ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ, ലോകമാകെ അരക്ഷിതവസ്ഥ ഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരിക്കുകയാണ് ബ്രിട്ടനിൽ വർദ്ധിച്ചു വരുന്ന ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളുടെ വിൽപന. ബ്രിട്ടനിലെ ഏറ്റവും വലിയ ബുള്ളറ്റ്- പ്രൂഫ് വസ്ത്രങ്ങളുടെ വിതരണക്കാരായ വെസ്റ്റ്ഗാർഡ് പറയുന്നത് കഴിഞ്ഞ ഏഴു ദിവസമായി വിൽപന കുത്തനെ ഉയർന്നു എന്നാണ്. രാജ്യത്ത് പലയിടങ്ങളിലും യഹൂദ വിരുദ്ധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണിത്.

ജീവഭയം മനുഷ്യരിൽ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയായി മണിക്കൂറിൽ 20 മുതൽ 30 കോളുകളാണ് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾക്കായി വരുന്നതെന്ന് കമ്പനി മേധാവി റോസ്സ് കിങ് പറയുന്നു. ബ്രിട്ടനിൽ ഇതിന്റെ ആവശ്യക്കാർ ഏറൈയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ബ്ലേഡ് പ്രൂഫ് വസ്ത്രങ്ങളും ഉൾപ്പടെയുള്ള ശരീര കവചങ്ങളാണ് എസെക്സ് ആസ്ഥാനമായ കമ്പനി നൽകുന്നത്.അതിനു പുറമെ ഹെൽമെറ്റുകളും ഡിഫൻസ് സ്പ്രേകളും വിൽക്കുന്നുണ്ട്.

ഒരു സാധാരണ സെക്യുരിറ്റി ഉദ്യോഗസ്ഥൻ ധരിക്കുന്ന ശരീര കവചങ്ങളുടെ വില 403 പൗണ്ടിൽ നിന്നും ആരംഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ പ്രിയമേറെയുള്ള അണ്ടർ-ആർമറിന് 393 പൗണ്ട് വില വരുമ്പോൾ, പൊലീസ് ഉപയോഗിക്കുന്ന ബ്ലാസ്റ്റ് പ്രൂഫ് ഓവർകോട്ടിന് 512 പൗണ്ടാണ് വില. മിലിറ്ററി ഗ്രേഡ് ജാക്കറ്റ് ആണെങ്കിൽ 513 പൗന്റ് വിലവരും.

ലോകം ആധുനിക സാങ്കേതിക വിദ്യയുമായി മുൻപോട്ട് കുതിക്കുമ്പോൾ, മനുഷ്യന്റെ മനസ്സമാധാനം നഷ്ടപ്പെടുകയാണെന്ന് ഇത് തെളിയിക്കുന്നതായി സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ആധുനികതയുടെ തിരക്കിൽ മനസ്സമാധാനം കൈമോശം വരുന്നതാണ് കൂടിവരുന്ന അക്രമ സംഭവങ്ങൾക്ക് കാരണമെന്നും ചിലർ വിലയിരുത്തുന്നു.

ഏതായാലും, പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കാലത്തും, സ്വന്തം ജീവൻ രക്ഷിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ അധിക പണം ചെലവഴിക്കാൻ തയ്യാറാവുകയാണ്.