റായ്പുർ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതോടെ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.

59-കാരനായ സായി ഗോത്രവർഗ വിഭാഗത്തിൽനിന്നുള്ള ഛത്തീസ്‌ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ വിശ്വസ്തനായിരുന്നു. നാല് തവണ എംപി ആയ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയിൽ സ്റ്റീൽ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ആയിരുന്നു.

റായ്പൂരിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ അർജിൻ മുണ്ട, സർബാനന്ദ സോനോവാൾ, മൻസുഖ് മാണ്ഡവ്യ, പാർട്ടി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ഛത്തീസ്‌ഗഢിന്റെ ചുമതല വഹിക്കുന്ന ഓം മാഥൂർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്‌ഗഢിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളിൽ 54ഉം നേടി ബിജെപി വൻ വിജയമാണ് ഛത്തീസഗ്ഢിൽ നേടിയത്.

ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. ഛത്തീസ്‌ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ ലോക്‌സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്‌ഗഡ് ബിജെപി അധ്യക്ഷനുമായിരുന്നു. 1990,1993 വർഷങ്ങളിൽ മദ്ധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇത്തവണ കോൺഗ്രസ് എംഎൽഎയായ യുഡി മിഞ്ചിനെയാണ് പരാജയപ്പെടുത്തിയത്.