റോം: കത്തോലിക്ക സഭയിൽ യാഥാസ്ഥിതികരുടെ പിടി അഴിഞ്ഞു വരുന്നതായി അടിവരയിട്ടു പറഞ്ഞുകൊണ്ട്, വിവാദ കർദ്ദിനാൾ റെയ്മോണ്ട് ബുർക്കിന്റെ വത്തിക്കാനിലെ അപ്പാർട്ട്മെന്റും ശമ്പളവും മാർപ്പാപ്പ റദ്ദ് ചെയ്തു. ഒരു യാഥാസ്ഥിതിക അമേരിക്കൻ പ്രധാന പുരോഹിതനെതിരെ എടുക്കുന്ന രണ്ടാമത്തെ വിപ്ലവകരമായ നടപടിയാണിത്. സംഭയിൽ അനൈക്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് ഇതിന് കാരണമായി വത്തിക്കാൻ പറയുന്നത്.

വിരമിച്ച കർദ്ദിനാൾ എന്ന നിലയിലുള്ള ശമ്പളവും വത്തിക്കാനിൽ അവകാശപ്പെട്ട അപ്പാർട്ട്മെന്റും ബുർക്കിന് നിഷേധിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞതായി നവംബർ 20 ന് നടന്ന യോഗത്തിൽ പങ്കെടുത്ത ഒരു സ്രോതസ്സ് വെളിപ്പെടുത്തി. ഈ ആനുകൂല്യങ്ങൾ അദ്ദേഹം സഭയ്ക്കെതിരെ ഉപയോഗിക്കുന്നു എന്നതിനാലാണിതെന്നും പോപ്പ് വിശദീകരിച്ചു. യോഗ വിവരങ്ങൾ വെളിപ്പെടുത്താൻ അധികാരമില്ലാത്തതിനാൽ, സ്വന്തം പേര് വെളിപ്പെടുത്താതെയാണ് ഈ വ്യക്തി ഇക്കാര്യങ്ങൾ അറിയിച്ചത്.

പോപ്പിന്റെ കടുത്ത വിമർശകനായിരുന്നു 75 കാരനായ കാനൻ നിയമജ്ഞൻ കൂടിയായ റെയ്മോണ്ട് ബുർക്ക്. 2014-ൽ വത്തിക്കാൻ ഹൈക്കോർട്ട് ജസ്റ്റിസ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ പോപ്പ് നീക്കം ചെയ്തിരുന്നു. സാധാരണക്കാരായാ വിശ്വാസികളുടെ ആവശ്യം കണ്ടറിഞ്ഞ് പ്രതികരിക്കാൻ സഭയെ പ്രാപ്തമാക്കാൻ ഉദ്ദേശിച്ചുള്ള മാർപ്പാപ്പയുടെ പരിഷ്‌കാരങ്ങളെ അടപടലം എതിർത്തിരുന്ന വ്യക്തിയാണ് ബുർക്ക്. മാത്രമല്ല, സ്വവർഗ്ഗ രതിക്കാരോടുള്ള മാർപ്പാപ്പയുടെ സമീപനത്തെയും ഇദ്ദേഹം അംഗീകരിച്ചിരുന്നില്ല.

യാഥാസ്ഥിതികരും പാരമ്പര്യവാദികളുമായ വൈദികരുടെ രീതികളെ മാറ്റിമറിക്കുന്ന നയങ്ങൾക്കെതിരെ മറ്റ് പാരമ്പര്യവാദികളായ പുരോഹിതർക്കൊപ്പം ചേർന്ന് ബ്രുക്കും രണ്ടു തവണ ചോദ്യങ്ങളിലൂടെ എതിർത്തിരുന്നു. അതിനുപുറമെ, കഴിഞ്ഞ മാസം പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന സിനഡിന് തലേന്ന് ബ്രൂക്കിന്റെ നേതൃത്വത്തിൽ ഒരു സമാന്തര സിനഡ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിനഡിനെ കുറിച്ചുള്ള പോപ്പിന്റെ വീക്ഷണത്തെയും അതുപോലെ സഭയ്ക്കുള്ളിൽ നടത്തുന്ന പരിഷ്‌കരണങ്ങളെയും അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു.

നേരത്തെ അമേരിക്കയിലെ മറ്റൊരു യാഥാസ്ഥിതിക പുരോഹിതനായ ടെക്സാസ്, ടെയ്ലര്ര്റിലെ ബിഷപ്പ് ജോസഫ് സ്ട്രിക്ലാൻഡിനെ പോപ്പ് ഫ്രാൻസിസ് തത്സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള രൂപതയുടെ ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്കായിരുന്നു അത്. സ്ട്രിക്ലാൻഡും മാർപ്പാപ്പയുടെ നിശിത വിമർശകനായിരുന്നു.