- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്കും നാല് കുട്ടികളാണുള്ളത്; 87കാരി ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാനാകില്ല; ഈ പ്രായത്തിൽ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ല; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തേക്ക് പെൻഷൻ തുക നൽകാം'; സഹായഹസ്തവുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ മൺചട്ടിയുമായി അടിമാലിയിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായവാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരുവർഷത്തെ പെൻഷൻ തുക നൽകാമെന്ന് കൃഷ്ണകുമാർ ഫോണിൽ വിളിച്ച് ഇരുവരേയും അറിയിച്ചു.
'ഈ പ്രായത്തിൽ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ല. പെൻഷൻ മുടങ്ങിയിരിക്കുകയാണല്ലോ, ഒരു വർഷത്തെ പെൻഷൻ ഞാൻ നൽകാം', കൃഷ്ണകുമാർ മറിയക്കുട്ടിയോട് പറഞ്ഞു. മക്കളുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പേരിലാണ് സഹായം നൽകിയത്. ഒരു വർഷത്തേക്കുള്ള തുകയായി 25,000 രൂപ വീതമാണ് നൽകിയത്.
തനിക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള സഹായമാണ് നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. നാല് പെൺകുട്ടികളാണ് തനിക്കുള്ളത്. പ്രതിഷേധിച്ച വയോധികയ്ക്കും നാല് കുട്ടികളാണ്. 87ാം വയസിൽ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. ചെറിയ തുടക്കമാണിത്. ഇനിയും അവർക്ക് സഹായം ലഭിക്കട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു.
അടുത്തിടെയാണ് സർക്കാരിനെതിരെ സമരവുമായി ഇരുവരും രംഗത്തിറങ്ങിയത്. പിച്ചച്ചട്ടിയുമായി തെരുവിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു ഈ വൃദ്ധർ. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വരാതിരിക്കുക, കറന്റ് ബിൽ അടയ്ക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ സമരം ശ്രദ്ധയാകർഷിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത മറിയക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ സിപിഎം പ്രചാരണം നടത്തിയിരുന്നു. മറിയക്കുട്ടിക്കു 2 വീടുകളും ഒന്നരയേക്കർ ഭൂമിയുമുണ്ടെന്നും 4 പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു.
സർക്കാരിന്റെ ക്രൂരതകളെയും അഴിമതികളെയും പുറംലോകത്തെ അറിയിച്ച മറിയക്കുട്ടി പിന്നീട് സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്ത് വന്നിരുന്നു. അഭിമാനത്തിന് കൊട്ടും വരുത്തിയ പാർട്ടിക്കും പത്രത്തിനുമെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 87-കാരി.
മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ സിപിഎം മുഖപത്രം ഇന്നലെ ഖേദപ്രകടനം നടത്തിയിരുന്നു എന്നാൽ, ഖേദപ്രകടനത്തിൽ തീരുന്നതല്ല തനിക്കുണ്ടായ അപമാനമെന്നും കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മറിയക്കുട്ടി പ്രതികരിച്ചു. ഖേദം പ്രകടിപ്പിക്കേണ്ടത് കോടതിയിലാണെന്നും അവർ പറഞ്ഞു.
പലചരക്കുകടയിൽ സാധനം വാങ്ങിയതിന്റെ പറ്റ് മട്ടാഞ്ചേരിയിലെ വ്യവസായി മുകേഷ് ജെയിൻ തീർത്തു. ഇതുകൂടാതെ ചട്ടയും മുണ്ടും പലചരക്ക് സാധനങ്ങളും നൽകി. 'നിങ്ങളുടെ മക്കളാണ് ഞങ്ങൾ. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങൾ ഭക്ഷണം കഴിച്ചിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം', മുകേഷ് ജെയിൻ ഇരുവരോടുമായി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ