- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്രസർക്കാർ; ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം; യാത്രാനിയന്ത്രണങ്ങളടക്കം ഏർപ്പെടുത്തണം; അവലോകനയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. യാത്രാനിയന്ത്രണങ്ങളടക്കം ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
നിരീക്ഷണവും പരിശോധനയും ഊർജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്ളൂ എന്നിവയുടെ ജില്ലാതല കണക്കുകൾ കേന്ദ്രത്തിന് നൽകണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രിമാർ, മന്ത്രാലയം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വർധനവും യോഗം ചർച്ച ചെയ്യും.
കേരളത്തിൽ അടക്കം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആളുകൾക്കിടയിൽ ആശങ്കയും വ്യാപകമാവുകയാണ്. എന്നാൽ അത്രമാത്രം ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രിയും വകുപ്പും വ്യക്തമാക്കുന്നത്.
ഡിസംബർ 8നാണ് കേരളത്തിൽ കോവിഡ്-19 ന്റെ ഏറ്റവും പുതിയ വകഭേദമായ JN.1 സ്ഥിരീകരിക്കുന്നത്. കോവിഡിന്റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. 2023 സെപ്റ്റംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ കണ്ടെത്തിയ JN.1 വകഭേദം മുൻപ് കണ്ടെത്തിയ BA.2.86 ന്റെ പിൻഗാമിയാണ്. നവംബർ 18-ന് നടത്തിയ ആർടി-പിസിആർ പരിശോധനയിൽ കേരളത്തിലെ 79 വയസ്സുള്ള ഒരു സ്ത്രീക്ക് JN.1 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇൻഫ്‌ളുവൻസ പോലെയുള്ള രോഗാവസ്ഥയുടെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടെങ്കിലും അവർ അണുബാധയിൽ നിന്ന് വിജയകരമായി സുഖം പ്രാപിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഓമിക്രോൺ എന്ന കോവിഡ് വൈറസ് വകഭേദത്തെ കുറിച്ച് ഏവർക്കും അറിയുമായിരിക്കും. ഇതിൽ നിന്ന് ജനിതകമാറ്റങ്ങൾ സംഭവിച്ച് ഒടുവിലെത്തി നിൽക്കുന്നൊരു വകഭേദം ആണ് ഇപ്പോൾ കോവിഡ് കേസുകൾ ഉയർത്താൻ ഇടയായ ജെ എൻ 1 എന്ന വൈറസ്. ഇത് എത്രത്തോളം തീവ്രമായി നമ്മെ ബാധിക്കും, എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ?, എത്ര വേഗതയിലാണ് ഈ വൈറസ് പടരുക? തുടങ്ങി പല ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വകഭേദങ്ങളിൽ പെട്ടതായതിനാൽ തന്നെ പരിമിതമായ അറിവുകളാണ് ജെ എൻ 1നെ കുറിച്ച് ലഭ്യമായിട്ടുള്ളത്. ഇത് നമ്മെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന തരത്തിൽ ബാധിക്കുന്നൊരു വൈറസല്ല എന്നതാണ് ആദ്യമേ ഗവേഷകർ അറിയിക്കുന്നത്. അതേസമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവർ തീർച്ചയായും ജാഗ്രത പാലിക്കണം. കാരണം ഇത്തരക്കാരിൽ വൈറസിന്റെ പ്രവർത്തനം വ്യത്യാസപ്പെടാം.
നമ്മുടെ പ്രതിരോധശേഷിയെ മറികടന്നുകൊണ്ട് ശരീരത്തിൽ പ്രവേശിക്കാൻ ഈ വൈറസിന് കഴിയും. അതുകൊണ്ട് തന്നെ മുമ്പ് കോവിഡ് ബാധിച്ചവരിലോ, വാക്‌സിൻ എടുത്തവരിലോ എല്ലാം ഇത് പ്രവേശിക്കാം. രോഗം ബാധിച്ചതിലൂടെയോ വാക്‌സിനെടുത്തതിലൂടെയോ കോവിഡ് വൈറസിനെതിരെ പ്രതിരോധം നേടിയിട്ടുണ്ട് എന്നതുകൊണ്ട് ഇതിൽ കാര്യമില്ലെന്ന് അർത്ഥം.
ഇതിന്റെ ലക്ഷണങ്ങളിലേക്ക് വന്നുകഴിഞ്ഞാൽ നേരത്തെയുള്ള കോവിഡ് ലക്ഷണങ്ങളുടേതിന് സമാനമാണ് അധികലക്ഷണങ്ങളും. പക്ഷേ ഒരു ലക്ഷണം ജെ എൻ 1ൽ കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഗവേഷകർ അറിയിക്കുന്നു. അത് വയറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ദഹനമില്ലായ്മ, വയറുവേദന, വയറിളക്കം എല്ലാം ഇത്തരത്തിൽ കാണാമത്രേ.
എന്തായാലും പ്രാഥമികമായി ഇത് പേടിക്കേണ്ട വകഭേദം അല്ല എന്നാണ് വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പഠനം സജീവമായി മുന്നോട്ട് പോയാലേ കൂടുതൽ വ്യക്തത കൈവരൂ എന്നും ഇവർ ഓർമ്മിപ്പിക്കുന്നുണ്ട്. നിലവിൽ അമേരിക്കയിൽ ആകെയുള്ള കോവിഡ് കേസുകളിൽ 15- 29 ശതമാനവും ജെ എൻ 1 മൂലമുള്ളതാണത്രേ. എന്നാൽ അവിടെ അതിന് അനുസരിച്ചൊരു എമർജൻസി സാഹചര്യം ഉണ്ടായിട്ടുമില്ല. ഇതും ആശ്വാസം പകരുന്നൊരു വസ്തുതയായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൾ ലോകം വീണ്ടും ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. എന്നാൽ, ഈ ആഗോള ആശങ്കകൾക്കിടയിൽ ഉറപ്പുമായി ചൈനയും രംഗത്തെത്തിയിരിക്കുകയാണ്. അതായത്, ഇപ്പോൾ ചൈനയിൽ പടരുന്ന ശ്വാസകോശ സംബന്ധിയായ രോഗത്തിന്റെ നിരീക്ഷണ സമയത്ത് അജ്ഞാത വൈറസുകളോ ബാക്ടീരിയകളോ കണ്ടെത്തിയില്ല എന്നാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (ചൈന സിഡിസി) റിസർച്ച് ഫെലോ ആയ ചാങ് ഷാവോറുയി വ്യക്തമാക്കുന്നത്.
അതേസമയം, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കുതിച്ചുചാട്ടവും പുതിയ JN.1 കോവിഡ് ഉപ വകഭേദത്തിന്റെയും പശ്ചാത്തലത്തിൽ, വൈറസ് വികസിക്കുകയും ഒപ്പം വളരെ വേഗം മാറുകയും ചെയ്യുന്നുവെന്നും അതിനാൽ ശക്തമായ നിരീക്ഷണവും വിവരങ്ങൾ പങ്കുവയ്ക്കലും ആവശ്യമാണ് എന്ന് അംഗരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. ലോകാരോഗ്യ സംഘടന (WHO) വൈറസിന്റെ വികസിച്ചുകൊണ്ടിരിക്കുന്നതും മാറുന്നതുമായ സ്വഭാവത്തെയും ഊന്നിപ്പറയുന്നു, ശക്തമായ നിരീക്ഷണം നിലനിർത്താനും സീക്വൻസിങ് ഡാറ്റ പങ്കിടാനും സംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.


