- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിനെ നടുക്കിയ ദുരഭിമാനക്കൊല; ഉറ്റവർക്ക് കണ്ണീരോർമയായി ഫാത്തിമ; യാത്രാമൊഴിയേകി ബന്ധുക്കളും നാട്ടുകാരും; ഇതരമതസ്ഥനെ പ്രണയിച്ചതിന് ജീവനെടുത്തത് സ്വന്തം പിതാവ്; മരണക്കിടക്കയിൽ നൽകിയ മരണമൊഴി കുരുക്കാകും
കൊച്ചി: ആലുവയിൽ ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ വിഷം കൊടുത്തുകൊലപ്പെടുത്തിയ പത്താംക്ലാസുകാരി ഫാത്തിമയ്ക്ക് യാത്രമൊഴിയേകി ജന്മനാട്. ദുരഭിമാനത്തിന്റെ പേരിൽ പിതാവ് സ്വന്തം മകളുടെ ജീവനൊടുത്തപ്പോൾ ആലങ്ങാട് മറിയപ്പടിക്കാർക്ക് നഷ്ടമായത് ചിരിച്ച് കളിച്ച് തങ്ങളുടെ മുന്നിലൂടെ ഓടി നടന്നിരുന്ന പതിനഞ്ചുകാരിയെ ആണ്. നെഞ്ച് നീറുന്ന വേദനയോടെയാണ് നാട് ഫാത്തിമയെ യാത്രയാക്കിയത്. നാട്ടുകാരും സഹപാഠികളും ഫാത്തിമയെ അവസാനമായി ഒരു നോക്കു കാണാനായെത്തി.
ഫാത്തിമയെന്ന പത്താംക്ലാസുകാരി നാട്ടുകാർക്കും വീട്ടുകാർക്കും ഇനി കണ്ണീരോർമയാവുകയാണ്. കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിൽ കഴിഞ്ഞ ഫാത്തിമ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദർശനത്തിന് ശേഷം കലൂർ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 2.45-ഓടെ ഫാത്തിമയുടെ ഖബറടക്കം നടന്നു.
ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഒടുവിൽ കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിൽ കഴിഞ്ഞ ഫാത്തിമ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് ഫാത്തിമ മജിസ്ട്രേറ്റിന് നൽകിയ മൊഴി കേസിൽ കുട്ടിയുടെ പിതാവ് അബീസിന് കുരുക്കാകും. 'വാപ്പ തന്നെ അതിക്രൂരമായി മർദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു' എന്നാണ് ഫാത്തിമ മരണക്കിടക്കയിൽ നിന്നും മൊഴി നൽകിയത്. ഫാത്തിമ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി പിതാവ് അബീസിന് കുരുക്ക് മുറുകുന്നതിനുള്ള വഴിയാകും.
ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ച സഹപാഠിയായ ഇതര മതത്തിൽപെട്ട ആൺകുട്ടിയുമായുള്ള പ്രണയത്തെ ചൊല്ലി പിതാവ് അബീസ് മകളെ ചോദ്യം ചെയ്തു. ഒടുവിൽ മകളെ കമ്പി വിടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചശേഷം അച്ഛൻ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു ക്രൂരത.
മകളുടെ പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം ഫാത്തിമയെ നേരത്തെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു. എന്നാൽ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടർന്നതോടെയാണ് പിതാവ് മകളെ ആക്രമിച്ചത്. കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ച ശേഷം പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു.
ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളിൽച്ചെന്ന കളനാശിനി ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിലായിരുന്ന ഫാത്തിമ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിന് പിന്നാലെ നവംബർ ഒന്നിന് പെൺകുട്ടിയുടെ പിതാവായ അബീസിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് തന്നെ പിടികൂടുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനിയിലെ എൻജിനിയറാണ് പിതാവ് അബീസ്.
ഫാത്തിമ എല്ലാവരോടും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പെൺകുട്ടിയായിരുന്നുവെന്ന് മറിയപ്പടി വാർഡ് മെമ്പർ സൂസൻ വർഗീസ് പറഞ്ഞു. പെൺകുട്ടിക്ക് ഇതര മതസ്ഥനുമായി പ്രണയമുണ്ടായിരുന്നുവെന്നതാണ് അബീസിനെ കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ, അബീസ് കുഴപ്പക്കാരനല്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു.
ആലുവ രാജശ്രീ എസ്എം മെമോറിയൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. വൈറ്റില സ്വദേശി ആഷിലയാണ് മാതാവ്. മുഹമ്മദ് ഫായിസ്, ഫാത്തിഹ എന്നിവർ സഹോദരങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ