- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെർച്ചൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റരുത്; സ്പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണം; സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഹൈക്കോടതി; ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ദേവസ്വം മന്ത്രി

കൊച്ചി: ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായ ക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. വെർച്ചൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ സന്നിധാനത്തേക്ക് പറഞ്ഞുവിടണ്ട. സ്പോട്ട് ബുക്കിങ് കൂടുതൽ ചെയ്യുന്നത് മലയാളികളാണ്. സ്‌പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണം. സ്‌പോട്ട് ബുക്കിങ് പരിധി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കണം
തിരക്കിനെ തുടർന്ന് തീർത്ഥാടകർ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന എരുമേലിയിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് 80000 ആയാൽ സ്‌പോട്ട് ബുക്കിങ് 5000 അല്ലെങ്കിൽ 10000 ആക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച എഡിജിപിയുടെ റിപ്പോർട്ട് രണ്ട് മണിക്ക് സമർപ്പിക്കാൻ നിർദേശിച്ചു. അതിന് ശേഷം ശബരിമല വിഷയം കോടതി വീണ്ടും പരിഗണിക്കും.
ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ഇപ്പോഴത്തെ സാഹചര്യവും പ്രതീക്ഷിച്ചതല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ച്, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവർത്തിച്ചു.
ശബരിമല സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലയ്ക്കലും സ്ഥിതിഗതികൾ സാധാരണ നിലയിലായി. ഇന്നലെ തൊണ്ണൂറ്റിയൊന്നായിരം പേരാണ് പതിനെട്ടാം പടി കയറിയത്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം തീർത്ഥാടകരെ മണിക്കൂറുകളോളം വണ്ടിക്കുള്ളിൽ തന്നെ തടഞ്ഞിട്ടിരുന്നുവെങ്കിൽ ഇന്ന് സ്ഥിതി മാറി. പമ്പയിലും സന്നിധാനത്തും സ്ഥിതി നിയന്ത്രണ വിധേയമാണ്.
ശരാശരി 5 മണിക്കൂർ ക്യു നിന്നാൽ സന്നിധാനത്തെത്തുന്നുണ്ട്. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്യൂ കോംപ്ലക്‌സിൽ കയറ്റി നിർത്തുന്നതിൽ പരാതി തുടരുന്നുണ്ട്. മണിക്കൂറിൽ 3600 മുതൽ 4000 പേർ വരെ പതിനെട്ടാം പടി കയറുന്നുണ്ട്. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ നിലവിൽ 1250 പൊലീസാണുള്ളത്. പമ്പയിലും നിലയ്ക്കലുമായി 900 പേരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് ഇപ്പോൾ നിയന്ത്രണ വിധേയമാണങ്കിലും അവധി ദിവസങ്ങളിൽ വരുന്ന തീർത്ഥാടകർക്കായി മുന്നൊരുക്കങ്ങൾ തുടങ്ങണം.
അതേ സമയം ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് ചൊവ്വാഴ്ച രാത്രിയോടെ പരിഹാരം കണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുതലെടുപ്പ് ലക്ഷ്യമിട്ട് പലരും പലതും പറയുമെന്ന് മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി. ബസുകൾ അവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിർച്വൽ ക്യൂവിൽ ഭക്തരുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ എണ്ണവും കുറച്ചു. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ്വ് ചെയ്ത് വച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതും പരിഹരിച്ചതായി മന്ത്രി പറഞ്ഞു. പതിനെട്ടാം പടി വീതികൂട്ടണമെന്ന ആവശ്യത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.


