- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി; ഛത്തീസ്‌ഗഢിനും മധ്യപ്രദേശിനും പിന്നാലെ 'പുതിയ മുഖ'വുമായി വീണ്ടും ബിജെപി; തന്റെ പിൻഗാമിയുടെ പേര് പ്രഖ്യാപിച്ച് വസുന്ധര രാജെ സിന്ധ്യ; മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരും

ജയ്പുർ: ഛത്തീസ്‌ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖത്തെ മുഖ്യമന്ത്രിയായി പരീക്ഷിക്കാൻ ബിജെപി നേതൃത്വം. ഭജൻലാൽ ശർമയെ പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് തന്റെ പിൻഗാമിയായ ഭജൻലാൽ ശർമയുടെ പേര് നിർദ്ദേശിച്ചത്. ദിയാകുമാരിയും, പ്രേംചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരാകും. ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ പുതുമുഖങ്ങളാണു മുഖ്യമന്ത്രിമാരാകുക.
മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുൻനിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്‌ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവർത്തിച്ചു. ഛത്തീസ്‌ഗഢിൽ ആദിവാസി വിഭാഗത്തിൽ നിന്നും മധ്യപ്രദേശിൽ ഒബിസി വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോൾ രാജസ്ഥാനിലെ മുഖ്യമന്ത്രി നിർണായക സ്വാധീനശക്തിയായ ബ്രാഹ്‌മണ വിഭാഗത്തിൽ നിന്നാണ്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ഡൽഹിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേര് പ്രഖ്യാപിച്ചത്.
സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻലാൽ ശർമ്മ ബ്രാഹ്‌മണ സമുദായാംഗമാണ്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീർഘകാലം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ജയ്പുരിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. നിരീക്ഷകനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹ നിരീക്ഷകരായ സരോജ് പാണ്ഡെ, വിനോദ് താവ്ഡെ എന്നിവരും പങ്കെടുത്തു. നിരീക്ഷകർ ഓരോ എംഎൽഎമാരുമായും ചർച്ച നടത്തിയാണു ഭജൻലാൽ ശർമയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി, ഇൻചാർജ് അരുൺ സിങ് എന്നിവരാണ് യോഗത്തിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസിനിടെ, നിരവധി എംഎൽഎമാർ വസുന്ധര രാജെയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയാണു കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പിൽ ജയിച്ച മൂന്ന് സംസ്ഥാനത്തും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയായത്. മധ്യപ്രദേശിൽ മുൻ മന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെയാണ് മുഖ്യമന്ത്രിയാക്കിയത്.
മധ്യപ്രദേശിൽ 18 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന, വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിങ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തിൽ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നത്.


