വത്തിക്കാൻ: മാർപാപ്പയുടെ മുൻ ഉപദേഷ്ടാവും ഒരു കാലത്ത് കത്തോലിക്ക സഭയുടെ ഏറ്റവും ഉന്നതമായ പദവിയിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തിയുമായ കർദിനാൾ ആഞ്ചെലോ ബെക്കിയു സാമ്പത്തിക കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ വത്തിക്കാൻ ക്രിമിനൽ കോടതിക്ക് മുൻപിൽ കുറ്റാരോപിതനായി വിചാരണ നേരിടേണ്ടി വന്ന ഏറ്റവും ഉയർന്ന കത്തോലിക്ക പുരോഹിതനാണ് ആഞ്ചെലൊ ബെക്കിയൂ.

സാമ്പത്തിക തിരിമറീയും തട്ടുപ്പുമാണ് ഈ പുരോഹിതന് മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. കുറ്റം ചെയ്തതായി കണ്ടെത്തിയ വത്തിക്കാൻ ക്രിമിനൽ കോടതി ഇയാളെ അഞ്ചര വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഈ ശിക്ഷ ഉടനെ അനുഭവിക്കേണ്ടി വരാൻ സാധ്യതയില്ല. തന്റെ കക്ഷി നിരപരാധിയാണെന്നും വിധിക്കെതിരെ അപ്പീലിന് പോകുമെന്നും ബെക്കിയൂയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബെക്കിയു ഉടനടി ജയിലിൽ പോകാൻ ഇടയില്ല.

അധികാര ദുർവിനിയോഗം, തട്ടിപ്പ്, തട്ടിപ്പിലൂടെ കിട്ടിയ പണം അനധികൃതമായി കടത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടിരുന്ന 10 പ്രതികളും കുറ്റം നിഷേധിച്ചിരുന്നു. ഇതിൽ ബെക്കിയുവിന്റെ മുൻ സെക്രട്ടറി ആയ ഫാദർ മൗറോ കാർലിനോവിനെ മാത്രമായിരുന്നു കോടതി പ്രസിഡണ്ട്, എല്ലാ കേസുകളിൽ നിന്നും മുക്തനാക്കിയത്. ബെക്കിയു ഉൾപ്പടെ മറ്റു പ്രതികൾക്കെല്ലാം തന്നെ ഒരു കേസിൽ അല്ലെങ്കിൽ മറ്റൊന്നിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്.

സഭയുടെ ഉന്നത തലങ്ങളിൽ ഉള്ള കിടമത്സരങ്ങളും ആഭ്യന്തര കലഹങ്ങളുമൊക്കെ മറനീക്കി പുറത്തുകൊണ്ടു വന്ന വിചാരണ ഏതാണ്ട് രണ്ടര വർഷം കൊണ്ട് 86 സെഷനുകളായാണ് പൂർത്തിയാക്കിയത്. ലണ്ടനിലെ ഒരു കെട്ടിടം വാങ്ങിയതുമായി സംബന്ധിച്ചുള്ളതായിരുന്നു പ്രധാന ആരോപണം. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ എല്ലാവരും തന്നെ അപ്പീലിൽന് പോകും എന്നാണ് അറിയാൻ കഴിയുന്നത്.