കോഴിക്കോട്: എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാർ വേദിയിൽ നിന്നും വിട്ടുനിന്ന് വൈസ് ചാൻസലർ. ഗവർണർ ഉദ്ഘാടകനായ യൂണിവേഴ്സിറ്റി സനാതന ധർമപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേർന്നു നടത്തിയ സെമിനാറിൽ നിന്നുമാണ് വൈസ് ചാൻസലർ എംകെ ജയരാജ് വിട്ടുനിന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

സെമിനാറിൽ അധ്യക്ഷനാകേണ്ടിയിരുന്നത് വൈസ് ചാൻസലർ എം.കെ ജയരാജായിരുന്നു. വി സി പങ്കെടുക്കാതിരുന്ന പരിപാടിയിൽനിന്നും പ്രോ വൈസ് ചാൻസലറും വിട്ടുനിന്നു. വി സിയുടെ അഭാവത്തിൽ സ്വാമി ചിദാനന്ദപുരിയാണ് പരിപാടിക്ക് അധ്യക്ഷത വഹിച്ചത്.

ഗവർണർ പരിപാടിയിൽ പങ്കെടുക്കുമ്പോൾ കീഴ്‌വഴക്കം പ്രകാരം വൈസ് ചാൻസലർ അധ്യക്ഷത വഹിക്കേണ്ടതാണെന്നും എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. വിസി പങ്കെടുക്കുന്നില്ലെങ്കിൽ പകരം പ്രോ വൈസ് ചാൻസലറെ അയക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്കുശേഷം ഇതേക്കുറിച്ച് ഗവർണറോടു മാധ്യമങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

ക്യാംപസിൽ സനാതന ധർമ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിനായാണ് പ്രധാനമായും ഗവർണർ കോഴിക്കോട്ട് എത്തിയത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ തങ്ങുന്നതും. പരിപാടി നടക്കവേ വൻ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ സെമിനാർ ഹാളിനു പുറത്ത് നിലയുറപ്പിച്ചിരുന്നു. സെമിനാർ ആരംഭിക്കുന്നതിനു മുൻപും എസ്എഫ്‌ഐക്കാർ ക്യാംപസിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

നൂറ് കണക്കിന് എസ്.എഫ്.ഐ. പ്രവർത്തകരെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം പൊലീസ് തടഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതിനിടെ എസ്.എഫ്.ഐ. ഗുണ്ടകളുടെ സംഘടനയാണെന്ന് സെമിനാറിൽ പങ്കെടുക്കാൻ വേദിയിൽ കയറുന്നതിന് തൊട്ടുമുമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ. പ്രവർത്തകരെ പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രിയാണ് അയക്കുന്നതെന്ന് ഗവർണർ ആവർത്തിച്ച് ആരോപിച്ചു.

കോഴിക്കോട്ടെ തെരുവുകളിൽ രണ്ടുമണിക്കൂർ നേരം ചെലവഴിച്ച തനിക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും എവിടെയും ഉണ്ടായില്ല. ഇവിടെ മാത്രം പ്രതിഷേധിക്കുന്ന 200 ഓളം വരുന്ന എസ്എഫ്ഐക്കാർ ക്രിമിനലുകളും ഗുണ്ടകളുമാണെന്നും ഗവർണർ പറഞ്ഞു.

ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിലേക്ക് ബാരിക്കേട് മറികടന്ന് അകത്തുകയറാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലൂടെ കയറാനും എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചെങ്കിലും അവരെ പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് ഗവർണറുടെ സുരക്ഷയ്ക്കായി സർവകലാശാല ക്യാമ്പസിൽ നിയോഗിച്ചത്.

നൂറുകണക്കിന് എസ്എഫ്‌ഐ പ്രവർത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും ഗവർണർക്കെതിരായ മുദ്രാവാക്യങ്ങളുമായി പരീക്ഷാ ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിനിടയിൽ ഒരവിഭാഗം പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഗവർണർ സെമിനാറിൽ പങ്കെടുക്കാനായി പോയത്.കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഡവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാർ നടത്തിയത്. സെമിനാർ അവസാനിച്ചശേഷം ഗവർണർ ഇന്നുരാത്രി എട്ടോടെ തിരുവനന്തപുരത്തേക്കു തിരിക്കും.