- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കായിക മന്ത്രി ഉറപ്പുനൽകിയത് സമ്മാനത്തുക ഒരാഴ്ചയ്ക്കുള്ളിൽ അക്കൗണ്ടിൽ എത്തുമെന്ന്; പാരിതോഷികം പ്രഖ്യാപിച്ചിട്ട് ഒന്നര മാസം; ആർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സർക്കാർ

തിരുവനന്തപുരം: രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സംസ്ഥാന സർക്കാർ. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കേരളാ താരങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഒന്നര മാസം കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല.
ഗെയിംസിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് അതത് സർക്കാരുകൾ വൻതുക പാരിതോഷികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി താരങ്ങളെ അഭിനന്ദിക്കാൻ പോലും തയ്യാറാകാതിരുന്ന സർക്കാരിന്റെ നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാദങ്ങൾ ഉയർന്നതോടെ ഒക്ടോബർ 18-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കായികതാരങ്ങൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നു കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉറപ്പുനൽകിയിട്ട് ഒന്നര മാസം കഴിഞ്ഞെങ്കിലും ഇതുവരെ ആർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ കായികതാരങ്ങളെയും പറഞ്ഞു പറ്റിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
സംസ്ഥാനത്തു നിന്ന് മതിയായ പ്രോൽസാഹനം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടി മെഡൽ ജേതാക്കളിൽ പലരും കേരളം വിടുന്നതായി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബർ 18ന് മന്ത്രിസഭ പത്ത് മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക തീരുമാനിച്ചത്. സ്വർണം നേടിയവർക്ക് 25 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവുമായിരുന്നു പ്രഖ്യാപിച്ചത്.
അടുത്ത ദിവസം തന്നെ മെഡൽ ജേതാക്കളെ ആദരിക്കാൻ തലസ്ഥാനത്ത് കായിക വകുപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമ്മാനത്തുക അവിടെ വിതരണം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമ്മാനിച്ചത് മെമന്റോ മാത്രം. പിന്നാലെ പ്രസംഗിച്ച കായിക മന്ത്രിയാണ് ഒരാഴ്ചയ്ക്കകം കായികതാരങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തുമെന്ന് അറിയിച്ചത്. പക്ഷേ അതും വെറുംവാക്കായി. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ട്രഷറി നിയന്ത്രണം തന്നെയാണു തടസ്സം.
ഇതുവരെ തുകയൊന്നും ലഭിച്ചില്ലെന്ന് പുരുഷ ലോങ്ജമ്പിൽ വെള്ളി നേടിയ എം. ശ്രീശങ്കറിന്റെ പിതാവ് മുരളിയും വനിതാ ലോങ്ജമ്പിൽ വെള്ളി നേടിയ ആൻസി സോജന്റെ പിതാവ് സോജനും പ്രതികരിച്ചു.
പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ പി. ആർ ശ്രീജേഷ്, 4400 മീറ്റർ പുരുഷ റിലേയിൽ സ്വർണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, പുരുഷ ലോങ്ജമ്പിൽ വെള്ളി നേടിയ എം. ശ്രീശങ്കർ, വനിതാ ലോങ്ജമ്പിൽ വെള്ളി നേടിയ ആൻസി സോജൻ, 800 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് അഫ്സൽ, ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളി നേടിയ എം.ആർ അർജുൻ, 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൻ ജോൺസൺ, വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ താരം മിന്നുമണി, സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ദീപിക പള്ളിക്കൽ എന്നിവരാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾ.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റ് കായികതാരങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാരുകൾ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് പി.ആർ ശ്രീജേഷ് പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും കേരള സർക്കാർ അവഗണിച്ചെന്നും സർക്കാർ പ്രതിനിധികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ വാക്കുകൾ.
ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ സംസ്ഥാനത്തു നിന്ന് മതിയായ പ്രോത്സാഹനം കിട്ടുന്നില്ലെന്ന് പറഞ്ഞ് മെഡൽ ജേതാക്കളിൽ പലരും കേരളം വിടുന്നതായും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്. ഹരിയാനയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ഏഷ്യൻ ഗെയിംസ് മെഡലുകളുമായി എത്തിയ തങ്ങളുടെ താരങ്ങൾക്ക് വൻ തുകയാണ് പാരിതോഷികമായി നൽകിയത്.


