ന്റെ സ്പാനിഷ് അദ്ധ്യാപികയെ കൊന്ന കേസിൽ 18 കാരന് അമേരിക്കൻ കോടതി വിധിച്ചത് ജീവപര്യന്തം തടവ്. പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 25 വർഷമെങ്കിലും തടവ് അനുഭവിക്കണം. 2021 ൽ നടന്ന സംഭവത്തിന്മേലുള്ള കേസിൽ ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു കോടതി വിധി പറഞ്ഞത്. 66 കാരിയായ നൊഹെമ ഗ്രാബർ എന്ന സ്പാനിഷ് അദ്ധ്യാപികയെ കൊന്ന കുറ്റത്തിനാണ് ജെറെമി ഗൂഡേയ്ൽ എന്ന 18 കാരന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.

സുഹൃത്ത് വില്ലാർഡ് മില്ലറെ പരീക്ഷയിൽ തോൽപിച്ചതിന്റെ പ്രതികാരം തീർക്കുവാനായിരുന്നു സുഹൃത്തിനൊപ്പം ഇയാൾ അദ്ധ്യാപികയെ വകവരുത്തിയത്. മില്ലർ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് ഈ വർഷം ആദ്യം കോടതി വിധിച്ചിരുന്നു. ഡെസ് മോയ്ൻസിൽ നിന്നും 160 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ഫെയർഫീൽഡ് എന്ന ചെറു പട്ടണത്തിലെ ഒരു പാർക്കിൽ നടക്കാൻ ഇറങ്ങിയ അദ്ധ്യാപികയെ ഇരുവരും ചേർന്ന് ഒരു ബാറ്റ് കൊണ്ട് ആക്രമിക്കുകയയിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുൻപായി ഗൂഡേയ്ൽ അദ്ധ്യാപികയുടെ കുടുംബത്തോടും സമൂഹത്തോടും സ്വന്തം കുടുംബത്തോടും മാപ്പ് പറഞ്ഞിരുന്നു. ചെയ്തുപോയതിൽ താൻ ക്ഷമാപണം നടത്തുന്നുവെന്നും, ഒരിക്കലും തിരികെ കൊണ്ടുവരാൻ പറ്റാത്തതാണ് താൻ എടുത്തു കളഞ്ഞതെന്നും അയാൾ പറഞ്ഞു. ഈ നഷ്ടം തടയുവാനായി തനിക്ക് കഴിഞ്ഞ കാലങ്ങളിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ നിത്യവും ആഗ്രഹിക്കാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.

മില്ലർ ആയിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യുഷൻ കോടതിയിൽ ബോധിപ്പിച്ചു. ചുരുങ്ങിയത് 25 വർഷമെങ്കിലും ജയിലിൽ കഴിയണമെന്ന നിബന്ധനയോടെ ജീവപര്യന്തം തടവ് വിധിക്കുന്നതിനു മുൻപായി താൻ 25 ഘടകങ്ങൾ പരിശോധിച്ചതായി ജഡ്ജി പറഞ്ഞു. പ്രോസിക്യുഷൻ ആവശ്യപ്പെട്ട ശിക്ഷയാണ് ഇപ്പോൾ ഗൂഡെയ്ലിന് ലഭിച്ചിരിക്കുന്നത്. ജീവപര്യന്തം തടവ് വിധിക്കാമെങ്കിലും ജാമ്യം ലഭിക്കാൻ നിശ്ചിത കാലയളവ് നിർബന്ധമാക്കരുതെന്ന ഗൂഡെയ്ലിന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളുകയായിരുന്നു.

കുറ്റകൃത്യം ചെയ്യുമ്പോൾ ഇരുവർക്കും 16 വയസ്സായിരുന്നു പ്രായം. പ്രായം പരിഗണിക്കാതെ കേസ് എടുത്തെങ്കിലും അയവാ സംസ്ഥാനത്തെ നിയമപ്രകാരം ഇവർക്ക് പരോൾ അനുവദനീയമല്ലാത്ത ജീവപര്യന്തം തടവ് വിധിക്കാൻ കഴിയുകയില്ല. ഒന്നാം പ്രതിയായ മില്ലർക്ക് ഇക്കഴിഞ്ഞ ജൂലായിൽ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ചുരുങ്ങിയത് 35 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചാൽ മാത്രമെ ഇയാൾക്ക് പരോൾ ലഭിക്കുകയുള്ളു.