തിരുവനന്തപുരം: വിവാഹത്തിന് സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടതിന് പിന്നാലെ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ യുവഡോക്ടർ ജീവനൊടുക്കിയതിൽ അന്വേഷണം തുടരുന്നതിനിടെ വനിതാ കമ്മിഷനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി ഷഹാനയുടെ ഉമ്മ. മെഡിക്കൽ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാനയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച യുവഡോക്ടറുടെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വെളിപ്പെടുത്തി. ഷഹാനയുടെ ഉമ്മയുടെ മൊഴി മെഡിക്കൽ കോളജ് പൊലീസ് ഉടനെ രേഖപ്പെടുത്തുമെന്നും, കമ്മിഷനോട് പറഞ്ഞ കാര്യങ്ങൾ പൊലീസിനു മൊഴിയായി നൽകിയാൽ കേസുമായി മുന്നോട്ടു പോകാനാകുമെന്നും വെഞ്ഞാറമൂട്ടിലെ വീടു സന്ദർശിച്ചശേഷം കമ്മിഷൻ അധികൃതർ വ്യക്തമാക്കി.

സഹോദരന്റെ മൊഴി മാത്രമാണ് നിലവിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന വിഷയത്തിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് താമസ സ്ഥലത്ത് ഷഹാനയെ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ സുഹൃത്തായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്താലാണ് ഡോ.ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ ആരോപണവിധേയനായ സുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

''വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചിട്ടുണ്ടെന്നു കൃത്യമായ തെളിവുണ്ടെങ്കിൽ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു സാഹചര്യമുണ്ട്. പൊലീസിൽനിന്നു വനിതാ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കുന്നതിനു നിർദ്ദേശം നൽകും. സ്ത്രീധന പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കിൽ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താനാകും'' വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

മുൻപ് പല വിവാഹ ആലോചനകളും വന്നെങ്കിലും പഠിക്കുന്നതിനാൽ ഷഹാനയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയറുമായ മലപ്പുറം സ്വദേശിയുടെ വിവാഹാലോചന വരുന്നത് മാസങ്ങൾക്കു മുൻപാണ്. ഒരേ പ്രഫഷൻ ആയതിനാൽ ഷഹാനയ്ക്കും താൽപര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായി.



വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് പറഞ്ഞു. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തിൽ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായി.

ഷഹാനയും മലപ്പുറം സ്വദേശിയുമായുള്ള വിവാഹക്കാര്യം അദ്ധ്യാപകർക്കും കൂട്ടുകാർക്കും അറിയാമായിരുന്നു. വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ വിഷമത്തിലായിരുന്നു ഷഹാന. പണം സമാഹരിക്കാൻ കഴിയാത്ത വിഷമം ഉമ്മയോട് പറഞ്ഞിരുന്നു. ഉമ്മയുടെ മൊഴിയിൽ കേസ് എടുക്കാനുള്ള സാഹചര്യമുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലാണ് ഇപ്പോൾ സ്ത്രീധന പ്രശ്‌നം കൂടുതലായി കാണുന്നത്. സ്ത്രീധനം ചോദിച്ചാൽ ആ ബന്ധം വേണ്ടെന്നു വയ്ക്കാനുള്ള ആർജവം പെൺകുട്ടികൾ കാണിക്കണമെന്നും പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ.മഹിളാമണിയും എലിസബത്ത് മാമ്മൻ മത്തായിയും അധ്യക്ഷയ്ക്കൊപ്പമുണ്ടായിരുന്നു.

ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, അഞ്ചേക്കർ ഭൂമിയും ഒരു കാറും നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചു. അതുപോര കാർ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വർണവും വേണമെന്ന ആവശ്യത്തിൽ യുവാവിന്റെ വീട്ടുകാർ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

വിവാഹം നിശ്ചയിച്ച സുഹൃത്തുമായി ഒരു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇത്രയും അടുപ്പമുള്ള ആൾ പണത്തിന് വേണ്ടി വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ഷഹ്നയെ മാനസികമായി തളർത്തിയത്. വിഷയത്തിൽ ബന്ധുക്കൾ യുവാവിന്റെ കുടുംബത്തിനെതിരെ പ്രത്യേകം പരാതി നൽകിയേക്കുമെന്നാണ് സൂചന.

സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിയിരുന്നു. അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ സുഹൃത്ത് പി.ജി. മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനയുടെ സംസ്ഥാന നേതാവാണ്. രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ഇവരുടെ കുടുംബം കേസ് തേച്ചുമായ്ച്ച് കളയുമെന്ന ഭയത്തിലാണ് യുവതിയുടെ കുടുംബം.

രണ്ടു വർഷം മുൻപാണ് ഷഹ്നയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്. രണ്ടു സഹോദരങ്ങളുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.