വത്തിക്കാൻ: ഗുരുതരമായ ബ്രോങ്കൈറ്റീസ് രോഗത്തിന്റെ പിടിയിൽ നിന്നും പോപ്പ് ഫ്രാൻസിസ് മുക്തി നേടി വരവെ, മാർപാപ്പയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പോപ്പ് ഫ്രാൻസിസിനെ 2021 ൽ രണ്ടു തവണയും പിന്നീട് കഴിഞ്ഞ് ജൂണിലും ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ വ്യാജരേഖകൾ ചമച്ചതിന് അന്വേഷണം നടക്കുന്നു എന്നതാണ് ആ റിപ്പോർട്ട്. ശസ്ത്രക്രിയ സമയത്ത് തീയറ്ററിൽ ഇല്ലാതിരുന്ന സർജൻ, താൻ ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് രേഖകളിൽ ഒപ്പു വച്ചു എന്നതാണ് കേസ്.

റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ സർജനായ സെർജിയോ ആൽഫെറിക്കെതിരെ റോമൻ പ്രോസിക്യുട്ടർമാർ അന്വേഷണം ആരംഭിച്ച വിവരം ഇറ്റാലിയൻ ദിനപ്പത്രമായ ലാ സ്റ്റാംപയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022-ൽ ആയിരുന്നു സർജൻ, കേസിനാസ്പദമായ രേഖകളിൽ ഒപ്പുവച്ചത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. 2022 ജൂലായ്ക്കും ഡിസംബറിനും ഇടയിലായി തയ്യാറാക്കിയ ആ രേഖ്കകൾ പക്ഷെ മാർപ്പാപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളല്ല.

താൻ പരിശുദ്ധനാണ് എന്നു മാത്രമാണ് ഈ കേസിനെ കുറിച്ച് ഇതുവരെ സർജൻ പ്രതികരിച്ചിട്ടുള്ളത്. 2021-ൽ ആയിരുന്നു ആൽഫെറി ആദ്യമായി മാർപ്പാപ്പക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. അന്ന് പോപ്പിന്റെ, 13 ഇഞ്ചോളം വൻ കുടൽ ഭാഗം നീക്കം ചെയ്തിരുന്നു. ഫുരുതരമായ വീക്കം ബാധിച്ചതിനെ തുടർന്നായിരുന്നു അത് എന്നാണ് വത്തിക്കാന്റെ ഔദ്യോഗിക ഭാഷ്യം. പിന്നീട് കോളൻ ഭിത്തിയിലെ മുഴകൾ നീക്കം ചെയ്യുന്നതിനായി ജൂണിലും പോപ്പിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ജൂണിൽ, മാർപ്പാപ്പ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുമ്പോൾ ആൽഫെറിയായിരുന്നു ജെമെല്ലി ആശുപത്രിയിൽ നിന്നും മാധ്യമങ്ങൾക്ക് മുൻപിൽ മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകീയിരുന്നത്. ചിലപ്പോഴൊക്കെ വത്തിക്കാൻ വക്താവും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമായിരുന്നു. മാധ്യമ റിപ്പോർട്ട് അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു സർജനെതിരെയുള്ള അന്വേഷണം ആരംഭിച്ചത്.

പൊതുജനങ്ങളുടെ ആരോഗ്യത്തിനെതിരെ നടത്തുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സൈനിക പൊലീസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും റിപ്പോർട്ടിൽ പറയുന്നു. പല സന്ദർഭങ്ങളിലും ആൽഫെറി, ആശുപത്രി രേഖകളിൽ ഒപ്പ് വച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുമെങ്കിലും, ശസ്ത്രക്രിയയിൽ പങ്കെടുക്കാറില്ല എന്നാണ് ആരോപണം.

എന്നാൽ, ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ചതുകൊണ്ട് ആൽഫെറിക്ക് എന്തായിരുന്നു നേട്ടം എന്നോ,എന്തിന് വേണ്ടിയായിരുന്നു അദ്ദേഹം അത് ചെയ്തതെന്നോ മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നില്ല.