കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഹൈക്കോടതി. ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരേയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. വെർച്വൽബുക്കിങ്ങും സ്പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിലമയിൽ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളേജുകളിലെ എൻഎസ്എസ് എൻസിസി കേഡറ്റുകളുടെ സഹായം ദേവസ്വംബോർഡിന് തേടാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയിൽ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എൻഎസ്എസ്-എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേർ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിങ് ദിവസവും പതിനായിരത്തിൽ കൂടതലാണെന്നും കേരളത്തിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.

ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കൽ പാർക്കിങ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, അരമണിക്കൂർ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു.

വെർച്വൽ വ്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകൾ വൈകുമ്പോൾ കുട്ടികളടക്കമുള്ളവർക്ക് സൗകര്യം നൽകണമെന്ന് നിർദ്ദേശിച്ചു. നിലയ്ക്കലിൽ തിരക്കാണെങ്കിൽ മറ്റിടങ്ങളിൽ പാർക്കിങ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി നിർദ്ദേശിച്ചു. ക്യൂ കോംപ്ലക്‌സുകൾ വൃത്തിയായിരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്.

മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. ഇന്നും തിരക്കിന് ഒട്ടും ശമനമില്ല. കെഎസ്ആർടിസി ബസുകൾ മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.

പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

അതേ സമയം ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള നാലു ദിവസങ്ങളിൽ ഇത് 88,000 ആയി വർദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.