- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരിക്കൽകൂടി പ്രതീക്ഷിച്ച ശിവരാജ് സിങ് ചൗഹാനെ 'ഒഴിവാക്കി'; രാജിവച്ച കേന്ദ്രമന്ത്രിമാരെയും പരിഗണിച്ചില്ല; രാഷ്ട്രീയ നിരീക്ഷകരെ വീണ്ടും ഞെട്ടിച്ച് ബിജെപി; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും നയിക്കാൻ 'പുതിയ' മുഖ്യമന്ത്രിമാർ; രാജസ്ഥാനിലും പുതുമുഖമോ?

ഭോപ്പാൽ: ഛത്തീസ്‌ഗഢിന് പിന്നാലെ മധ്യപ്രദേശിലും 'പുതുമുഖ' മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് രാഷ്ട്രീയ നിരീക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞാണ് മുന്മന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. ആർഎസ്എസ് പിന്തുണയിൽ കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായാണ് മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ചേർന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മോഹൻ യാദവിന്റെ പേര് നിർദ്ദേശിച്ചത്.
ഹിന്ദിഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച ബിജെപി പക്ഷേ, മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതിൽ വരുത്തിയ കാലതാമസം നിരവധി അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഛത്തീസ്‌ഗഢിൽ ഞായറാഴ്ചയും മധ്യപ്രദേശിൽ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുകയുണ്ടായി. ചൊവ്വാഴ്ച രാജസ്ഥാനിൽ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ നിലവിൽ പ്രഖ്യാപിച്ച രണ്ട് സംസ്ഥാനങ്ങളിലും സാധ്യതാ പട്ടികയിലൊന്നും ഇടംപിടിക്കാതിരുന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്. ആദിവാസി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തീസ്‌ഗഢിലും മുൻ മന്ത്രിയും ഒബിസി നേതാവുമായ മോഹൻ യാദവ് മധ്യപ്രദേശിലും മുഖ്യമന്ത്രിയാകും.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിപദം സംബന്ധിച്ച് ഉൾതിരിഞ്ഞ ഒരുചർച്ചയിലും കടന്നുവരാത്ത പേരുകളായിരുന്നു ഇരുവരുടേതും. രമൺ സിങ്, അരുൺ സാവ്, ഒ.പി. ചൗധരി, രേണുക സിങ് തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു ഛത്തീസ്‌ഗഢിൽ ഉയർന്നുകേട്ടത്. എന്നാൽ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ വിഷ്ണുദേവിനാണ് നറുക്ക് വീണത്.
മധ്യപ്രദേശിൽ ഇത്തവണ അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നിൽ ശിവരാജ് സിങ്ചൗഹാനാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഒരിക്കൽ കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമർ, ബിജെപി. ദേശീയ ജനറൽ സെക്രട്ടറി വിജയ് വാർഗിയ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.
ഒബിസി വിഭാഗക്കാരെ പരിഗണിക്കുമ്പോൾ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചത്തിയ മറ്റൊരു നേതാവ് പ്രഹ്ലാദ് സിങ് പട്ടേലായിരുന്നു മുൻനിരയിൽ. എന്നാൽ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് മോഹൻ യാദവിനെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. 'എന്നെ പോലുള്ള ഒരു എളിയ പ്രവർത്തകന് ഇത്തരത്തിലുള്ള വലിയ ഉത്തരവാദിത്തം നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ,വി.ഡി.ശർമ തുടങ്ങിയ നേതാക്കൾ ഞാൻ നന്ദി പറയുന്നു'മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹൻ യാദവ് പ്രതികരിച്ചു.
ദക്ഷിണ ഉജ്ജൈൻ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് അദ്ദേഹം. ഇത്തവണ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ചേതൻ പ്രേംനാരായൺ യാദവിനെ തോൽപിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965 മാർച്ച് 25ന് ഉജ്ജയിനിൽ ജനിച്ച മോഹൻ യാദവ് ബിസിനസുകാരൻ കൂടിയാണ്.
രാജേന്ദ്ര ശുക്ല, ജഗ്ദീശ് ദേവ്ദ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും നരേന്ദ്ര സിങ് തോമറിനെ സ്പീക്കറായും യോഗം തിരഞ്ഞെടുത്തു. മുതിർന്ന നേതാക്കളും കേന്ദ്ര നിരീക്ഷകരായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് കെ ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലക്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനമുണ്ടായത്.
ഛത്തീസ്‌ഗഢിലും മധ്യപ്രദേശിലും കാര്യമായ എതിർപ്പുകൾ പ്രകടമാകാതെ തന്നെ നീക്കങ്ങൾ നടത്താൻ ബിജെപി ദേശീയ നേതൃത്വത്തിനായെങ്കിലും രാജസ്ഥാനിൽ സ്ഥിതിയെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതുമുഖങ്ങൾ തന്നെ വരണമെന്ന നിലപാട് രാജസ്ഥാനിൽ ആവർത്തിക്കുകയാണെങ്കിൽ വസുന്ധര രാജയ്ക്ക് മാറിനിൽക്കേണ്ടിവരും. എന്നാൽ എംഎൽഎമാരുടെ സന്ദർശനങ്ങളും മറ്റും നടത്തി ഇതിനോടകം തന്നെ സമ്മർദ്ദ തന്ത്രങ്ങൾ നടത്തുന്ന വസുന്ധരയെ കേന്ദ്രനേതൃത്വത്തിന് അനുയയിപ്പിക്കാൻ ആകുമോ എന്നത് കണ്ടറിയേണ്ടി വരും.
രാജസ്ഥാനിൽ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് നിരീക്ഷകരായി എത്തുക. രാജ്യസഭാംഗം സരോജ് പാണ്ഡെ, ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ സംഘത്തിലുള്ള മറ്റുള്ളവർ.

മോഹൻ യാദവ് പുതുമുഖമല്ല
58-കാരനായ മോഹൻ യാദവ് ദക്ഷിണ ഉജ്ജയിനിൽ നിന്നുള്ള എംഎൽഎയാണ്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. 2018 ദക്ഷിണ ഉജ്ജയിനിൽ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 2020 ജൂലൈ 2 ന് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ യാദവിന്റെ സ്വാധീനം കൂടുതൽ ദൃഢമാകുന്നത്. രാഷ്ട്രീയ നേതാവിനൊപ്പം അറിയപ്പെടുന്ന വ്യവസായിയുമാണ് മോഹൻ യാദവ്.
ആർഎസ്എസ് പിന്തുണയിൽ കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായാണ് മോഹൻ യാദവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിങ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തിൽനിന്നുതന്നെ പുതുമുഖത്തെ കൊണ്ടുവന്നത്. പ്രമുഖ നേതാക്കളെ തഴഞ്ഞ് നോമിനികളെ താക്കോൽ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് സംസ്ഥാനങ്ങളിലും മോദി ഷാ നേതൃത്ത്വം പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.
രണ്ട് പതിറ്റാണ്ടായി തുടരുന്ന ഭരണമാണ് സംസ്ഥാനത്ത് ബിജെപിയുടേത്. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നുള്ള വാദങ്ങളെ മറികടന്നായിരുന്നു ജനവിധി. സ്ത്രീവോട്ടർമാരുടെയും സാധാരണക്കാരുടെയും വോട്ടുകൾ ഏകീകരിച്ചതോടെയാണ് ബിജെപി വൻവിജയം കരസ്ഥമാക്കിയത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികളും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും വിജയത്തിന് കാരണമായതായാണ് വിലയിരുത്തൽ.


