- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്മാവനെ വെടിവെച്ചിട്ട് നുറുക്കി മുതലക്കിട്ട് കൊടുത്തു; നാടുവിട്ട അർദ്ധസഹോദരനെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നു; ഇപ്പോൾ പിരാന നിറച്ച ടാങ്കിൽ മിലിട്ടറി ജനറലിനെ എറിഞ്ഞുകൊന്നു; കിം ജോങ് ഉന്നിന്റെ ഒരു ക്രൂരത കൂടി പുറത്ത്
ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരതകളെക്കുറിച്ച് നിരവധി വാർത്തകൾ വിദേശ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. സ്വന്തം അമ്മാവൻ ജാങ് സോങ് തേക്കിനെ വെടിവെച്ച് കൊന്ന് നുറക്കി മൃതദേഹം മുതലകൾ ഉള്ള കിടങ്ങിൽ തള്ളിയതാണ് ഇതിൽ എറ്റവും പ്രധാനപ്പെട്ടത് അതിനുശേഷം കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരൻ മലേഷ്യയിൽ വെച്ച് വിഷ സുചിയാൽ കൊല്ലപ്പെട്ടതും വാർത്തയായി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ആളുകളെ ഫയറിങ്ങ് സ്ക്വഡിനെകൊണ്ട് വെടിവെച്ച് കൊന്നതും, സർക്കാർ നിർദ്ദേശിക്കുന്ന തലത്തിലല്ലാതെ മുടിവെട്ടിയവനെ ജയിലിൽ പിടിച്ചിട്ടതുമെല്ലാം നേരത്തെ വാർത്തയായതാണ്. പക്ഷേ അപ്പോഴോക്കെ ഇത് തങ്ങളെ തകർക്കാനുള്ള മുതലാളിത്ത രാജ്യങ്ങളുടെ പ്രൊപ്പഗൻഡ എന്നാണ്, ഉത്തര കൊറിയ പറയാറുള്ളത്.
എന്നാൽ ഇപ്പോഴിതാ കിം നടത്തിയ മറ്റൊരു ക്രൂരമായ കൊലയുടെ വിവരങ്ങൾ കൂടി പുറത്തായിരിക്കയാണ്. സൈനിക ജനറലിനെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു നൽകിയതായി സൗത്തുകൊറിയയിലെ ഡെയിലി എൻ കെ മെയിൽ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ ആണവ പദ്ധതിയും, കിമ്മിന്റെ അനാരോഗ്യവും അടക്കമുള്ള നിരവധി വാർത്തകൾ ആധികാരികമായി പുറത്തുവിട്ട പോർട്ടൽ ആണിത്. യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറർ പത്രവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വയറ് കീറി മൃതദേഹം തള്ളി
സർക്കാരിനെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. റിയോങ് സോങിലുള്ള കൊട്ടാരങ്ങളിൽ ഒന്നിൽ വച്ചാണ് കിം സൈന്യാധിപനെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് കിം നേരിട്ട് വിചാരണ നടത്തുകയും ചെയ്തു. തുടർന്ന് പിരാന മത്സ്യങ്ങളെ വളർത്തുന്ന ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വയറും കൈകളും കത്തിവച്ച് കീറിയ ശേഷമാണ് മൃതദേഹം ടാങ്കിലേക്ക് ഇട്ടത്. തല അറുത്ത് മാറ്റിയ നിലയിലുമായിരുന്നു.
കൊല നടത്താൻ വേണ്ടിമാത്രം കിം ബ്രസീലിൽ നിന്നു പിരാന മത്സ്യത്തെ വാങ്ങി ടാങ്കിലിട്ട് വളർത്തുകയായിരുന്നുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ടാങ്കിൽ നൂറുകണക്കിന് പിരാനകൾ ഉണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. കിം ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇതുകൂടാതെ നൂറോളം ജനങ്ങളെയും വ്യത്യസ്ത രീതികളിൽ കിം ഇല്ലാതാക്കിയിട്ടുണ്ട്.
1977ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ 'ദ സ്പൈ ഹു ലവ്ഡ് മി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിം കോലപാതകങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കിംമിന്റെ സൈനിക മേധാവിയും ഉത്തരകൊറിയയിലെ സെൻട്രൽ ബാങ്ക് സിഇഒയും സമാനമായ രീതിയിൽ വധിക്കപ്പെട്ടിരുന്നു. പിരാനയുടെ ഉപയോഗം ക്ലാസിക് കിംമിന്റെ ഭാഗമാണ്. ഭയവും ഭീകരതയും ഒരു രാഷ്ട്രീയ ഉപകരണമായി അദേഹം ഉപയോഗിക്കുകയാണെന്നും ദ മിറർ അടക്കമുള്ള പത്രങ്ങൾ പറയുന്നു.
കൊലകളിലുടെ വളർന്ന നേതാവ്
കൊലകളിലുടെ വളർന്ന നേതാവ് എന്നാണ്, ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ വിശേഷിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിലാണ്. 1948ൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യം രൂപീകൃതമായത് മുതൽ കിം കുടുംബമാണ് ഭരിക്കുന്നത്. മുത്തച്ഛനും അച്ഛനും ഒടുവിൽ കിമ്മുമടക്കം മൂന്ന് തലമുറയുടെ ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു രാജ്യം. രാജ്യം സ്ഥാപിതമായ 1948 മുതൽ 1994 വരെ കിം ഇൽ സൂങ് ആയിരുന്നു പ്രസിഡന്റ്. നിതാന്ത പ്രസിഡന്റ് എന്നും അറിയപ്പെടുന്ന ഇൽ സൂങ്ങിന്റെ മരണശേഷം കിം ജോങ് ഇൽ (19942011) പ്രസിഡന്റായി.
2011 ൽ പിതാവിന്റെ മരണത്തോടെയാണ് കിം ജോങ് ഉൻ ഉത്തരകൊറിയയിൽ ഭരണമേറ്റത്. കിമ്മിന്റെ മുതിർന്ന സഹോദരൻ കിം ജോങ് ചോലിന് രാഷ്ട്രീയത്തേക്കാളേറെ ഗിറ്റാർ വായനയോടാണ് കമ്പം. ഇക്കാരണത്താൽ തന്നെയാണ് സൗമ്യ സ്വഭാവക്കാരനായ ചോലിനെ മാറ്റിനിർത്തി അച്ഛൻ കിം ജോങ് ഉന്നിന് ഭരണചക്രം കൈമാറിയത്. അനന്തരവനായ കിം ഹാൻ സോൾ വിദേശത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അച്ഛന്റെ മരണശേഷം സ്ഥാനമേറ്റപ്പോൾ കിമ്മിന്റെ ഭരണശേഷിയെക്കുറിച്ച് പലരും സംശയമുയർത്തി. എന്നാൽ 36കാരന്റെ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി. പിന്നീട് കൃത്യമായ മേധാവിത്തം ഉറപ്പിച്ച കിം എതിരാളികളാകുമെന്നു തോന്നിയവരെയെല്ലാം അടിച്ചമർത്തി. 2013ൽ സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷയാണു വിധിച്ചത്.
ഈ മൃതദേഹമാണ് മുതലുകൾ ഉള്ള കിടങ്ങിൽ ഇട്ടതായി വാർത്ത വന്നത്. കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരൻ കിം ജോങ് നാം 2017-ൽ മലേഷ്യയിൽ വച്ചു കൊല്ലപ്പെട്ടു. വാടകക്കൊലയാളികൾ മലേഷ്യയിൽ കോലാലംപുരിലെ വിമാനത്താവളത്തിന്റെ ലൗഞ്ചിൽ വെച്ച് അതിമാരകമായ നെർവ് ഗ്യാസ് ഉപയോഗിച്ച് വധിക്കയായിരുന്നു. ഇതിന് കൃത്യം അഞ്ചു മാസങ്ങൾക്കുള്ളിലാണ് സുപ്രീം ലീഡർ കിം ജോങ് ഉൻ അമേരിക്ക വരെ ചെന്നെത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ലോകത്തെ വീണ്ടും ഞെട്ടിച്ചു കളഞ്ഞത്. അതിനു തൊട്ടു പിന്നാലെ, അമേരിക്ക ഹിരോഷിമയിൽ പരീക്ഷിച്ചതിന്റെ പതിനേഴിരട്ടി പ്രഹരശേഷിയുള്ള ഒരു അണ്വായുധവും ഉത്തരകൊറിയ പരീക്ഷിച്ചാണ് ലോകത്തെ ഞെട്ടിച്ചത്.
'അധികാരത്തിന്റെ ഗോതമ്പുമാവ് കുഴച്ചെടുക്കാൻ ഏറ്റവും നല്ലത് ചോരയാണ്' എന്ന ചൊല്ല് ഏറ്റവും ശരിയാവുന്നത് കിം കിം ജോങ് ഉന്നിന് ആണെന്നാണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ ചൂണ്ടിക്കാട്ടിയത്. ചൈനയിൽ നിന്ന് എത്തിയ കോവിഡ് രോഗിയായ ഭടനെ വെടിവെച്ച് കൊന്നത് അടക്കമുള്ള നിറം പിടിപ്പിച്ച നൂറുകണക്കിന് കഥകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.
കഴിഞ്ഞ വർഷം കടുത്ത മദ്യപാനവും സിഗരറ്റുവലിയും പൊണ്ണത്തടിയും മൂലം കിം മരണാസന്നനായപ്പോൾ, സഹോദരി കിം യോ ജോങിന്റെ പേരാണ് അടുത്ത അനന്തരാവകാശിയായി ഉയർന്നുകേട്ടത്. കിമ്മിന് കുട്ടികളുണ്ടെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അവരിതുവരെ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്തിട്ടില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ