കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ച സംഭവത്തിൽ ഗവർണറുടെ സന്ദർശനത്തിനെതിരെ ആരോപണവുമായി സിപിഎം. ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ഗവർണർ മാനാഞ്ചിറയിൽ എത്തുന്നതിന് അഞ്ചു മിനിറ്റു മുൻപായിരുന്നു സംഭവം. ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തിയ 12.36നായിരുന്നു. കുഴഞ്ഞുവീണ അശോകൻ അടിയോടിയെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗവർണർ കാരണം ഗതാഗത തടസ്സമുണ്ടായതാണ് ഇയാൾ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർ ഏറ്റെടുക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ഗവർണർ എത്തിയിരുന്നില്ലെങ്കിലും ഗവർണറുടെ വാഹവ്യൂഹം എത്തിയതിനെതുടർന്ന് ഗതാഗത തടസമുണ്ടായത് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഗവർണർ മിഠായിത്തെരുവിൽ എത്തിയതു നിമിത്തമുണ്ടായ അപ്രതീക്ഷിത ജനത്തിരക്കും ഗതാഗത തടസ്സവും നിമിത്തം ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് സിപിഎം ആരോപിച്ചു. പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന പ്രഖ്യാപനവുമായി ഇന്ന് ഉച്ചയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നത്. ഇതിനു തൊട്ടുമുൻപാണ് അശോകൻ കുഴഞ്ഞുവീണത്.

എൽഐസി ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെയാണ് അശോകൻ കുഴഞ്ഞുവീണത്. ഗവർണറുടെ അപ്രതീക്ഷിത മിഠായിത്തെരുവു സന്ദർശനം നിമിത്തമുണ്ടായ ഗതാഗത തടസ്സത്താൽ അശോകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം. 12.55ഓടെയാണ് അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്നിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ചാണ് കോഴിക്കോട് മിഠായിത്തെരുവിലെത്തിയത്. താൻ ഹൽവ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. നഗരത്തിലെത്തിയ ഗവർണർ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയിൽ നിന്ന് ഹൽവ രുചിക്കുകയും ചെയ്തു.

കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയെന്ന് സന്ദർശനത്തിന് പിന്നാലെ ഗവർണർ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവർണർ പറഞ്ഞു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെൽഫിയെടുത്തും ഗവർണർ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15-ഓടെയാണ് അദ്ദേഹം മിഠായിത്തെരുവിൽ നിന്ന് മടങ്ങിയത്.