ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്‌സഭയിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരിൽ ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിങ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്‌സഭയിൽ കളർ സ്‌പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്ന വിവരം പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.

പാർലമെന്റിലെ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘം പാർലമെന്റ് വളപ്പിൽ തെളിവ് ശേഖരിക്കുകയാണ്. സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ആവശ്യപ്പെട്ടു. വിവരങ്ങൾ അംഗങ്ങൾ അറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പറഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി.

പാർലമെന്റിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. പാർലമെന്റിനകത്ത് നിന്ന് പിടിയിലായത് സാഗർ ശർമ, മനോരഞ്ജൻ എന്നിവരാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ലോക്‌സഭയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവങ്ങൾ നടക്കുന്നത്.

സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ടുപേർ താഴേക്ക് ചാടുകയായിരുന്നു. ഭരണപക്ഷ എംപിമാർ ഇരിക്കുന്ന ഭാഗത്താണ് ചാടിയത്. സുരക്ഷ സേന ഉദ്യോഗസ്തരും എംപിമാരും ചേർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഷൂവിലൊളിപ്പിച്ച കളർ സ്‌മോക്ക് സ്‌പ്രേ പൊട്ടിക്കുയായിരുന്നു. സഭാഹാളിലാകെ മഞ്ഞ നിറം പടർന്നതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ മുഴക്കിയത്. രണ്ടുപേരെയും സുരക്ഷാവിഭാഗം പിടികൂടി. അക്രമത്തെ തുടർന്ന് സഭ നടപടികൾ നിർത്തിവെച്ചെങ്കിലും രണ്ടുമണിക്ക് ശേഷം പുനരാരംഭിച്ചിരുന്നു.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ എംപിമാർ ഞെട്ടൽ രേഖപ്പെടുത്തി. ഗാലറിയിൽനിന്ന് നടുത്തളത്തിലേക്ക് ചാടിയ രണ്ടുപേരാണ് ലോക്‌സഭയിൽ ആശങ്ക സൃഷ്ടിച്ചത്. ഒരാൾ ഡെസ്‌കിനു മുകളിലൂടെ ചാടിക്കടന്ന് സ്പീക്കർക്കരികിലേക്ക് പാഞ്ഞപ്പോൾ മറ്റൊരാൾ മഞ്ഞ നിറത്തിലുള്ള പുക പരത്തുകയും ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

സന്ദർശക ഗാലറിയിൽനിന്ന് ഒരാൾ വീണെന്നാണ് ആദ്യം കരുതിയതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. ഇതിനു പിന്നാലെ മറ്റൊരാൾ കൂടി എത്തിയതോടെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് മനസ്സിലായി. അവരിൽ ഒരാൾ സ്പീക്കറുടെ ചേംബറിനടുത്തേക്ക് ഓടി. ചില എംപിമാർ ചേർന്ന് അയാളെ തടയാൻ ശ്രമിച്ചു. പിന്നാലെ കൈയിലിരുന്ന കാനിസ്റ്റർ തുറക്കുകയും അതിൽനിന്ന് മഞ്ഞ പുക പുറത്തേക്ക് വരികയും ചെയ്തു. അതിൽ എന്തെങ്കിലും വിഷാംശമുണ്ടോ എന്ന കാര്യം അറിയില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.

എംപിമാർ ചേർന്നാണ് യുവാക്കളെ കീഴ്പ്പെടുത്തിയതെന്നും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. പാർലമെന്റിനകത്ത് ഏകദേശം അഞ്ച് മിനിറ്റ് മാത്രമേ ഇവർക്ക് പിടിച്ചുനിൽക്കാനായുള്ളൂ. എന്നാൽ എന്തായിരിക്കാം അവരെ ഇതിലേക്ക് നയിച്ചതെന്നും ഇത്തരം വസ്തുക്കളുമായി എങ്ങനെ അകത്തെത്താനായി എന്ന കാര്യവും വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഉത്തർപ്രദേശിൽനിന്നാണെന്ന് അവർ പറഞ്ഞതാണ് വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സുരക്ഷാസേന സഭയിൽ പരിശോധന നടത്തുകയാണെന്നും ഡീൻ പറഞ്ഞു.

പാർലമെന്റിൽ എംപിമാർ ഇരിക്കുന്നിടത്തേക്കാണ് യുവാക്കൾ ചാടിയതെന്നും ഉയരത്തിൽനിന്ന് ചാടിയിട്ടും പരുക്കേൽക്കാതിരിക്കണമെങ്കിൽ അവർക്ക് എന്തെങ്കിലും പരിശീലനം ലഭിച്ചിരിക്കാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ സുരക്ഷാ വീഴ്ചയുണ്ടാലുകയെന്നു പറഞ്ഞാൽ സർക്കാർ എത്ര പരാജയമാണെന്ന് മനസ്സിലാക്കാം. മുൻപ് പാർലമെന്റിൽ ഒരുപാട് നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യത്തെ ശിഥിലീകരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നതായും രാജ്‌മോഹൻ പ്രതികരിച്ചു.

സഭയിൽ പുക പടർന്നതിനു പിന്നാലെ എല്ലാവരും ഭയന്ന് ഓടുകയായിരുന്നുവെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. വലിയ സുരക്ഷാ വീഴ്ചയാണ് നടന്നത്. സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും രാഘവൻ പറഞ്ഞു. പാർലമെന്റ് ചരിത്രത്തിൽതന്നെ സുപ്രധാനമായ ഒരു ദിവസം ഇത്തരമൊരു സംഭവം നടന്നത് വലിയ വീഴ്ചയാണെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു.

സംഭവത്തിനു പിന്നാലെ സീനിയർ എംപിമാരെ പുറത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചതെന്ന് കോൺഗ്രസ് അംഗം രമ്യ ഹരിദാസ് പ്രതികരിച്ചു. സുരക്ഷാ ജീവനക്കാർ പരിശോധന നടത്തിയിട്ടും അവർ ഗ്യാസ് കാനിസ്റ്റർ എങ്ങനെ അകത്ത് എത്തിച്ചു എന്നറിയില്ല. പാർമെന്റിലെ ഗാലറിയും എംപിമാർ ഇരിക്കുന്ന ഫ്‌ളോറും തമ്മിലുള്ള അകലം കൃത്യമായി പഠിച്ച ശേഷമാണ് ഇവർ അകത്തെത്തിയത്. സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ട പ്രകാരം പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും രമ്യ കൂട്ടിച്ചേർത്തു.

ഇതിനിടെ പാർലമെന്റിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അന്മോൽ, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പുറത്ത് നിന്ന് പിടിയിലായത്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെന്റിന് അകത്തേക്ക് കളർ സ്‌പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെന്റ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.