- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിസ്ഥാന സൗകര്യ വികസനത്തിന് ചോദിച്ചത് 338.61 കോടി; സംസ്ഥാന സർക്കാർ അനുവദിച്ചത് 16.25 കോടി മാത്രം; തുക ലഭിക്കാൻ സെക്രട്ടേറിയേറ്റിൽ കയറി ഇറങ്ങിയത് ആറ് മാസത്തോളം; വിഴിഞ്ഞത്തെ ഉദ്ഘാടന മാമാങ്കം എല്ലാം മറച്ചുവച്ച്; ഫണ്ട് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി രേഖകൾ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ കപ്പൽ വന്നതിന്റെ ഉദ്ഘാടന മാമാങ്കം സംസ്ഥാന സർക്കാർ ഗംഭീരമാക്കിയെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിനടക്കം സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് രേഖകൾ.. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് ആവശ്യപ്പെട്ട 338.61 കോടി രൂപയിൽ സർക്കാർ അനുവദിച്ചത് 16.25 കോടിരൂപ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 28നാണ് തുറമുഖത്തിന്റെ എംഡി സർക്കാരിന് കത്തു നൽകിയത്. അനുവദിച്ച തുക അപര്യാപ്തമാണെന്ന് തുറമുഖ അധികൃതർ പറയുന്നു.
എന്നാൽ വിഴിഞ്ഞത് ആദ്യ കപ്പൽ വന്നതിന്റെ ഉദ്ഘാടനത്തിനായി സർക്കാർ ചെലവാക്കിയത് 67.55 ലക്ഷം രൂപയാണ്. തുറമുഖത്തിന്റെ ചുറ്റുമതിൽ കെട്ടുന്നതിന് ഒരു കോടിയും, പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിന് 50 ലക്ഷവും സീ ഫുഡ് പാർക്കിന്റെ ഡിപിആർ തയാറാക്കുന്നതിന് 2 കോടിയും, ഭരണപരമായ ചെലവുകൾക്കും സേവനങ്ങൾക്കുള്ള പ്രതിഫലമായും 6 കോടി രൂപയും ആർബിട്രേഷൻ ഫീസായി 5 കോടി രൂപയും, വെബ്സൈറ്റിനായി 25 ലക്ഷവും, പിആർ സെല്ലിനായി 1.50 കോടി രൂപയുമാണ് അനുവദിച്ചത്
ഈ മാസം 13 ന് ഫിഷറിസ്, തുറമുഖ വകുപ്പിൽ നിന്നിറങ്ങിയ ഉത്തരവ് പ്രകാരം 16.25 കോടിയാണ് വിഴിഞ്ഞത്തിന് സർക്കാർ അനുവദിച്ചത്. 338.61 കോടി രൂപ അനുവദിക്കണമെന്നായിരുന്നു വിഴിഞ്ഞം പദ്ധതി എം ഡി യുടെ ആവശ്യം. ഈ സ്ഥാനത്താണ് 16.25 കോടി മാത്രം സർക്കാർ അനുവദിച്ചതെന്നാണ് രേഖകൾ. വിഴിഞ്ഞം ഉദ്ഘാടത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ധനവകുപ്പ് 16.25 കോടി അനുവദിച്ചത്.
വിഴിഞ്ഞം ഉൾപ്പെടെയുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 360 കോടി 2023-24 ലെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്നും 2023 സെപ്റ്റംബറിന് മുൻപ് 338. 61 കോടി അനുവദിക്കണമെന്നായിരുന്നു എം.ഡി. കത്ത് മുഖേന ആവശ്യപ്പെട്ടത്. കത്ത് പരിശോധിച്ച ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി തലവനായ ഉന്നതതല കമ്മറ്റി 16.25 കോടി അനുവദിക്കാമെന്ന് ജൂണിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, പണം അനുവദിക്കാൻ വീണ്ടും നാല് മാസം എടുത്തു. പണം കൈമാറിയതാകട്ടെ ഉദ്ഘാടന മാമാങ്കത്തിന് രണ്ട് ദിവസം മുമ്പ് മാത്രം. 16.25 കോടി വിഴിഞ്ഞത്തിന് ലഭിക്കാൻ അന്നത്തെ എംഡി അദീല അബ്ദുള്ളയ്ക്ക് ആറു മാസം സെക്രട്ടേറിയേറ്റിൽ കയറി ഇറങ്ങേണ്ടി വന്നു എന്ന് ഉത്തരവിൽ നിന്ന് വ്യക്തം.
അതേസമയം വിഴിഞ്ഞത് ആദ്യ കപ്പൽ വന്നതിന്റെ ഉദ്ഘാടനത്തിനായി മാത്രം സർക്കാർ ചെലവാക്കിയത് 67.55 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം ഭാവിയിലുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന വലിയൊരു നിക്ഷേപ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അവിടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യപ്പെട്ട പണം നൽകാൻ സർക്കാർ മടിക്കുമ്പോഴും കേരളീയം പരിപാടിക്ക് 27.12 കോടി ധനവകുപ്പ് അനുവദിച്ചു. വിഴിഞ്ഞത്തിന് വേണ്ടി 16.25 കോടി അനുവദിച്ച സമയത്താണിത്.
4000 കോടി രൂപയാണ് തുറമുഖത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ നിക്ഷേപിച്ചത്. 405 കോടി രൂപയാണ് കരാറിന്റെ ഭാഗമായി സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തിൽ സംസ്ഥാന സർക്കാർ 818 കോടി രൂപയും കേന്ദ്രസർക്കാർ 418 കോടി രൂപയും ഇനിയും നൽകാനുണ്ട്. ബ്രേക്ക് വാട്ടർ നിർമ്മാണത്തിനായി ഗ്രൂപ്പ് 1500 കോടി രൂപ ചെലവഴിച്ചു. ആയിരം കോടി രൂപ അതിനായി ലഭിക്കാനുള്ളപ്പോഴാണ് 405 കോടി നൽകിയത്. 818 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ