- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എല്ലാവർക്കും വേണ്ടത് പണമാണ്, അവർക്ക് എന്തിനാണ് ഇത്രയും സ്വത്ത്; മനുഷ്യനും സ്‌നേഹത്തിനും വിലയില്ലേ'; ഷഹന അവസാനവാക്കുകൾ കുറിച്ചത് ആശുപത്രിയിലെ ഒ.പി. ടിക്കറ്റിൽ; ഉള്ളിലിത്രയും സങ്കടമുണ്ടായിരുന്നുവെന്നത് പുറത്ത് കാണിച്ചില്ലെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്. മനുഷ്യനും സ്‌നേഹത്തിനും വിലയില്ലേയെന്നും ഷഹ്ന കുറിച്ചു. ആശുപത്രിയിലെ ഒപി ടിക്കറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.
''എല്ലാവർക്കും വേണ്ടത് പണം, ഇവിടെ സ്നേഹത്തിന് യാതൊരുവിലയുമില്ല', ജീവനൊടുക്കിയ യുവ ഡോക്ടർ ഷഹനയുടെ നൊമ്പരപ്പെടുത്തുന്ന വരികളാണിത്. 'അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു' എന്ന് ഡോ.ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി. അവന്റെ സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം ആവശ്യപ്പെടുന്നത് എന്ന ചോദ്യവും കുറിപ്പിലുണ്ടെന്നാണ് വിവരം.
സ്ത്രീധനത്തിന്റെ പേരിൽ നേരത്തെ തീരുമാനിച്ച വിവാഹത്തിൽനിന്ന് സുഹൃത്തായ ഡോ. ഇ.എ. റുവൈസ് പിന്മാറിയപ്പോഴാണ് ഷഹന ഒ.പി. ടിക്കറ്റിൽ കുറിച്ചത്. യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏറെ നിർണായകമായ തെളിവും ഈ ആത്മഹത്യാക്കുറിപ്പാണ്.
ആശുപത്രിയിലെ ഒ.പി. ടിക്കറ്റിലാണ് ഷഹന തന്റെ അവസാനവാക്കുകൾ കുറിച്ചിട്ടിരുന്നതെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. എല്ലാവർക്കും വേണ്ടത് പണമാണ്, അവർക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായിപ്പോയല്ലോ, ഇവിടെ സ്നേഹത്തിന് യാതൊരുവിലയുമില്ല' തുടങ്ങിയ വരികളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.
അതേസമയം, ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് ക്യാംപസിൽ ഡോ.ഷഹ്ന അനുസ്മരണം നടക്കും. ഡോ.ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ സാഹചര്യത്തെളിവുകൾ ഡോ.റുവൈസിന് എതിരാണെന്ന് പൊലീസ് വെളിപ്പെടുത്തി.
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഫ്‌ളാറ്റിൽ ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി സർജറി ഐ.സി.യു.വിൽ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാൽ സഹപാഠികൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഡോക്ടർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മർദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിസംഘടന പ്രവർത്തനത്തിൽ ഉൾപ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചിരുന്നു. എന്നാൽ, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ ഉയർന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവർ ചോദിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേൾക്കും' എന്നായിരുന്നു ഇയാളുടെ വാക്കുകൾ. ഷഹനയുടെ മരണത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും പ്രതിയെ ഏറെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നും ഇയാളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമായിരുന്നു.
അതേ സമയം വിവാഹം മുടങ്ങിയതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ഡോ. ഷഹ്നയെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ പറയുന്നു വിവാഹം മുടങ്ങിയത് സ്ത്രീധന പ്രശ്‌നം മൂലമാണെന്ന് ഷഹ്ന വൈകിയാണ് അറിഞ്ഞത്. ഇതോടെ മാനസികമായി തകർന്ന ഷഹ്ന രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് വീട്ടിൽ പോയി. ഷഹ്നയും റുവൈസുമായുള്ള ബന്ധം കോളജിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
''ഇരുവീട്ടുകാരുമായുള്ള സംസാരത്തിനു പിന്നാലെ ഷഹ്നയെ ആകെ വിഷമത്തോടെയാണ് കണ്ടിരുന്നത്. ലീവെടുത്ത് വീട്ടിൽ പോയി തിരികെ എത്തിയ ശേഷം വീട്ടുകാരെ എങ്ങനെയും സംസാരിച്ച് സമ്മതിപ്പിക്കാമെന്ന പ്രതീക്ഷ ഷഹ്നയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ വീട്ടുകാരെ എതിർത്ത് തീരുമാനമെടുക്കാൻ പറ്റില്ലെന്ന് റുവൈസിന്റെ മറുപടി വന്നതിനു പിന്നാലെ ഷഹ്ന തകർന്നു പോയി'' സുഹൃത്തുക്കളായ ഡോ. ഷോബിനും ഡോ. ഗ്യാനേഷും പറഞ്ഞു.
''ഒരുമാസമായി ഷഹ്നയെ വളരെ വിഷമത്തോടെയാണ് എല്ലാവരും കണ്ടത്. വീട്ടുകാർ തമ്മിൽ നടന്ന കല്യാണാലോചനയ്ക്കു ശേഷമാണ് ഷഹ്ന വല്ലാതെയായത്. ഷഹ്നയും ഡോ. റുവൈസും റിലേഷൻഷിപ്പിലായിരുന്നു. വിവാഹവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നതാണ്. വീട്ടുകാർ ഇടപെട്ടുള്ള വിവാഹാലോചന നടന്നതിനുശേഷം മുന്നോട്ടു പോകാനാവില്ലെന്ന വാർത്തയാണ് പിന്നീട് ഞങ്ങളറിഞ്ഞത്.
ഷഹ്ന ആകെ വല്ലാതെയായിരുന്നുവെങ്കിലും ബന്ധം തകർന്നതിന്റെ വിഷമത്തിലാണ് ഞങ്ങളതിനെ കണ്ടത്. അവളും അങ്ങനെയാണ് പറഞ്ഞത്. സ്ത്രീധനമെന്ന വലിയ തെറ്റ് അതിനു പിന്നിലുണ്ടെന്ന് ആദ്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുറച്ച് നാൾ ലീവൊക്കെ എടുത്ത് അവൾ വീട്ടിൽ പോയി സെറ്റിലായിട്ടാണ് തിരികെ വീണ്ടും വന്ന് ഡ്യൂട്ടിക്ക് ജോയിൻ ചെയ്തത്. തിരിച്ചുവന്നതിനു പിന്നാലെ എല്ലാവരോടും നോർമലായാണ് ഷഹ്ന പെരുമാറിയത്. ഞങ്ങൾക്കൊപ്പം പുറത്തൊക്കെ വന്നിരുന്നുവെങ്കിലും അവളുടെ മനസിനെ ആ പ്രശ്‌നം വല്ലാതെ ഉലച്ചിരുന്നു.
വീട്ടുകാരോടു പിന്നീട് സംസാരിച്ചപ്പോഴാണ് സ്ത്രീധനത്തിന്റെ കാര്യം ഞങ്ങളൊക്കെ അറിഞ്ഞത്. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാമെന്നായിരുന്നു ഇരുവരുടെയും ആദ്യത്തെ നിലപാട്. പിന്നീട് വീട്ടുകാർ പറയുന്നതിനപ്പുറം പോകാൻ പറ്റില്ലെന്ന നിലപാട് റുവൈസ് എടുത്തത് ഷഹ്നയ്ക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു. കല്യാണം മുടങ്ങിയെന്ന് പറഞ്ഞു. ഭയങ്കര വിഷമത്തിലായിരുന്നു.
സംഭവത്തിനു തലേന്ന് ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലൊരു ബർത്‌ഡേ പാർട്ടി ഉണ്ടായിരുന്നു. അതിനും ഷഹ്ന ഞങ്ങളുടെ കൂടെ വന്നിരുന്നു. പുറമെയ്‌ക്ക് വളരെ സന്തോഷവതിയായിരുന്നു. ഉള്ളിലിത്രയും സങ്കടമുണ്ടായിരുന്നുവെന്നുള്ളത് അവൾ പുറത്ത് കാണിച്ചില്ല. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്'' സുഹൃത്തുക്കൾ പറഞ്ഞു.


