- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അതിരൂക്ഷം; നിലയ്ക്കലിലടക്കം പ്രധാന കേന്ദ്രങ്ങളിൽ നിയന്ത്രണം പാളി; പന്തളം ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തരുടെ മടക്കം; ഡൽഹിയിലടക്കം പ്രതിഷേധം ഉയർന്നിട്ടും തിരക്ക് സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി; ആവശ്യമായ ഇടപെടലുകൾ നടത്തിയെന്നും പ്രതികരണം

കോട്ടയം: ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും അധികൃതരുടെ മുന്നൊരുക്കങ്ങൾ പാളുമ്പോഴും തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും വിശദീകരിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവാദമുണ്ടാക്കുന്നതിന് പിന്നിൽ ലക്ഷ്യം വേറെയാണെന്നും മന്ത്രി പ്രതികരിച്ചു. അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭക്തർ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ പ്രശ്നങ്ങൾ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്ര ആളുകൾ തന്നെയാണ് ഇത്തവണയും എത്തുന്നത്. പതിനെട്ടാം പടി കയറുക എന്നത് വളരെ പ്രധാനമാണ്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെയെ പരമാവധി കയറ്റാൻ സാധിക്കൂ. 17 മണിക്കൂർ ആയിരുന്നു ദർശന സമയം. അത് ഒരു മണിക്കൂർ വർധിപ്പിച്ചു. വെർച്വൽ ക്യു 90000 ആയിരുന്നത് 80000 ആയി കുറച്ചു. സ്‌പോർട് ബുക്കിങ് കുറച്ചു. അതനുസരിച്ച് ക്യു നിയന്ത്രിക്കാനാകും.
''ഐജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്‌നമുണ്ട്. മറ്റ് പല മാർഗങ്ങളിലൂടെ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തർ സ്വയം നിയന്ത്രിക്കാൻ തയാറാകണം. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല''. മന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോൾ ചില പ്രയാസങ്ങളുണ്ടാകും. അവ തരണംചെയ്യാൻ വേണ്ട ഇടപെടൽ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്നമാണ്. അതിന്റെ പേരിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താൻ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്. അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ സ്വഭാവികമായി ഉണ്ടാവുന്ന പ്രശ്നമാണ്, മന്ത്രി പറഞ്ഞു.
സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചു. വിർച്വൽ ക്യൂവിലെ തൊണ്ണൂറായിരം എൺപതിനായിരമായി കുറച്ചു. ഭക്തർക്ക് വേണ്ട വാഹനങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ എത്തിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സംവിധാനങ്ങളൊരുക്കി. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുൾപ്പടെ കൂടുതൽ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തർ എത്തുന്നുണ്ട്. അവർ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തർക്കുവേണ്ടി മാറിക്കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞ മൂന്നു ദിവസമായി 15 മണിക്കൂറിലധികം ക്യൂനിന്ന ശേഷമാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. തീർത്ഥാടനപാതകളിലും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക്. നിലയ്ക്കൽ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. അവധി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരക്കിൽ വലിയ മാറ്റമില്ല. ഇതിനിടെ, ശബരിമലയിൽ തിരക്ക് വർധിച്ചതോടെ ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 810 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെയാണ് തീർത്ഥാടകർ മടങ്ങുന്നത്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. ഇന്നും തിരക്കിന് ഒട്ടും ശമനമില്ല. കെഎസ്ആർടിസി ബസുകൾ മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.
അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദർശനം പൂർത്തിയാക്കാതെ ഭക്തരിൽ പലർക്കും പന്തളത്തുനിന്ന് മടങ്ങേണ്ടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോർഡ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡൽഹിയിൽ എംപിമാരും പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ശബരിമല പാതയിൽ ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാംദിനവും ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തർ പറയുന്നു. ബസിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളിൽ കൂടി തിക്കിത്തിരക്കി ഉള്ളിൽക്കടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പര്യാപ്തമായതോതിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ 654 കെ.എസ്.ആർ.ടി.സി. ബസുകളാണ് ഈ മേഖലയിൽ സർവീസ് നടത്തിയത്. സമാനമായ രീതിയിൽ ഇന്നും സർവീസിന് തയ്യാറാണെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ വിശദീകരിക്കുന്നത്.
എന്നാൽ, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങൾ മാത്രമെ സ്റ്റാൻഡിലേക്ക് എത്തിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ ആളുകളുമായി നിലയ്ക്കലിൽ നിന്ന് പമ്പാ മേഖലയിലേക്ക് പോയാൽ ആ മേഖലയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. അതിനാലാണ് പൊലീസ് നിയന്ത്രണം നിർദ്ദേശിച്ചിരിക്കുന്നത്.
ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി. എൻ പ്രതാപൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് പ്രതാപന്റെ ആവശ്യം. വെർച്വൽ ക്യൂ ബുക്കിങ് തികഞ്ഞ പരാജയമായെന്നും അടിയന്തരപ്രമേയത്തിൽ ടിഎൻ പ്രതാപൻ ചൂണ്ടിക്കാട്ടുന്നു.


