കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യം അല്ലാത്ത വിഭവങ്ങൾ വിളമ്പി വിഷബാധയേറ്റ വിഷയത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് നാൽപ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

2019 മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫൻ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

സുഹൃത്തിന്റെ മകന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് നില വഷളായതിനാൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ആശുപത്രിവാസം അനുഭവിച്ച് ചികിത്സ തേടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയും എക്‌സൈസ് ഉദ്യോഗസ്ഥനുമായ വി. ഉന്മേഷ്, ഭക്ഷണ വിതരണക്കാരായ സെന്റ്.മേരിസ് കാറ്ററിങ് സർവീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

കോട്ടയം, കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിങ് ഏജൻസിയിൽ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോർട്ടും കോടതി പരിഗണിച്ചു. കൂടാതെ, വിവാഹത്തിൽ പങ്കെടുത്ത മറ്റു പത്തോളം പേർക്കും ഭക്ഷ്യ വിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി.

മേൽ സാഹചര്യത്തിൽ കാറ്ററിങ് ഏജൻസിയുടെ ഭാഗത്തുനിന്നും സേവനത്തിൽ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി, നഷ്ടപരിഹാരമായി 40000/ രൂപ 9%പലിശ നിരക്കിൽ 30 ദിവസത്തിനകം പരാതിക്കാന് നൽകാൻ ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.