ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറിയത് രാജ്യത്തെ ഞെട്ടിച്ച അപ്രതീക്ഷിത സുരക്ഷ വീഴ്ച. ശൂന്യവേള നടക്കുന്നതിനിടെയാണ് പൊടുന്നനെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടിയത്. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേർ എംപിമാർക്കിടയിലേക്ക് ചാടിയത്.

സന്ദർശക ഗാലറിയിൽനിന്ന് താഴേക്കുചാടിയ രണ്ടുപേർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആദ്യമൊന്നു പകച്ച എംപിമാർ, ഉടൻതന്നെ ഇവരെ തടയാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇരിപ്പിടത്തിനു മുകളിൽ നിൽക്കുന്ന ആളെ എംപിമാർ വളഞ്ഞു. ഇതോടെ ഇവർ ധരിച്ചിരുന്ന ഷൂവിന് ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയായിരുന്നു. മഞ്ഞനിറത്തിലുള്ള സ്‌പ്രേകൊണ്ട് അന്തരീക്ഷം നിറഞ്ഞു. എംപിമാരുടെ നേർക്കും ഇവർ സ്‌പ്രേ പ്രയോഗിച്ചതായാണ് വിവരം.

അക്രമം നടത്തിയവരിൽ ഒരാളെ എംപിമാർ തന്നെ് പിടിച്ചുവെച്ചു. ഉടൻതന്നെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടുപേരെയും കീഴ്‌പ്പെടുത്തി സഭയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. ഇവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു സ്ത്രീയടക്കം നാല് പേർ കസ്റ്റഡിയിലായതാണ് വിവരം.

ഭരണപക്ഷ എംപിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഖലിസ്താൻ ഭീകരരാണ് ആക്രമണം നടത്തിയതിന് പിന്നിലെന്നാണ് സൂചന. ഉത്തർപ്രദേശ് സ്വദേശികളായ അന്മോൽ, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പിടിയിലായത്. ഇതിനിടെ പാർലമെന്റിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.

എംപിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെന്റിന് അകത്തേക്ക് കളർ സ്‌പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെന്റ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷിക ദിനത്തിലാണ് പാർലമെന്റിനകത്ത് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് യുവാക്കൾ സന്ദർശക ഗാലറിയിൽ നിന്നും താഴേക്ക് ചാടിയത്. ഇവർ ലോക്സഭ ചേംബറിലേക്ക് ഓടിക്കയറാനും ശ്രമിച്ചു. എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് യുവാക്കളെ തടഞ്ഞുവെച്ചത്. ഷൂവിനുള്ളിൽ ഒളിപ്പിച്ചാണ് സ്പ്രേ ഗ്യാസ് സഭക്കുള്ളിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു.

പാർലമെന്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി. ഭീകരമായ അനുഭവമെന്ന് സഭയിലുണ്ടായിരുന്ന രാജ് മോഹൻ ഉണ്ണിത്താൻ അടക്കം എംപിമാർ പ്രതികരിച്ചു.