ലണ്ടൻ: ഇംഗ്ലണ്ടിൽ പത്തുലക്ഷത്തോളം ജനങ്ങൾ മറ്റുള്ളവർ അറിയാതെ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നതായി റിപ്പോർട്ട്. അയൽവക്കക്കാരുടെ സമൃദ്ധിയിൽ മുങ്ങിപ്പോവുകയാണ് ഇവരുടെ ദാരിദ്ര്യം എന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ ഇവർക്ക്പ്രധാനപ്പെട്ട ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നുമില്ല. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ഇത്തരക്കാരുടെ കൂട്ടത്തിൽ കൂടുതലുള്ളത് വംശീയ ന്യുനപക്ഷങ്ങൾ എന്നും റിപ്പോർട്ട്.

നിലവിലുള്ള മാനദണ്ഡങ്ങൾഈ അതി ദാരിദ്ര്യ മേഖലകളിലെ ദാരിദ്ര്യം നിർണ്ണയിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ലോക്കൽ അഥോറിറ്റികളും ദേശീയ സർക്കാരും നൽകുന്ന ദാരിദ്ര്യ നിർമ്മാർജന സഹായങ്ങളിൽ പലതും ഇവർക്ക് ലഭിക്കുന്നുമില്ല. ബെൽഫാസ്റ്റിലെ ക്യുൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഐൽസ്ബറി, ലണ്ടൻ, ഓക്സ്ഫോർഡ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ദരിദ്രരെന്ന് ലോകം അറിയാത്ത ദരിദ്രർ താമസിക്കുന്നത്.

ഏതാണ്ട് 2.2 ലക്ഷം പാക്കിസ്ഥാനികളും, 2 ലക്ഷത്തിലധികം ബംഗ്ലാദേശികളും ഇത്തരത്തിൽ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരിലുണ്ട്. എന്നാൽ അവർ താമസിക്കുന്നത്, ദരിദ്രർ വസിക്കുന്ന മേഖല എന്ന് രേഖപ്പെടുത്തിയ ഇടങ്ങളിലല്ല. കുടിയേറ്റം മൂലം ഒരു നഗർത്തിന്റെയോ ഗ്രാമത്തിന്റെയോ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന ജെന്റ്റിഫിക്കേഷൻ എന്ന പ്രതിഭാസമാണ് ഇതിന് കാരണം എന്ന് ഗവേഷകർ പറയുന്നു.

അതായത്, തകർന്ന വീടുകളും, അനാരോഗ്യവും താഴ്ന്ന വിദ്യാഭ്യാസ നിലവാരവും, ഉയർന്ന തൊഴിലില്ലായമ നിരക്കും പോലുള്ള യാഥാർത്ഥ്യങ്ങൾ, പുതിയതായി കുടിയേറിയവരുടെ സമ്പന്നതയിൽ മറഞ്ഞു പോകുന്ന ഒരു സാഹചര്യമാണ് ഉള്ളത് എന്നർത്ഥം. 2021-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വംശീയ ന്യുനപക്ഷങ്ങളുടെ ദാരിദ്ര്യ സൂചിക ഗവേഷകർ തയ്യാറാക്കിയിട്ടുണ്ട്. അവർ പറയുന്നത് തൊട്ടടുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന വംശീയ ന്യുനപക്ഷങ്ങൾക്കിടയിൽ പോലും അസമത്വം വലുതാണ് എന്നാണ്.

ആവശ്യമായ തെളിവുകൾ ഇല്ലാത്തതിനാൽ വലിയൊരു വിഭാഗത്തിന് ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സഹായങ്ങൾ ലഭിക്കുന്നില്ല. ഈ പഠനത്തിന്റെ ഫലങ്ങൾ പങ്കുവയ്ക്കാൻ പല ലോക്കൽ അഥോറിറ്റികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷക സംഘം പറയുന്നു. ഈ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ആവശ്യക്കാർക്ക് സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞേക്കുമെന്നും അവർ പറയുന്നു.

ഈ അസന്തുലിതാവസ്ഥക്ക് ഉദാഹരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കുറഞ്ഞ ദാരിദ്യമുള്ള ടവർ ഹാംലെറ്റ്സ് ആണ്. അവിടെയും ഒരുപറ്റം ചൈനക്കാർ അതി ദാരിദ്ര്യമനുഭവിക്കുന്നവരായി ഉണ്ട്. അതുപോലെ കവന്ററിയുടെ ഫിൻഹാം സബർബ് ഇംഗ്ലണ്ടിലെ ദാരിദ്ര്യ മുക്ത പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്.

പക്ഷെ അവിടെയും ആഫ്രിക്കൻ വംശജരായ ഒരു വിഭാഗം അതി ദരിദ്രരുണ്ട്. അങ്ങനെ പല ധനിക മേഖലകളിലും ചുരുങ്ങിയത് ഒരു വിഭാഗമെങ്കിലും അതി ദാരിദ്ര്യം അനുഭവിക്കുന്നവരായി ഉണ്ട് എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.