ലണ്ടൻ: ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്ത് കൂടുതൽ ശക്തമാവുകയാണ്. ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ വൈസ് പ്രസിഡണ്ടുമുള്ളപ്പോൾ, പല സ്വകാര്യ കോർപ്പറേറ്റുകളുടെ തലപ്പത്തും ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം അറിയാനാവും. ഇന്ത്യയുടെ തിളക്കമാർന്ന യാത്രയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഡോക്ടർ സമീർ ഷാ എന്ന ഇന്ത്യൻ വംശജൻ. റിച്ചാർഡ് ഷാർപ്പ് രാജിവെച്ച് ഒഴിവിലേക്ക് പുതിയ ബി ബി സി ചെയർമാനായി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് ഔറംഗാബാദിൽ ജനിച്ച ഈ 72 കാരനെയാണ്.

നിയമനത്തിന് മുൻപായി ബോറിസ് ജോൺസനുമായി ചില ഇടപാടുകൾ നടത്തി നിയമം ലംഘിച്ചു എന്ന ആരോപണത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു മുൻ ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചത്. തുടർന്ന്, ഒരു ബി ബി സി ബോർഡ് അംഗമായ ഡെയിം എലൻ ക്ലോസ്സ് സ്റ്റീഫെൻസ് താത്ക്കാലികമായി ആ ചുമതല നിർവ്വഹിക്കുകയായിരുന്നു. രാഷ്ട്രീയപരമായി ബി ബി സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ചെയർമാനെ നിയമിക്കുന്നത് ബ്രിട്ടീഷ് സർക്കാരാണ്.

സമീർ ഷായുടെ സമ്പന്നമായ അനുഭവപരിചയമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ പ്രേരിപ്പിച്ചതെന്ന് കൾച്ചറൽ സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞു. ബി ബി സി യെ വെല്ലുവിളികൾ അതിജീവിച്ച് മുൻപോട്ട് കൊണ്ടുപോകാൻ ഷായ്ക്ക് കഴിയുമെന്ന ആത്മവിശ്വാസവും കൾച്ചറൽ സെക്രട്ടറി പ്രകടിപ്പിച്ചു. സർക്കാർ നോമിനിയായതിൽ സന്തോഷമുണ്ടെന്നായിരുന്നു സമീർ ഷായുടെ പ്രതികരണം. സർക്കാരിന്റെ ഈ നിർദ്ദേശത്തെ ഡി സി എം എസ് സെലെക്ട് കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്. അതു കഴിഞ്ഞാൽ പ്രിവി കൗൺസിലിന്റെയൂം രാജാവിന്റെയും അംഗീകാരത്തിനായി ഈ നിർദ്ദേശം പോകും. അതുകഴിഞ്ഞായിരിക്കും സമീർ ഷാ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക.

ഇന്ത്യയിലെ ഔറംഗാബാദിൽ 1952- ൽ ജനിച്ച സമീർ ഷാ 1960 ൽ ആണ് ബ്രിട്ടനിലെക്ക് പോകുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം ഇംഗ്ലണ്ടിലായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹള്ളിൽ നിന്നും ഭൂമിശാസ്ത്രത്തിൽ ബിരുദമെടുത്ത അദ്ദേഹം ഓക്സ്ഫോർഡ്, സെയിന്റ് കാതറിൻസ് കോളേജിൽ നിന്നാണ് പി എച്ച് ഡി എടുക്കുന്നത്. 1979-ൽ ലണ്ടൻ വീക്കെൻഡ് ടെലിവിഷനിലൂടെയാണ് അദ്ദേഹം മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത്. 1994 മുതൽ 1998 വരെ ബി ബി സിയുടെ കറന്റ് അഫയേഴ്സ് ടി വി പരിപാടികളുടെ തലവൻ ആയി പ്രവർത്തിച്ച അദ്ദേഹം ബി ബി സിയുടെ പൊളിറ്റിക്കൽ ജേർണലിസം പരിപാടികളുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

1998-ൽ അന്ന് എം പി ആയിരുന്ന മൈക്കൽ വിൽസിൽ നിന്നും ജുപ്പീറ്റർ ടിവി സ്വന്തമാക്കിയ സമീർ ഷാ അന്നുമുതൽ അതിന്റെ സി ഇ ഒ യും ക്രിയെറ്റീവ് ഡയറക്ടറുമാണ്. ബി ബി സി, ചാനൽ 4, ജിയോഗ്രാഫിക്, ഡിസ്‌കവറി, ടി എൽ സി, നെറ്റ്ഫ്ളിക്സ് എന്നിവയിലെല്ലാം ജുപ്പീറ്റർ ടി വി യുടെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്. 2007-ൽ അദ്ദേഹം, ബി ബി സിയുടെ മൂന്ന് നോൺ-എക്സിക്യുട്ടീവ് ഡയറക്ടർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.