- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്; ചെയർമാന്റെ പെരുമാറ്റം ഏകാധിപതിയെ പോലെ; ഒന്നുകിൽ തിരുത്തണം, അല്ലെങ്കിൽ പുറത്താക്കണം'; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ; രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് രഞ്ജിത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ തുറന്നടിച്ച് അക്കാദമി കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയിൽ ആണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങൾ ആരോപിച്ചു. തങ്ങൾക്ക് ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവർ വ്യക്തമാക്കി. മുണ്ടിന്റെ അറ്റം പിടിച്ച് ആറാം തമ്പുരാനായി ചെയർമാൻ നടക്കുന്നതുകൊണ്ടല്ല ഫെസ്റ്റിവൽ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയർമാൻ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്‌സിക്യുട്ടീവ് മെമ്പർമാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയർമാൻ അല്ലെന്നും അതോററ്റിയും ചെർമാൻ അല്ലെന്നും കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്‌കെ നടക്കുന്ന സാഹചര്യത്തിൽ, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാൻ തങ്ങൾക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാൽ ചെയർമാന്റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കി.
രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശുദ്ധ കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിങ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
രഞ്ജിത്ത് നടത്തിയ വാർത്താ സമ്മേളനത്തേയും അവർ വിമർശിച്ചു. 'രഞ്ജിത്ത് വാർത്താ സമ്മേളനം നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഞങ്ങളോടൊരുവാക്ക് പറഞ്ഞില്ല. ഈ രീതിയിലുള്ള ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ഭൂഷണമല്ല. സർക്കാരിനേയും അപകീർത്തിപ്പെടുത്തുന്ന കാര്യമാണിത്. നമ്മളൊരിക്കലും അക്കാദമിക്ക് എതിരല്ല. ചെയർമാനും എതിരല്ല. അദ്ദേഹത്തിന്റെ ബോറായ മാടമ്പിത്തരത്തിനാണ് എതിരുനിൽക്കുന്നത്. ഒന്നുകിൽ അദ്ദേഹം തിരുത്തണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. ഇതിലൊരു വിട്ടുവീഴ്ചയും ഇല്ല. ഇത് അക്കാദമി സുഗമമായി മുന്നോട്ടുപോകാൻവേണ്ടിയാണ്.'
'നല്ല രീതിയിൽ നടന്നുവരുന്ന ചലച്ചിത്രോത്സവമാണ്. ഏകാധിപതിയെ പോലെയാണ് രഞ്ജിത് സംസാരിക്കുന്നത്. കൗൺസിലിലേക്ക് ആളെ എടുക്കുന്നത് ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടത്. മേളയിൽ ഓരോ അംഗങ്ങൾക്കും ഓരോ ചുമതല കൊടുത്തിരുന്നു. അതെല്ലാം അവർ ഭംഗിയായി നിറവേറ്റുന്നുണ്ട്. ഇതിനിടയിൽ കുക്കു പരമേശ്വരൻ എന്ന അംഗത്തിന് ഒരു പ്രശ്‌നംവന്നു. ഇക്കാര്യം വളരെ കൃത്യമായി അറിയിക്കേണ്ടിടത്ത് അറിയിച്ചു. ഇതിനുശേഷം ചെയർമാൻ അവരെ വിളിച്ച് ഏകപക്ഷീയമായി പറയുകയാണ് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തി പോയ്‌ക്കോളാൻ. ഇത് അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരൊന്നുമല്ലല്ലോ. ചെയർമാനെ പോലെ തന്നെ അവരേയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്. ചെയർമാന്റെ നടപടികളിൽ എല്ലാ അംഗങ്ങൾക്കും എതിർപ്പുണ്ട്. പക്ഷേ പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.'
അക്കാദമിയുടെ 15 അംഗങ്ങളിൽ ഒൻപത് പേരാണ് കഴിഞ്ഞദിവസത്തെ സമാന്തരയോഗത്തിൽ പങ്കെടുത്തത്. രഞ്ജിത് നടത്തുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾക്കെല്ലാം തങ്ങളും കൂടിയാണ് സമാധാനം പറയേണ്ടത്. അയാൾക്ക് എല്ലാവരേയും പുച്ഛമാണ്. അംഗങ്ങൾ ഓരോരുത്തരേയും വ്യക്തിപരമായി ഫോൺവിളിച്ച് പിന്മാറ്റാൻ ശ്രമിക്കുന്നത് മാടമ്പിത്തരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കുക്കു പരമേശ്വരനെ വിളിച്ചിട്ട് ഇല്ല. പത്രസമ്മേളനം നടക്കുന്നതിന് മുന്നേ ഒന്ന് വിളിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരായാണ് സംസാരിക്കുന്നത്. കുക്കു പരമേശ്വരന് ആരോഗ്യപരമായിട്ടുള്ള പ്രശ്‌നങ്ങളുണ്ട്. ഒരു സുപ്രഭാതത്തിൽ ചെയർമാൻ വിളിച്ച് വരണ്ട എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ജനാധിപത്യപരമായല്ല ചെയർമാൻ കാര്യങ്ങൾ നടപ്പിലാക്കുന്നത്. ചെയർമാനോട് യതൊരു വിധേയത്വവുമില്ല. അസംബന്ധമാണ് രഞ്ജിത്ത് വിളമ്പുന്നത്. എല്ലാരോടും പുച്ഛമാണ് രഞ്ജിത്തിനുള്ളതെന്നും കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.
അക്കാദമിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പത് പേരും ചെയർമാന് എതിരാണ്. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രഞ്ജിത്ത്.തുടരേണ്ടെന്ന് സർക്കാർ പറഞ്ഞാൽ ഇറങ്ങിപ്പോകുമെന്ന് സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെ തന്റെ രാജിവാർത്തയും രഞ്ജിത്ത് നിഷേധിച്ചു.
സംവിധായകൻ ഡോ. ബിജുവിനെതിരെ നടത്തിയ വിവാദ പരാമർശത്തിലും വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തി. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നു രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്നു നടത്തിയ സൗഹൃദ സംഭാഷണമാണെന്നും പറഞ്ഞു.
''വീടിന്റെ വാതിൽ ഞാൻ അടയ്ക്കാറില്ല. പത്രക്കാർ വന്നപ്പോൾ സൗഹാർദത്തിൽ സംസാരിച്ചു. ആ അഭിമുഖത്തിൽ ശരിയായി വസ്ത്രംപോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു പറഞ്ഞിരുന്നു. ഡോ.ബിജുവിനെ കുറിച്ച് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ല. ഞാൻ രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും.'' രഞ്ജിത് വ്യക്തമാക്കി.
അഭിമുഖത്തിൽ രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നു പ്രതികരിച്ച മന്ത്രി സജി ചെറിയാൻ വിഷയത്തിൽ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനിൽനിന്നു ഡോ.ബിജു കഴിഞ്ഞദിവസം രാജിവച്ചു.


