- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവകേരള സദസ്സിന് വേണ്ടി എസി ബസ് വാങ്ങി 'മൂത്ര ശങ്ക' ഒഴിവാക്കിയ സർക്കാർ കരുതൽ; കപ്പുമായി മടങ്ങിയ ബാസ്‌ക്കറ്റ് ബോൾ പെൺകുട്ടികളിൽ 'പീരീഡ്സ്' ഉള്ളവർക്ക് ടോയിലറ്റിൽ പോകാനാകാത്ത ദുരിത തീവണ്ടി യാത്രയും; ഈ നാണക്കേട് ഒഴിവാക്കാൻ വേണ്ടത് മുഖ്യമന്ത്രിയുടെ ഇടപെടൽ

കോഴിക്കോട്: കേരളത്തിന്റെ 'ക്യാപ്ടൻ' മുഖ്യമന്ത്രി പിണറായി വിജയനാണ്. നവ കേരള സദസുമായി ജനമനസ്സ് അറിയാൻ കേരളം ആകെ ഓടി നടക്കുന്ന മുഖ്യമന്ത്രി. ഈ യാത്ര സുഖകരമാക്കാൻ ശതകോടിയുടെ എസി ബസ്. ഇറങ്ങാൻ ലിഫ്റ്റുമുണ്ട്. വേദിക്കടുത്ത് ഈ ബസ് എത്താൻ സ്‌കൂൾ മതിലുകൾ പൊളിക്കുന്ന സർക്കാർ കരുതലും. എന്നാൽ ഈ കരുതലൊന്നും കേരളത്തിന്റെ അഭിമാനം ഉയർത്തി പിടിച്ച താരങ്ങൾക്കില്ല.
ദേശീയ വനിതാ ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ കേരള താരങ്ങൾക്കു ദുരിതയാത്രയായിരുന്നു തീവണ്ടിയിൽ. എസി കോച്ച് ടിക്കറ്റ് പോലും ആരും ബുക്ക് ചെയ്തു നൽകിയില്ല. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായുള്ള കരുതലുകൾ കണ്ടിട്ടും കേട്ടിട്ടും പോലും ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ടീമിനെ വിട്ടവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. ബാസ്‌ക്കറ്റ് ബോൾ അസോസിയേഷനാണ് ടിക്കറ്റുകൾ എടുത്തു നൽകേണ്ടത്. ഇതിൽ സംസ്ഥാന സർക്കാരിന് പങ്കുമില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റം പറയാനും കഴിയില്ല. എന്നാൽ സ്വന്തം സുഖം ഉറപ്പാക്കി ബസിൽ യാത്ര ചെയ്യുന്ന കേരളത്തിലെ മന്ത്രി സഭ ഈ വിഷയത്തിൽ ഇടപെടൽ നടത്തണം. കേരളത്തിലെ കായികതാരങ്ങൾക്ക് തീവണ്ടികളിൽ മതിയായ യാത്രാ സുരക്ഷ ഉറപ്പാക്കണം.
ദേശീയ വനിതാ ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടി ലുധിയാനയിൽനിന്ന് കേരളത്തിലേക്കു മടങ്ങുന്ന താരങ്ങളുടെ സീറ്റുകൾ മറ്റു യാത്രക്കാർ കയ്യടക്കി. ടോയ്ലറ്റിൽ പോലും പോകാൻ കഴിയാതെ ബർത്തിൽതന്നെ തുടരേണ്ട അവസ്ഥയാണെന്ന് താരങ്ങൾ പ്രതികരിച്ചു. ''ട്രെയിനിൽ നിന്നുതിരിയാൻ സ്ഥലമില്ല, ഞങ്ങളുടെ സീറ്റുകൾ മറ്റ് യാത്രക്കാർ കയ്യടക്കി. ആരൊക്കെയോ വരുന്നു പോകുന്നു. ഞങ്ങളുടെ ചാർജർ, വെള്ളം എന്നിവ ഉപയോഗിക്കുന്നു. ടോയ്ലെറ്റിൽ പോകാനുള്ള സൗകര്യം പോലുമില്ല. നാട്ടിലെത്താൻ ഇനിയും ഒന്നരദിവസത്തെ യാത്രയുണ്ട്. എന്തുചെയ്യണമെന്ന് അറിയില്ല.'' ടീം ക്യാപ്റ്റൻ ഗ്രിമ വ്യക്തമാക്കി. ഈ ദുരിത യാത്രയുടെ ദൃശ്യങ്ങളും വൈറലായി. അതുകൊണ്ട് തന്നെ എല്ലാ കായിക അസോസിയേഷനുകൾക്കും മുഖ്യമന്ത്രി അതിശക്തമായ നിർദ്ദേശം നൽകണം. താരങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നതാകണം അത്. തെറ്റിക്കുന്നവർക്കെതിരെ നടപടിയും എടുക്കണം.
ഒരു നിവർത്തിയും ഇല്ലാത്തതു കൊണ്ടാണ് ബാസ്‌കറ്റ് ബോൾ താരങ്ങൾ സത്യം മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. സ്ലീപ്പർ ക്ലാസാണെന്ന് ആളുകളോട് പറഞ്ഞെങ്കിലും അവർ കംപാർട്ട്‌മെന്റിലേക്കു തള്ളിക്കയറുകയാണെന്നും ഗ്രിമ പറഞ്ഞു. ''രാത്രി കിടന്നുറങ്ങുമ്പോൾ ഞങ്ങളുടെ കാലിനടുത്ത് വന്നിരിക്കുകയും ലഗേജുകളുടെ കൂട്ടത്തിൽ അവരുടെ ലഗേജുകൾ കൊണ്ടുവയ്ക്കുകയും ചെയ്തു. റെയിൽവേയുടെ നമ്പരിൽ വിളിച്ച് പരാതി പറഞ്ഞു. അവർ വന്ന് ആളുകളെ മാറ്റിയെങ്കിലും അടുത്ത സ്റ്റേഷനിലെത്തി വീണ്ടും ആളുകൾ കയറി. കൂട്ടത്തിൽ പിരീഡ്‌സ് ആയ പെൺകുട്ടികളുണ്ട്. അവർക്ക് ടോയ്ലെറ്റിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. അധികാരികൾ കുറച്ചുകൂടി കരുതൽ കാണിക്കണം.'' ഗ്രിമ കൂട്ടിച്ചേർത്തു.
നവകേരള സദസ് മണ്ഡലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു നിയമ സഭാ മണ്ഡലത്തിൽ നിന്ന് അടുത്ത മണ്ഡലത്തിലേക്കുള്ള യാത്രാ സമയം വെറും ഒരു മണിക്കൂറിൽ താഴെയാണ്. എന്നിട്ടും മൂത്രശങ്ക മന്ത്രിമാർക്കുണ്ടായാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒരു കോടിയിൽ അധികം വിലയുള്ള ശുചി മുറിയുള്ള ബസ് കേരളം വാങ്ങിയത്. അങ്ങനെയുള്ള കേരളത്തിൽ നിന്നുള്ള വനിതാ താരങ്ങൾക്ക് തീവണ്ടിയിൽ ഗ്രിമ പറയുന്നത് പോലുള്ള ബുദ്ധിമുട്ടുണ്ടാകുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന പൊതു മോഡലിനും നാണക്കേടാണ്. അസോസിയേഷനുകളാണ് വീഴ്ച വരുത്തുന്നതെങ്കിലും നാണക്കേട് കേരളത്തിനാണ്. അതുകൊണ്ട് തന്നെ കേരള സർക്കാർ ഈ വിഷയത്തിൽ ഇടപെടണം.
ലുധിയാനയിൽ ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കേരളാ ടീമിന് സ്ലീപ്പർകോച്ചിലാണ് യാത്രാസൗകര്യം ഒരുക്കിയിരുന്നത്. ഈ ടൂർണമെന്റിൽ എല്ലാ കളികളിലും തോറ്റ മഹാരാഷ്ട്ര ടീം ഇതേ ട്രെയിനിൽ മറ്റൊരു എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് അഞ്ച് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട കേരളാ ടീം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത്. അമൃത്സർ-മുംബൈ സിഎസ്ടി എക്സ്‌പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിനു അടുത്തുള്ള സ്‌പെഷൽ സ്ലീപ്പർ കോച്ചിലായിരുന്നു യാത്ര. തിങ്കളാഴ്ച രാവിലെ 11.40നാണ് ലുധിയാനയിൽനിന്ന് താരങ്ങൾ യാത്ര തിരിച്ചത്.


