- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ബുക്കിങ്ങ് ഇല്ലാതെ ദിവസവും പതിനായിരം പേർ വരെ ദർശനം നടത്തുന്നു'; ക്യൂ കോപ്ലക്സിലടക്കം സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ദർശനം നടത്തിവന്ന അഭിഭാഷകൻ; തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാരും; തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കും

കൊച്ചി: ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുള്ള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നതടക്കം പരിഗണിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്‌സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും.
ശബരിമലയിൽ ദർശനത്തിന് 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്നതായി ഭക്തരുടെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരക്ക് പരിഹരിക്കുന്നതിന് ഹൈക്കോടതി അന്ന് ചില നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ശബരിമലയിൽ തിരക്ക് തുടരുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നും വിഷയം പരിഗണിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.
ശബരിമലയിൽ തിരക്ക് ഇപ്പോഴും തുടരുകയാണെന്നാണ് അവിടെ പോയി ദർശനം നടത്തി തിരിച്ചുവന്ന അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. ക്യൂ കോപ്ലക്സിൽ അടക്കം ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. ഇതിന് പിന്നാലെയാണ് തീർത്ഥാടകരുടെ പരാതി പഠിക്കാനായി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും തിരക്ക് തമ്മിൽ ഹൈക്കോടതി താരതമ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഭക്തർക്ക് ഇത്രനേരം ദർശനത്തിനായി കാത്തുനിൽക്കേണ്ടി വന്നിട്ടില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ബുക്കിങ്ങ് ഇല്ലാതെ ദിവസവും 5000 മുതൽ 10000 പേർ വരെ ദർശനം നടത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി. എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുള്ള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
തിരക്ക് അനിയന്ത്രിതമായതോടെ വിഷയത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ശബരിമലയിൽ ദർശന സമയം ഒന്നര മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിൽ വെർച്ച്വൽ ക്യൂ വഴിയുള്ള ഭക്തരുടെ എണ്ണം പ്രതിദിനം എൺപതിനായിരം ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് സർക്കാർ നീക്കം.
അതേ സമയം ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് തീരുമാനം. തീർത്ഥടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് എഡിജിപി വിശദാംശങ്ങൾ അറിയിക്കുക. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ദർശന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചതായി ദേവസ്വം ബോർഡും വ്യക്തമാക്കും. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചത്. വെർച്വൽ ക്യൂ വഴി ഇന്ന് 90000 പേരാണ് ബുക്ക് ചെയിതിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേരാക്കി ചുരുക്കിയെങ്കിലും ഇന്നത്തെ തിരക്ക് നേരത്തെ ബുക്കിങ് അടിസഥാനമാക്കിയുള്ളയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70,000-ത്തോളം പേരും. വെർച്വൽ ക്യു 75,000 ആയി കുറക്കാനാണ് പുതിയ നിർദ്ദേശം.
തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 17 മണിക്കൂർ ദർശനസമയം എന്നത് രണ്ടു മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാൽ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ശബരിമലയിലേക്കുള്ള തീർത്ഥാടക പ്രവാഹത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം റൂട്ടിൽ കണമല മുതൽ എലവുങ്കൽ വരെയാണ് ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്. ഇടത്താവളങ്ങൾ നിറഞ്ഞ നിലയിലാണ്. നിലയ്ക്കലിലെ പാർക്കിങ് നിറഞ്ഞതോടെ വാഹനങ്ങൾ ഇടയ്ക്കിടെ തടയുന്നതും വാഹനകുരുക്കിന് കാരണമാകുന്നത്.


