- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാധാരണ പ്രവർത്തകനായി തുടങ്ങി നേതൃനിരയിലെത്തി; ബിജെപിയുടെ തീപ്പൊരി പ്രാസംഗികൻ; ആർഎസ്എസിനും പ്രിയപ്പെട്ടവൻ; ദേശീയ വിദ്യാഭ്യാസനയത്തിന് തുടക്കമിട്ട ഭരണമികവ്; മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവിനെ അറിയാം
ഭോപ്പാൽ: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടാണ് ഇന്നുചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തിരഞ്ഞെടുത്തത്. ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. രാജേന്ദ്ര ശുക്ല, ജഗദീശ് ദിയോറ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. ശിവരാജ് സിങ് ചൗഹാന്റെ പിന്മുറക്കാരൻ അതേവിഭാഗത്തിൽ നിന്നുള്ളയാൾ തന്നെയാണ്.
ആർഎസ്എസ് ദേശീയ നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മധ്യപ്രദേശിലെ പ്രമുഖ ബിജെപി നേതാവ് കൂടിയാണ് മോഹൻ യാദവ്. സാധാരണ പ്രവർത്തകനായി പാർട്ടിയുടെ താഴെത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ചാണ് മോഹൻ യാദവ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ആർഎസ്എസിന്റെ ശക്തികേന്ദ്രമായ ഉജ്ജയിൻ സൗത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള മോഹൻ യാദവ് ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയായി പ്രവർത്തിച്ചിരുന്നു.
2013ലാണ് അദ്യമായി മോഹൻ യാദവ് നിയമസഭയിൽ എത്തുന്നത്. 2018 മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ പാരമ്പര്യവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില നീക്കങ്ങളാണ് പിന്നീട് ദേശീയ വിദ്യാഭ്യാസനയമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന തരത്തിലേക്ക് വളർന്നത്. തീപ്പൊരി പ്രസംഗങ്ങളും നിരവധി വിവാദപരാമർശങ്ങളും മോഹൻ യാദവിനെ ദേശീയ തലത്തിൽ നേരത്തെ ശ്രദ്ധേയനാക്കിയിരുന്നു.
'ഞാൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്. സംസ്ഥാന നേതൃത്വത്തിനോടും കേന്ദ്ര നേതൃത്വത്തിനോടും എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹത്തോടും പിന്തുണയോടും കൂടി എന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കും.' മോഹൻയാദവ് പറഞ്ഞു. തന്നെ പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കും വിജയിപ്പിച്ച ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നെങ്കിലും എംഎൽഎമാർ ദേശീയ നേതൃത്വത്തിന് മുൻപാകെ മോഹൻയാദവിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13000ൽ അധികം വോട്ടുകൾക്കായിരുന്നു മോഹൻ യാദവ് വിജയം. 1965 മാർച്ച് 25 ന് പൂനംചന്ദ് യാദവിന്റെ മകനായാണ് മോഹൻ യാദവിന്റെ ജനനം. പ്രമുഖ ഒ.ബി.സി നേതാവായ മോഹൻ യാദവ് ബി.എസ്.സി, എൽ.എൽ.ബി, എം.എ പൊളിറ്റിക്കറ്റൽ സയൻസ്, എം.ബി.എ. പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്. തന്റെ രാഷ്ട്രീയ ജീവിതം കൂടാതെ, അദ്ദേഹം ഒരു വ്യവസായി കൂടിയാണ്. സീമ യാദവാണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
ബിജെപിയുടെ പ്രമുഖ നേതാക്കളെയെല്ലാം മറികടന്നാണ് 58കാരൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു അപകീർത്തികരമായ പരാമർശം.
കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായണിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മോഹൻ യാദവ് വിജയിച്ചു. 95,699 വോട്ടുകൾ നേടിയ അദ്ദേഹം തുടർച്ചയായ മൂന്നാം തവണയാണ് എംഎൽഎയാകുന്നത്. മാൾവ നോർത്ത് മേഖലയുടെ ഭാഗമായ ഉജ്ജയിൻ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഉജ്ജയിൻ സൗത്ത് മണ്ഡലം 2003 മുതൽ ബിജെപിയുടെ ശക്തികേന്ദ്രം കൂടിയാണ്. നവംബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 66 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.