ന്യുയോർക്ക്: ഒരു സ്‌കാൻഡിനേവിയൻ വിമാനത്തിലാണ് റഷ്യൻ- ഇസ്രയേലി പൗരനായ സെർജി വ്ളാഡിമിറോവിച്ച് ഓചിഗാവ ലോസ് ഏഞ്ചലസ്സിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഈ യാത്രയെ ദുരൂഹമാക്കുന്നത്, ഇയാൾ സഞ്ചരിച്ചത് ടിക്കറ്റൊ, പാസ്സ്പോർട്ടോ വിസയോ ഇല്ലാതെയാണെന്നതാണ്. പിടിക്കപ്പെട്ടപ്പോൾ ഇയാൾ പറയുന്നത് വിമാനത്തിനകത്ത് എങ്ങനെ കയറി എന്നത് തനിക്ക് അറിയില്ല എന്നും. അനധികൃത യാത്ര ചെയ്തതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്.

കോപ്പൻഹേഗനിൽഇയാൾ സെക്യുരിറ്റി ചെക്കുകൾ എല്ലാം എങ്ങനെ മറി കടന്നു എന്നത് എഫ് ബ്വി ഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ടിക്കറ്റില്ലാതെ എങ്ങനെ സെക്യുരിറ്റി ചെക്ക് പൂർത്തിയാക്കി എന്നത് ഓർമ്മയില്ലെന്ന് ഇയാൾ പറയുന്നു. സാധാരണ കള്ളവണ്ടി കയറിയെത്തുന്നവരെ പോലെ പാത്തും പതുങ്ങിയുമായിരുന്നില്ല ഇയാളുടെ യാത്ര എന്നതും വിചിത്രമായി തോന്നുന്നു. സീറ്റുകൾ മാറി മാറിയിരുന്ന് ഇയാൾ രണ്ടു തവണ ഭക്ഷണം വാങ്ങിക്കഴിച്ചു. മാത്രമല്ല, ജീവനക്കാർക്കായി ഉള്ള ചോക്ക്ലേറ്റ് കഴിക്കുവാനും ഇയാൾ ശ്രമിച്ചു.

എന്നാൽ, പിന്നീട് എഫ് ബി ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ പറഞ്ഞത് അസാധാരണമായി ഒന്നും തോന്നിയില്ല എന്നാണ്. വിമാനത്തിൽ നിരവധി തവണ ഇയാൾ സീറ്റുകൾ മാറിമാറിയിരുന്നിട്ടും ഇയാളെ കുറിച്ച് അവർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ലത്രെ. ഏറ്റവും പ്രധാന കാര്യം, ഇയാൾക്ക് വിമാനത്തിൽ കയറുവാനുള്ള അർഹത പോലുമില്ല എന്നതാണ് ടിക്കറ്റും പാസ്സ്പോർട്ടും ഇയാൾക്ക് ഇല്ലെന്ന് കണ്ടെത്തിയത് ലോസ് ഏഞ്ചലസ് വിമാനത്താവളത്തിലെ ജീവനക്കാരായിരുന്നു.

മാത്രമല്ല, ഇയാൾ സഞ്ചരിച്ച എസ് കെ 931 വിമാനത്തിന്റെ യാത്രക്കാരുടെ ലിസ്റ്റിൽ ഇയാളുടെ പേരില്ല. മാത്രമല്ല, അതേസമയത്തുള്ള മറ്റൊരു അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രക്കാരുടെ ലിസ്റ്റിലും ഇയാളുടെ പേരില്ല. കോപ്പൻഹേഗനിലെ അന്താരാഷ്ട്ര സെക്യുരിറ്റി ചെക്കുകളേയും പാസ്സ്പോരെട്ട് ചെക്കുകളെയും മറികടന്നാണ് ഇയാൾ വിമാനത്തിൽ കയറിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടയിൽ ഇയാൾ എഫ് ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞത് താൻ മൂന്ന് ദിവസങ്ങളായി ഉറങ്ങിയിട്ടില്ല എന്നും, എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ല എന്നുമായിരുന്നു.

വിമാന ജീവനക്കാർ ഇയാളുടെ ബോർഡിങ് പാസ്സ് കണ്ടില്ല. പക്ഷെ ഇയാൾ ആദ്യം ഇരുന്ന സീറ്റ് യാത്രക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന സീറ്റാണെന്നത് അവർ മനസ്സിലാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം എടുക്കുമ്പോൾ പോലും ഒരു അധിക യാത്രക്കാരൻ ഉള്ളത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് അവർ പറയുന്നത്. ഫ്ളൈറ്റ് ലോഗുമായി ഒത്തു നോക്കിയില്ല എന്നതിനാലത് എന്നും അവർ പറയുന്നു.