ലണ്ടൻ: ഇന്ന്, അമിസ്റ്റിസ് ദിനത്തിൽ, ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധ സ്മാരകമായ സെനൊടാഫ് സംരക്ഷിക്കുന്നതിനായി 1,850 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറും സ്മാരകത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കും. ബ്രിട്ടനിലേ ഏറ്റവും ആദരിക്കപ്പെടുന്ന യുദ്ധ സ്മാരകത്തിന് ഇന്നലെ മുതൽ ആണ് ഇതിനു മുൻപെങ്ങും ഇല്ലാത്തവിധം കനത്ത സുരക്ഷ നൽകിയിരിക്കുന്നത്. ഇന്ന് സ്മരണ ചടങ്ങുകൾ അവസാനിക്കുന്നത് വരെ അത് തുടരും.

വൈറ്റ്ഹാൾ, ഹോഴ്സ് ഗാർഡ്സ് പരേഡ്, വെസ്റ്റ്മിനിസ്റ്റർ ആബി ഫീൽഡ് ഓഫ് റെമെംബറൻബ്സ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക മേഖലയിൽ വൻ പൊലീസ് സന്നാഹമാണ് ആമിസ്റ്റിസ് ദിന ആഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശം ലോഹക്കമ്പി വേലികൾ കൊണ്ട് സംരക്ഷിക്കപ്പെടും. കമ്പി വേലി തകർത്ത് അകത്തു കയറുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും.

ഇസ്രയേലി എംബസ്സിക്ക് മുൻപിൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. അതുപോലെ സെൻട്രൽ ലണ്ടനിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞയും പ്രാബല്യത്തിൽ ഉണ്ട്. അതുവഴി, പ്രധാന പ്രകടനത്തിൽ നിന്നും മാറി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയും. വഴിയിൽ ആളുകളെ തടഞ്ഞു നിർത്താനും, പരിശോധിക്കാനും, മാസ്‌ക്അഴിച്ചുമാറ്റാൻ ഉത്തരവിടാനുമൊക്കെ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുമുണ്ട്.

പ്രതിഷേധക്കാരെ തലസ്ഥാനത്തേക്ക് കൊണ്ടു വരുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രത്യേക പരിശീലനം സിദ്ധിച്ച ട്രാഫിക് പൊലീസുകാരെ മെറ്റ് പൊലീസ് ചുമതലയേൽപിച്ചിട്ടുണ്ട്. നേരത്തെ നടന്ന മാർച്ചിൽ പങ്കെടുക്കാൻ എത്തിയവർ യഹൂദർക്ക് പ്രാമുഖ്യമുള്ള മേഖലകളിലൂടെ ഫലസ്തീൻ പതാകകൾ വീശി സഞ്ചരിക്കുകയും യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

അതിനിടയിൽ, ഫലസ്തീൻ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പൊലീസിന്റെ ജോലി കൂടുതൽ ക്ലേശകരമാക്കും. അതൊടൊപ്പം ധാരാളം പേർ ആമിസ്റ്റിസ് ദിന ചടങ്ങുകളിൽ പങ്കെടുക്കാനും എത്തും. ഫുട്ബോൾ ഭ്രാന്തന്മാരുടെ നിരവധി സംഘങ്ങൾ ഒതൊരുമിച്ച് സെനൊടാഫിനെ സംരക്ഷിക്കാനായി ഒരുങ്ങുകയാണെന്ന് റിപ്പോർട്ടും പുറത്തു വരുന്നു. ഫലസ്തീൻ അനുകൂലികൾ അതിന് കേടുപാടുകൾ വരുത്താതിരിക്കാനാണ് ഇത്.

ഓർമ്മദിനത്തിൽ, തീവ്ര ഇടതുവാദികളും ഫലസ്തീൻ അനുകൂലികളും ചടങ്ങുകൾ അലങ്കോലപ്പെടുത്തിയേക്കും എന്ന ആശങ്കയിൽ വിരമിച്ച സൈനികർ തങ്ങളുടെ സഹായം തേടിയതായി ഫുട്ബോൾ ലാഡ്സ് എഗനിസ്റ്റ് എക്സ്ട്രീമിസം എന്ന കൂട്ടായ്മ അവകാശപ്പെടുന്നു. രാജ്യത്തെ എല്ലാ ഫുട്ബോൾ ആരാധക സംഘടനകളെയും അവർ ഇതിനായി ക്ഷണിച്ചിട്ടുണ്ട്.