തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് അടക്കം തീർത്ഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ എഡിജിപിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ വാക്‌പോര്. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വം ബോർഡ് കള്ളക്കണക്ക് പറയുകയാണെന്ന് എഡിജിപി എം ആർ അജിത്കുമാർ കുറ്റപ്പെടുത്തി.

ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും എഡിജിപി പറഞ്ഞു. എന്നാൽ 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു. പതിനെട്ടാംപടി കയറുന്നവരുടെ എണ്ണത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് കള്ളം പറയുകയാണെന്ന് എഡിജിപി എം.ആർ.അജിത്കുമാർ പറഞ്ഞു.

ഒരു മിനിറ്റിൽ 75 പേരെ വരെ പതിനെട്ടാം പടി കയറ്റിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പരാമർശം. എന്നാൽ മിനിറ്റിൽ 60 പേരെയെ കയറ്റാൻ സാധിക്കൂവെന്ന് എഡിജിപി പറഞ്ഞു. എഡിജിപി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

ഏകോപനത്തിന് വേണ്ടിയാണ് യോഗം ചേർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോർഡും പൊലിസും തമ്മിൽ തർക്കമുണ്ടെന്ന രീതിയിൽ പ്രചരണമുണ്ട്. തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ശബരിമലയിൽ ഇത്തവണ ഭൂരിഭാഗം ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞെന്നും ഇവരിൽ 5000 - 6000 പേർ കുട്ടികളാണെന്നും ശബരിമലയിലെ പൊലീസ് ചീഫ് കോഓർഡിനേറ്ററായ എഡിജിപി എം.ആർ. അജിത് കുമാർ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മിനിറ്റിൽ 80-85 ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി 73 - 74 ആൾക്കാരെ മാത്രമേ കയറ്റാൻ പറ്റൂ. ശരാശരി 60 - 65 ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ളവരാണെങ്കിൽ ഇതിലും കുറയുമെന്നു നേരിട്ടു ഹാജരായി എഡിജിപി വിശദീകരിച്ചിരുന്നു.

അതേ സമയം ശബരിമലയിലെ തിരക്കിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തീർത്ഥാടകർ വലയുകയാണ്. ശബരിമല കയറ്റത്തിനിടെ ഇന്നലെയും പല ഇടങ്ങളിലും തീർത്ഥാടകർ തളർന്നു വീണു. തിരക്കു കാരണം ശബരിമല ദർശനം നടത്താൻ കഴിയാത്ത നൂറുകണക്കിനു തീർത്ഥാടകർ യാത്ര മതിയാക്കി പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി മടങ്ങിയിരുന്നു.

എന്നാൽ ശബരിമല തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയുള്ള കാര്യങ്ങളുടെ നിർമ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ആറ് ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. ശബരിലയിൽ മണ്ഡല കാലത്ത് വലിയ തിരക്ക് എന്നത് വസ്തുതയാണ്. തിരക്ക് വല്ലാതെ കൂടിയാൽ പ്രശ്‌നമാകും. അത് മുന്നിൽ കണ്ടാണ് പ്രവർത്തനം.

തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്താണ് അങ്ങോട്ട് കയറ്റി വിടുന്നത്. കഴിഞ്ഞവർഷം ശരാശരി 62,000 പേരാണ് പ്രതിദിനം മല കയറിയിരുന്നത്. ഇപ്പോഴത് 88,000 ആയി വർദ്ധിച്ചു. ദർശന സമയം വർദ്ധിപ്പിച്ചത് ഇത് കണക്കിലെടുത്താണ്. പതിനെട്ടാം പടിയിൽ ഒരുമണിക്കൂറിൽ 4200 പേരെയാണ് കയറ്റിവിടാനാവുക. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോൾ ഏകോപനം ശക്തമാക്കും. നല്ല രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.