സ്പെയിനിലെ ബെനിഡോം റിസോർട്ടുകളുടെ മാതൃകയിലുള്ള ബീച്ച് റിസോർട്ടുകൾ ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് ഉയരുന്നു. ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് യുനിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇത് പണിതിരിക്കുന്നത്. വാട്ടർ പാർക്കുകൾ, ഹോട്ടലുകൾ, എയർ ഫീൽഡ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ റിസോർട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തന ക്ഷമമാകും.

സ്പെയിനിലെ കോസ്റ്റാ ബ്ലാൻകയിലേക്ക് 2017-ൽ ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ ഒരു യാത്ര നടത്തിയിരുന്നു. അവിടെ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇപ്പോൾ റിസോർട്ടുകൾ കെട്ടിയുയർത്താൻ കിം തയ്യാറായത്. വിദേശനാണ്യം നേടാനും രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഈ പദ്ധതി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. പിന്നീറ്റ് കോവിഡിന്റെ ആരംഭത്തോടെ ഇടക്ക് വെച്ച് പണി നിർത്തേണ്ടതായി വന്നു.

2020 ന് മുൻപെടുത്ത ചിത്രങ്ങളിൽ അംബരചുംബിയായ ഹോട്ടലുകളും കടലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന വില്ലകളും കാണാം. പടിഞ്ഞാറൻ തീരത്താണ് ഇവ പണിതിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനങ്ങളുടെ മനസ്സിൽ ഉത്തര കൊറിയയെ കുറിച്ചുള്ള പ്രതിച്ഛായയല്ല എവിടെ വരുമ്പോൾ അനുഭവപ്പെടുക എന്ന് ഇവിടേക്ക് ടൂറിസം പാക്കേജുകൾ ഒരുക്കുന്ന ജെയിംസ് ഫിന്നെർട്ടി പറയുന്നു. തലസ്ഥാനമായ പ്യോംഗ്യാംഗിനേക്കാൾ കുറച്ചു കൂടി അയവുള്ളതാണ് ഇവിടത്തെ അന്തരീക്ഷം എന്നും അയാൾ പറയുന്നു.

എന്നാൽ, ഒട്ടു മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാർ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ്. യു കെ വിദേശകാര്യ ഓഫീസ് നൽകുന്ന ഉപദേശം അത്യാവശ്യമല്ലാത്ത യാത്രകൾ ഉത്തര കൊറിയയിലേക്ക് നടത്താതിരിക്കുക എന്നാണ്. തലസ്ഥാന നഗരത്തിലെ ദൈനംദിന ജീവിതം ശാന്താമായാണ് കാണപ്പെടുന്നതെങ്കിലും സുരക്ഷാ പ്രശ്നം ഏത് സമയവും ഉണ്ടായേക്കാമെന്നും ഫോറിൻ ഓഫീസ് പറയുന്നു.

മാത്രമല്ല, അധികൃതരുടെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടികൾ ഉണ്ടാകുന്നതിന് മുൻപായി മുൻകൂർ അറിയിപ്പും ഉണ്ടാകില്ല. ഇത് ബ്രിട്ടീഷ് സന്ദർശകരുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കുമെന്നും ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.