ന്യൂഡൽഹി: ലഷ്‌കറെ തയിബ ഭീകരനും 2015-ലെ ഉദ്ദംപുർ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഹാൻസല അദ്‌നാൻ പാക്കിസ്ഥാനിലെ കറാച്ചിയിൽ അജ്ഞതാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഡിസംബർ രണ്ടാം തീയതി അർധരാത്രിയോടെ കറാച്ചിയിലെ വീടിന് പുറത്തുവച്ചാണ് ഹാൻസല അദ്‌നാന് നേരേ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ശരീരത്തിൽനിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായും റിപ്പോർട്ടുകളിൽ പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ തലവനുമായ ഹാഫിസ് സയ്യിദിന്റെ അടുത്ത കൂട്ടാളിയാണ് കൊല്ലപ്പെട്ട അദ്നാൻ. ഡിസംബർ രണ്ടാം തീയതി രാത്രി വെടിയേറ്റ ഇയാളെ പാക്കിസ്ഥാൻ സൈന്യം രഹസ്യമായി കറാച്ചിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നതായാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഡിസംബർ അഞ്ചിന് മരിച്ചു.

2015-ൽ ഉദ്ദംപുരിൽ ബി.എസ്.എഫ്. വാഹനവ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് അദ്നാൻ. അന്നത്തെ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 13 ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

2016-ൽ കശ്മീരിലെ പാംപോറിൽ സിആർപിഎഫ്. ജവാന്മാർക്ക് നേരേ നടന്ന ഭീകരാക്രമണത്തിന് പിന്നിലും ഇയാളുടെ പങ്കാളിത്തമുണ്ടായിരുന്നു. ഈ ആക്രമണത്തിൽ എട്ട് സിആർപിഎഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 22 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ അദ്നാന് പാക് ചാരസംഘടനയായ ഐ.എസ്‌ഐ.യുടെയും പാക് സൈന്യത്തിന്റെയും പിന്തുണ ലഭിച്ചിരുന്നതായാണ് വിവരം. പാക് അധീന കശ്മീരിലെ ലഷ്‌കർ ക്യാമ്പിൽ പുതുതായി റിക്രൂട്ട് ചെയ്ത ഭീകരർക്ക് പരിശീലനം നൽകാനും ഇയാളെ നിയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അടുത്തിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മറ്റൊരു കൂട്ടാളിയെയും കറാച്ചിയിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ലഷ്‌കർ-ഇ-ത്വയ്ബ ആദ്യ അംഗങ്ങളിലൊരാളായിരുന്ന മുഫ്തി ഖൈസർ ഫാറൂഖിനെയാണ് അന്ന് കൊലപ്പെടുത്തിയത്.