ലണ്ടൻ: ഏഴു മാസം മാത്രം പ്രായമുള്ള ഇൻഡി ഗ്രിഗറിയുടെ ഭാവി ഇനിയെന്ത്? മൈറ്റോകോൺട്രിയൽ രോഗം ബാധിച്ച ഈ കുരുന്നിനുള്ള തുടർ ചികിത്സ ആവശ്യമില്ലെന്ന് കോടതി വിധിച്ചതോടെ ഹൃദയം പൊട്ടിക്കരയുകയാണ് മാതാപിതാക്കൾ., ശരീര കോശങ്ങളിൽ നിന്നും ഊർജ്ജം ചോർന്നു പോകുന്ന അപൂർവ്വ രോഗാവസ്ഥയാണ് ഇൻഡി ഗ്രിഗറിയുടേത്. അതിനു പുറമെ ഈ കുരുന്നിന്റെ കുഞ്ഞു ഹൃദയത്തിൽ ഒരു ദ്വാരവും പ്രത്യക്ഷപ്പെട്ടു. കൂനിന്മേൽ കുരു എന്നതുപോലെ ജനിച്ച ഉടൻ തന്നെ കുടലിലും തലയോട്ടിയിലും ശസ്ത്രക്രിയ നടത്തേണ്ടതായും വന്നു.

നോട്ടിങ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്ററിൽ ജീവൻ രക്ഷോപാധികളുടെ സഹായത്താൽ ജീവിക്കുകയാണ് ഈ പെൺകുട്ടി. നേരത്തേ ആരോഗ്യ വിദഗ്ദ്ധർ നടത്തിയ പ്രവചനങ്ങൾ മുഴുവൻ തന്നെ തങ്ങളുടെ മകൾ തെറ്റാണെന്ന് തെളിയിച്ചെന്നും, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അൽപം സമയം കൂടി അവൾക്ക് നൽകണമെന്നുമാണ് ഇൻഡി ഗ്രിഗറിയുടെ മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും ക്ലെയർ സ്റ്റാനിഫോർത്തും പറയുന്നത്.

എന്നാൽ, മരിച്ചു കൊണ്ടിരിക്കുന്ന ശിശുവിനെ ജീവൻ രക്ഷോപാധികളുടെ സഹായത്താൽ പിടിച്ചു നിർത്തുന്നതിൽ കാര്യമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. നിയമപരമായി തന്നെ ചികിത്സ നിർത്താൻ ആകുമെന്ന് അവർ പറയുന്നു. ഇരുകൂട്ടരുടെയും വാദമുഖങ്ങൾ കേട്ടതിനു ശേഷമാണ് ഇന്നലെ ഹൈക്കോടതി കേസിൽ വിധി കൽപിച്ചത്. ഏറെ ഹൃദയ ഭാരത്തോടെ ജഡ്ജി വിധിച്ചത്, ചികിത്സകൾ തുടരേണ്ടതില്ല എന്നായിരുന്നു.

ഇൻഡിയുടെ കുടുംബത്തിന്റെ ആത്മാർത്ഥതയും സമർപ്പണബോധവും അനന്യ സാധാരണമാണെന്നും, അവരുടെ വേദന ഭാവനയിൽ പോലും കാണാനാകാത്തതുമാണെന്ന് ജഡ്ജി തന്റെ വിധിന്യായത്തിൽ പറഞ്ഞു. എന്നാൽ, മെഡിക്കൽ തെളിവുകൾ വ്യക്തമാണെന്നും അത് അവഗണിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. ഏതായാലും ഈ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് ഡീൻ ഗ്രിഗറി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും കുറച്ചു നാളത്തെ ജീവിതത്തിനിടയിൽ തന്നെ മറ്റുള്ളവരുടെ പല പ്രവചനങ്ങളും തങ്ങളുടെ മകൾ തെറ്റാണെന്ന് തെളിയിച്ചതാണെന്നും, അല്പം സമയം കൂടി അവൾക്ക് നൽകണമെന്നുമാണ് ഗ്രിഗറി ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, തങ്ങളുടെ മക്കൾക്കായി എന്തും ചെയ്യാൻ ഒരുക്കമായ മാതാപിതാക്കളെ കോടതി കയറ്റുന്നത് മാന്യമായ നടപടിയല്ലെന്നും അദ്ദേഹം പറയുന്നു. ഇൻഡിക്ക് സന്താഷം എന്തെന്ന് അറിയാം, സാധാരണ കുഞ്ഞുങ്ങളെ പോലെ അവൾ കരയുന്നുമുണ്ട്. അവൾക്ക് വൈകല്യമുണ്ടെന്ന് സമ്മതിക്കുന്നു., എന്നാൽ, വൈകല്യമുള്ള കുഞ്ഞുങ്ങൾ എല്ലാവരും മരിക്കണമെന്നാണോ പറയുന്നത് എന്നും ഗ്രിഗറി ചോദിക്കുന്നു.