കാലാവസ്ഥാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം ഉറപ്പിക്കുന്നതിൽ ഏറെ പ്രധാന പങ്ക് വഹിച്ച ഒരു വനിതാ ശാസ്ത്രജ്ഞയുണ്ട്, 1918-ൽ, അന്നത്തെ തിരുവിതാംകൂറിൽ ജനിച്ച അന്ന മാണി. അതേസമയം തന്നെ ശാസ്ത്രജ്ഞ്ന്മാർക്ക് ഓസോണി പാളി നിരീക്ഷിക്കുന്നതിനെ വളരെ എളുപ്പമുള്ളതാക്കുകയും ചെയ്തു അവർ. 1964-ൽ അവർ ഇന്ത്യയുടെ ആദ്യത്തെ ഓസോൺസോണ്ട് നിർമ്മിച്ചു. ഓസോൺസോണ്ട് എന്ന ഈ ഉപകരണമാണ് ബലൂണുകളുമായി ബന്ധിപ്പിച്ച് ഭൗമോപരിതലത്തിൽ നിന്നും 35 കിലോമീറ്റ ഉയരത്തിൽ വരെ എത്തി ഓസോണിന്റെ സാന്നിദ്ധ്യം അളക്കുന്നത്.

1980 കൾ ആയപ്പോഴേക്കും ഇന്ത്യയുടെ അന്റാർട്ടിക്ക പര്യവേഷണ സംഘം അന്ന മാണി കണ്ടുപിടിച്ച ഓസോൺസോണ്ട് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. അതുകൊണ്ടു തന്നെ ഭൗമശാസ്ത്രജ്ഞനായ ജോസഫ് ഫാർമാൻ 1985-ൽ ഭൂമിയുടെ ദക്ഷിണ ധ്രുവത്തിന് മുകളിലായി ഓസോൺ പാളിയിൽ ഒരു വലിയ ദ്വാരം കണ്ടെത്തിയപ്പോൾ, ഓസോൺസോണ്ട് ഉപയോഗിച്ച തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ പുറത്ത് വിട്ട് അതിനെ സ്ഥിരീകരിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർക്കായി.

അതുമാത്രമല്ല, ഹരിത സാങ്കേതിക വിദ്യ നിർബന്ധമാവുന്നതിനും വളരെ മുൻപ് തന്നെ ഇന്ത്യയിൽ ഹരിതസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് അടിത്തറ പാകിയതും അന്ന മാണി ആയിരുന്നു. 1980 കളിലും 90 കളിലുമായി വാതോർജ്ജത്തെ (കാറ്റിന്റെ ഊർജ്ജം) പഠിക്കുന്നതിനായി 150 സൈറ്റുകൾ അവർ ക്രമീകരിച്ചു. അവയിൽ ചിലതെല്ലാം തികച്ചും ഉൾനാടുകളിലായിരുന്നു. എന്നാലും, അവർ തന്റെ ചെറിയ സംഘങ്ങളുമായി അവിടം സന്ദർശിച്ച് കാറ്റിന്റെ ശക്തി അളക്കുന്നതിനുള്ള സ്റ്റേഷനുകൾ സ്ഥാപിച്ചു.

ഇതുവഴി ഇവർ ശേഖരിച്ച വിവരങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാറ്റാടി പാടങ്ങൾ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിച്ചതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകനായിരുന്ന സി ആർ ശ്രീധരൻ, അന്ന മാണിയെ കുറിച്ചുള്ള തന്റെ ലേഖനത്തിൽ എഴുതുന്നു. സ്ത്രീകൾ ഉന്നത പഠനം നടത്തുന്നതും, ശാസ്ത്രരംഗത്തേക്ക് കടന്നു വരുന്നതുമെല്ലം അത്ര സാധാരണമല്ലാതിരുന്ന കാലത്തായിരുന്നു അന്ന മാണി കാലാവസ്ഥയെ കുറിച്ച് പഠിക്കുവാനുള്ള അഭിനിവേശവുമായി രംഗത്തെത്തുന്നത്.

ഒരു സമ്പന്ന കുടുംബത്തിലെ എട്ട് മക്കളിൽ ഏഴാമത്തെ മകൾ ആയിട്ടായിരുന്നു അന്ന മാണിയുടെ ജനനം. വിവാഹ പ്രായമായപ്പോൾ തന്റെ സഹോദരിമാരെ പോലെ വിവാഹം കഴിച്ച് കുടുംബ ജീവിതവുമായി ഒതുങ്ങിക്കൂടാതെ പഠനം തുടരാനായിരുന്നു അവർ തീരുമാനിച്ചത്. ഒരു ഡോക്ടർ ആകണമെന്നായിരുന്നു അന്ന മാണിയുടെ ആഗ്രഹം. അത് നടക്കാതെ വന്നതോടെയായിരുന്നു തന്റെ ഇഷ്ടവിഷയമായ ഭൗതികശാസ്ത്രം അവർ തിരഞ്ഞെടുക്കുന്നത്.

മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദം നേടിയശേഷം അവർ ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സയൻസിലെ, സി വി രാമൻ ലബോറട്ടറിയിൽ കുറച്ചു നാൾ രത്നത്തെ കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടു. പിന്നീട് സർക്കാർ സ്‌കോളർഷിപ്പോടെ വിദേശ പഠനത്തിനായി പോവുകയായിരുന്നു. ഈ സ്‌കോളർഷിപ്പ് പക്ഷെ ഭൗതിക ശാസ്ത്രം പഠിക്കുന്നതിനായിരുന്നില്ല, മറിച്ച് അന്ന് ഇന്ത്യ ഏറെ വൈദഗ്ധ്യം നേടാൻ ആഗ്രഹിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളെ കുറിച്ചുള്ള പഠനത്തിനായിരുന്നു.

അടുത്ത മൂന്ന് വർഷങ്ങൾ, കാലാവസ്ഥാ ഉപകരണങ്ങൾ ഉണ്ടാക്കുകയും, പരീക്ഷിക്കുകയും, കാലിബെറേറ്റ് ചെയ്യുകയും, സ്റ്റാൻഡേർഡൈസ് ചെയ്യുകയും ഒക്കെ എങ്ങനെയെന്ന് അവർ പഠിച്ചു. 1948-ൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയ അവർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ ജോലിക്ക് കയറി. അവിടെ വച്ചാണ് താൻ വിദേശത്തു നിന്നും പഠിച്ച ശാസ്ത്ര- സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യയ്ക്കായി കാലാവസ്ഥാ ഉപകരണങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്. അതിനു മുൻപ് ഇന്ത്യ ഇവയൊക്കെ ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

മഴയുടെ തോത്, താപനില, അന്തരീക്ഷ മർദ്ദം എന്നിവ തുടങ്ങി കാലാവസ്ഥയുടെ വിവിധ ഭാഗങ്ങൾ അളക്കുന്നതിനായി നൂറോളം വ്യത്യസ്ത ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ഒരു വർക്ക്ഷോപ്പ് അവർ തയ്യാറാക്കി. എഞ്ചിനിയറിങ് സ്പെസിഫിക്കേഷനുകൾ, ഡ്രോയിംഗുകൾ, ഉപകരണങ്ങൾക്കുള്ള മാനുവലുകൾ എന്നിവയെല്ലാം അവർ തന്നെയായിരുന്നു തയ്യാറാക്കിയത്. താൻ നിർമ്മിക്കുന്ന ഉപകരണങ്ങൾ എല്ലാം തന്നെ ഉന്നത ഗുണനിലവാരം പുലർത്തുന്നവയായിരിക്കണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

സൗര വികിരണ തോത് അളക്കാനുള്ള ഉപകരണവും അവർ കണ്ടുപിടിച്ചു. അതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റേഡിയേഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചു. റിന്യുവബിൾ എനർജി സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് ഇവിടെയായിരുന്നു. എന്നാൽ, തൊഴിലിടങ്ങളിൽ പലപ്പോഴായി ഏറെ വിവേചനം അവർക്ക് നേരിടേണ്ടി വന്നതായി അവർ തന്നെ പറഞ്ഞിട്ടുണ്ട്. ലബോറട്ടറികളിലും മറ്റും പുരുഷമേധാവിത്വം വലുതായിരുന്നു. 1960 കളിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേഷണം നടത്തുന്ന ഒരു അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമാകാൻ അവർക്ക് അവസരം ലഭിച്ചു.

രണ്ടു കപ്പലുകളിൽ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു അവർക്ക്. എന്നാൽ, ആ ഉപകരണങ്ങളിലെ റീഡിങ് എടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അന്ന് ഇന്ത്യൻ നേവിയുടെ കപ്പലുകളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതായിരുന്നു കാരണം. എന്നാൽ, ഈ വിവേചനങ്ങളിൽ ഇരവാദം ഉയർത്തി പേരെടുക്കാൻ ശ്രമിക്കാതെ തന്റെ കർമ്മ മണ്ഡലത്തിൽ വ്യാപൃതയാവുകയായിരുന്നു അവർ. ശാസ്ത്രത്തെ പ്രണയിച്ച്, ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടർന്ന അന്ന മാണി, 2001-ൽ തിരുവനന്തപുരത്ത് വച്ചാണ് നിര്യാതയാകുന്നത്.