- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റിലെ അപകടത്തിന്റെ ആഘാതത്തിൽ നിന്നു മോചിതരാകാതെ വിദ്യാർത്ഥികൾ; ഇന്നലെ ക്ലാസുകൾ ആരംഭിച്ചിട്ടും ക്യാംപസിൽ എത്തിയത് പത്ത് പേർ മാത്രം; അപകടം നടന്ന ഓഡിറ്റോറിയത്തിന്റെ താക്കോൽ വിദ്യാർത്ഥി നേതാവ് കൈമാറിയില്ല
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത അപകടത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാതെ വിദ്യാർത്ഥികൾ. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇന്നലെ ക്ലാസുകൾ ആരംഭിച്ചെങ്കിലും എത്തേണ്ടിയിരുന്ന 1300 വിദ്യാർത്ഥികളിൽ പത്ത് പേർ മാത്രമാണ് ക്യാംപസിൽ എത്തിയത്. ഇവരിൽ ഒരാൾ മാത്രമാണു കോളജിനകത്തു തയാറാക്കിയിരുന്ന കൗൺസലിങ് ഹാളിൽ കയറിയത്.
പരസ്പരം അഭിമുഖീകരിക്കാനുള്ള വിഷമമാണ് വിദ്യാർത്ഥികൾക്കുള്ളത്.ദുരന്തത്തിന്റെ പേരിൽ പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹുവിനെ ബലിയാടാക്കാനുള്ള നീക്കത്തിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബിടെക് വിദ്യാർത്ഥികളുടെ ടെക്ഫെസ്റ്റിനിടയിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും വിദ്യാർത്ഥികൾ ഇതുവരെ മോചിതരായിട്ടില്ലെന്ന സൂചനയാണ് വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവ് കാണിക്കുന്നത്.
സ്കൂൾ ഓഫ് എൻജിനീയീറിങ്ങിൽ ബിടെക് 5, 7 സെമസ്റ്റർ ക്ലാസുകളാണ് ഇന്നലെ ആരംഭിച്ചത്. ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റർ ക്ലാസുകൾ 4ന് പുനരാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അദ്ധ്യാപകർ ഓരോ വിദ്യാർത്ഥിയെയും അവരുടെ വീടുകളിൽ വിളിച്ചു നേരിട്ടും രക്ഷിതാക്കൾ മുഖേനയും ആശ്വസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ജീവനക്കാർക്കും മാതാപിതാക്കൾക്കും ഫോണിൽ കൗൺസലർമാരുമായി ബന്ധപ്പെടാം. എല്ലാ ദിവസവും രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ 9037140611, 7594862553, 9778440326 എന്നീ നമ്പറുകളിലും വൈകിട്ട് 3.30 മുതൽ രാത്രി 9.30 വരെ 9846136125, 9074744351, 8368665997 എന്നീ നമ്പറുകളിലും സേവനം ലഭ്യമാണ്.
അതേ സമയം അപ്രതീക്ഷിത അപകടം നടന്ന കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ കഴിഞ്ഞ രണ്ട് മാസമായി ക്യാംപസിലെ വിദ്യാർത്ഥിസംഘടനാ നേതാവിന്റെ കൈവശമായിരുന്നു. രണ്ട് മാസം മുൻപ് വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കായി വാങ്ങിയ താക്കോൽ പിന്നീടു വിദ്യാർത്ഥി നേതാവ് തിരികെ നൽകിയില്ല.
ധിഷ്ണ ടെക്ഫെസ്റ്റിനായി 2 ദിവസത്തേക്കു സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. ഈ വിദ്യാർത്ഥികൾക്കു താക്കോൽ നൽകിയിരുന്നില്ല. അവരാകട്ടെ ചോദിച്ചു വാങ്ങിയതുമില്ല.
വിദ്യാർത്ഥികൾ എത്തുമ്പോൾ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടം തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മറ്റു 4 ഗേറ്റുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ദുരന്തം നടന്നതിനു ശേഷം താക്കോലുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് താക്കോൽ രജിസ്റ്റ്രാർ ഓഫിസിലോ ടെക്ഫെസ്റ്റ് നടത്തിയവരുടെ പക്കലോ ഇല്ലെന്നും 2 മാസമായി വിദ്യാർത്ഥി നേതാവിന്റെ കയ്യിലാണെന്നും വ്യക്തമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ