുകയുള്ളു എന്നുവിശ്വസിക്കുന്നവരാണ് ഇസ്രയേലിൽ ഭൂരിപക്ഷം പേരും.